എസ് സതീഷ് ആണ് ഒകാമിയെ വാങ്ങിയത്. നായകളുടെ സംരക്ഷണത്തിലും ബ്രീഡിംഗിലും താല്‍പ്പര്യമുള്ള ഇദ്ദേഹത്തിന് 150ലധികം ഇനങ്ങളില്‍പ്പെട്ട നായകള്‍ സ്വന്തമായുണ്ട്. പത്ത് വര്‍ഷം മുമ്പ് ഇദ്ദേഹം നായകളുടെ ബ്രീഡിംഗ് പൂര്‍ണമായി നിര്‍ത്തി. ഇപ്പോള്‍ വിവിധ പരിപാടികളില്‍ തന്റെ അപൂര്‍വ്വയിനം വളര്‍ത്തുമൃഗങ്ങളെ പ്രദര്‍ശിപ്പിച്ച് പണം സമ്പാദിക്കുകയാണ് ഇദ്ദേഹം.
ഇദ്ദേഹത്തിന്റെ ശേഖരത്തിലെ ഏറ്റവും പുതിയയിനമാണ് ഒകാമി. യുഎസില്‍ ബ്രീഡ് ചെയ്ത ഈ നായ ഫെബ്രുവരിയിലാണ് ഇന്ത്യയിലെത്തിയത്. നിലവില്‍ എട്ട് മാസം മാത്രമാണ് ഈ നായയുടെ പ്രായം. ഇതിനോടകം 75 കിലോഗ്രാം ഭാരവും 30 ഇഞ്ച് ഉയരവുമുണ്ട് ഒകാമിയ്ക്ക്.
advertisement
ചെന്നായയെ പോലെയിരിക്കുന്ന വളരെ അപൂര്‍വമായ നായയാണ് ഒകാമി എന്നാണ് സതീഷ് പറയുന്നത്. കൊക്കേഷ്യന്‍ ഷെപ്പേര്‍ഡ്-വൂള്‍ഫ് എന്നിവയുടെ സങ്കരയിനമാണ് ഒകാമി. ഉടമകള്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ പേരുകേട്ടവയാണ് കൊക്കേഷ്യന്‍ ഷെപ്പേര്‍ഡ് നായ. ജോര്‍ജിയ, അര്‍മേനിയ, അസര്‍ബൈജാന്‍, റഷ്യ എന്നിവിടങ്ങളില്‍ കൊക്കേഷ്യന്‍ ഷെപ്പേര്‍ഡിനെ കണ്ടുവരുന്നുണ്ട്. ചെന്നായ്ക്കളില്‍ നിന്നും കന്നുകാലികളെ സംരക്ഷിക്കാന്‍ കാവലിനായി ഈ നായ്ക്കളെ ഉപയോഗിക്കാറുണ്ട്.
കര്‍ണാടകയിലെ വിവിധ വേദികളില്‍ സതീഷ് ഒകാമിയെ പ്രദര്‍ശിപ്പിച്ചു. നിരവധി പേരാണ് നായയെ കണ്ട് അദ്ഭുതപ്പെട്ടത്. പലരും ഒകാമിയ്‌ക്കൊപ്പം ചിത്രങ്ങളെടുക്കാന്‍ തിരക്കുകൂട്ടിയെന്നും സതീഷ് പറഞ്ഞു. 30 മിനിറ്റ് നായയെ പ്രദര്‍ശിപ്പിക്കുന്നതിന് 2200 പൗണ്ട് (ഏകദേശം 2.45 ലക്ഷംരൂപ) മുതല്‍ അഞ്ച് മണിക്കൂറിന് 9000 പൗണ്ട് (10 ലക്ഷം രൂപ) വരെയാണ് ഇതിലൂടെ സതീഷ് നേടുന്നത്.
'' സിനിമാ പ്രദര്‍ശനത്തില്‍ നടന് ലഭിക്കുന്നതിനെക്കാള്‍ ശ്രദ്ധ എനിക്കും ഒകാമിയ്ക്കും ലഭിക്കുന്നു. ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നു,'' സതീഷ് പറഞ്ഞു.
ചൈനയിലെ ക്വിന്‍ലിംഗ് പാണ്ടയോട് സാമ്യമുള്ള ഒരു അപൂര്‍വ്വയിനം ചൗ ചൗ നായയും സതീഷിന്റെ കൈവശമുണ്ട്. കഴിഞ്ഞ വര്‍ഷം അദ്ദേഹം ഈ നായയെ 2.5 മില്യണ്‍ പൗണ്ടിന് (28 കോടിരൂപ) ആണ് വാങ്ങിയത്.
ഏഴ് ഏക്കറോളം വിസ്തൃതിയുള്ള കഡബോംസ് കെന്നല്‍സിലാണ് സതീഷിന്റെ എല്ലാ നായകളും കഴിയുന്നത്. അവയ്ക്ക് ചുറ്റി സഞ്ചരിക്കാനുള്ള സ്ഥലവും ഫാമിലുണ്ട്. ഈ ഫാമിന് ചുറ്റും പത്തടിനീളമുള്ള മതിലും നിര്‍മ്മിച്ചിട്ടുണ്ട്. നായ്ക്കളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ സിസിടിവിയും ഈ പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്.
'നായകള്‍ക്ക് ഓടാനും ചാടാനുമുള്ള സൗകര്യം ഫാമിലുണ്ട്. നായ്ക്കളെ പരിപാലിക്കാന്‍ 6 ജോലിക്കാരുമുണ്ട്. നല്ല തണുപ്പുള്ള കാലാവസ്ഥയായതിനാല്‍ അവയ്ക്ക് എയര്‍ കണ്ടീഷണറിന്റെ ആവശ്യമില്ല,'' സതീഷ് പറഞ്ഞു.
നായക്കള്‍ക്കായുള്ള പാക്കറ്റ് ഭക്ഷണങ്ങള്‍ നല്‍കാറില്ലെന്ന് സതീഷ് പറഞ്ഞു. അവയില്‍ സ്റ്റിറോയ്ഡ് അടങ്ങിയിട്ടുണ്ടെന്നും ഇത് നായ്ക്കളുടെ ആയുസ് കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. നായ്ക്കള്‍ക്ക് വേവിക്കാത്ത ഭക്ഷണമാണ് നല്‍കുന്നതെന്ന് സതീഷ് പറഞ്ഞു. ഒകാമിയ്ക്ക് ദിവസവും 3 കിലോ വേവിക്കാത്ത ഇറച്ചി നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.