92 കാരനായ ഗുയെൻ വാൻ ചീൻ ആണ് മുടിവെട്ടാതെ എൺപത് വർഷക്കാലത്തിലധികമായി ജീവിച്ചുകൊണ്ടിരിക്കുന്നത്. വിയറ്റ്നാമിലെ സതേൺ മെകോങ് ഡെൽറ്റ പ്രവിശ്യയിലാണ് ഈ മനുഷ്യനുള്ളത്. ഇന്ന് ചീൻ അപ്പൂപ്പന്റെ മുടിയുടെ നീളം അഞ്ച് മീറ്ററിൽ കൂടുതലാണ്.
അഞ്ച് മീറ്റർ നീളമുള്ള മുടി ഡ്രെഡ് ലോക്ക് ചെയ്ത് വെച്ചിരിക്കുകയാണ് അപ്പൂപ്പൻ. മുടിവെട്ടാതിരിക്കാൻ ചീൻ അപ്പൂപ്പന് കാരണവുമുണ്ട്. അത് ഇങ്ങനെ,
"മുടി വെട്ടിയാൽ ഞാൻ മരിച്ചു പോകുമെന്നാണ് കരുതുന്നത്. അതിനാൽ മുടിയിൽ തൊടാൻ പേടിയാണ്. ചീകുക പോലുമില്ല."-ചീൻ പറയുന്നു.
advertisement
അപൂർവ വളർച്ചയുള്ള മുടി വൃത്തിയായി കെട്ടിവെച്ചാണ് നടപ്പ്. ഉച്ചിയിൽ കെട്ടിവെച്ച് തുണി കൊണ്ട് മറച്ചു വെക്കും.
ഏഴ് ദൈവങ്ങളേയും ഒമ്പത് ശക്തികളേയും ആരാധിക്കുന്നയാളാണ് ചീൻ. മുടി വെട്ടരുതെന്ന് ഇദ്ദേഹത്തിന് ദൈവ കൽപ്പനയുണ്ടത്രേ. സ്കൂളിൽ പഠിക്കുമ്പോഴാണ് അവസാനമായി മുടി വെട്ടിയത്. അതിന് ശേഷം ചെറുതായി ട്രിം ചെയ്യാനോ ചീകാനോ എന്തിന് നനയ്ക്കാൻ പോലും ഇദ്ദേഹം തയ്യാറായിട്ടില്ല.
കുട്ടിക്കാലത്ത് കറുത്ത് ഇടതൂർന്ന മുടിയുണ്ടായിരുന്നതായി ചീൻ അപ്പൂപ്പൻ ഓർക്കുന്നു. ഒരുകാലത്ത് എന്നും മുടി ചീകിയൊതുക്കിയിരുന്ന ആളായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ദൈവ വിളിയുണ്ടായി. അതിന് ശേഷം മുടിയിൽ കൈവിച്ചിട്ടില്ല.
ചീൻറെ അഞ്ചാമത്തെ മകനായ ലൂം ആണ് മുടി പരിപാലിക്കാൻ ഇദ്ദേഹത്തെ സഹായിക്കുന്നത്. മുടി മുറിച്ചാൽ പിതാവ് മരണപ്പെടുമെന്ന് ഇയാളും വിശ്വസിക്കുന്നു. മുടി മുറിച്ചതിന് പിന്നാലെ ചിലർ മരിച്ച സംഭവവും അറുപത്തിരണ്ടുകാരനായ ലൂം പറയുന്നു.
വിയറ്റ്നാമിലെ കാലാഹരണപ്പെട്ട ദുവ ആചാരം പിന്തുടരുന്നയാളാണ് ചീൻ. ഈ മതത്തിനും പ്രത്യേകതയും കൗതുകവുമുണ്ട്. 'നാളീകേര മതം' എന്നാണ് ഇത് അറിയപ്പെടുന്നത്. നാളീകേരം മാത്രം കഴിച്ചാണ് ഈ മതത്തിന്റെ സ്ഥാപകൻ ജീവിച്ചിരുന്നത് എന്നാണ് വിശ്വാസം. അതെന്തായാലും അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു എന്ന ആരോപണത്തെ തുടർന്ന് വിയറ്റ്നാമിൽ ദുവ നിരോധിച്ചിരിക്കുകയാണ്.