ഓഗസ്റ്റ് 20-ന് പുനൈയിൽനിന്ന് യാത്ര ആരംഭിച്ച അദ്ദേഹം 10 ദിവസങ്ങൾക്കുശേഷം ലക്ഷ്യസ്ഥാനത്തെത്തി. വഴിയിലുണ്ടായ കനത്ത മഴ, മണ്ണിടിച്ചിൽ തുടങ്ങിയ തടസ്സങ്ങൾ അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിനുമുന്നിൽ വഴിമാറി. ജമ്മു, ശ്രീനഗർ, ദ്രാസ്, കാർഗിൽ, ലേ, ന്യോമ, ഹാൻലെ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് റോയ് ഉംലിങ് ലായിൽ എത്തിയത്. യാത്രാമധ്യേ കാർഗിൽ യുദ്ധ സ്മാരകത്തിലും ബഡ്ഗാം യുദ്ധ സ്മാരകത്തിലും (1947-48) അദ്ദേഹം സന്ദർശനം നടത്തി. വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
ഏകദേശം 30 വർഷം രാജ്യത്തെ സേവിച്ച സോഹൻ റോയ്, ഖാർദുങ് ലായിലെത്തിയ ഏറ്റവും പ്രായം കൂടിയ യാത്രികൻ എന്ന നിലയിൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയിട്ടുണ്ട്. കൂടാതെ, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും അദ്ദേഹത്തിന് സ്ഥാനമുണ്ട്. തന്റെ യാത്രകളിലൂടെ യുവതലമുറയെ സൈന്യത്തിൽ ചേരാൻ പ്രേരിപ്പിക്കുകയാണ് അദ്ദേഹം.
തന്റെ ഉംലിങ് ലാ യാത്രയുടെ ചിത്രങ്ങളും വീഡിയോകളും റോയൽ എൻഫീൽഡ് ക്ലാസിക് 500-നൊപ്പം നിൽക്കുന്ന ചിത്രങ്ങളും സോഹൻ റോയ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. "നോർബു ലാ ടോപ്പ് വഴി ഉംലിങ് ലാ ഇന്ന് കീഴടക്കി. ഏറെ നാളത്തെ കാത്തിരിപ്പായിരുന്നു. നിങ്ങളുടെ എല്ലാവരുടെയും പിന്തുണയ്ക്കും പ്രചോദനത്തിനും നന്ദി." എന്ന് അദ്ദേഹം കുറിച്ചു. ഈ പോസ്റ്റിന് നിരവധി ലൈക്കുകളും കമന്റുകളും ലഭിക്കുന്നുണ്ട്.