2014 ജനുവരി 13-നായിരുന്നു ഇമ്രാൻ ഹാഷ്മിയുടെ ജീവിതം മാറ്റിമറിച്ച ആ സംഭവം. മകനോടൊപ്പം പിസ്സ കഴിച്ചുകൊണ്ടിരിക്കെയാണ് ആദ്യ ലക്ഷണം കണ്ടത്. കുട്ടിയുടെ മൂത്രത്തിൽ രക്തം കാണപ്പെട്ടതിനെത്തുടർന്ന് മൂന്ന് മണിക്കൂറിനുള്ളിൽ ഡോക്ടറെ സമീപിച്ചു. പരിശോധനകൾക്ക് ശേഷം മകന് ക്യാൻസർ ആണെന്നും അടുത്ത ദിവസം തന്നെ ശസ്ത്രക്രിയ വേണമെന്നും ഡോക്ടർ അറിയിച്ചു. വെറും 12 മണിക്കൂറിനുള്ളിൽ തന്റെ ലോകം മുഴുവൻ കീഴ്മേൽ മറിഞ്ഞുവെന്ന് ഇമ്രാൻ ഓർക്കുന്നു. അഞ്ച് വർഷത്തോളം നീണ്ട കഠിനമായ ചികിത്സകൾക്കൊടുവിൽ 2019ലാണ് മകൻ രോഗമുക്തനായത്.
advertisement
നീരജ് പാണ്ഡെ സംവിധാനം ചെയ്ത 'തസ്കരി: ദി സ്മഗ്ലേഴ്സ് വെബ്' എന്ന വെബ് സീരീസാണ് ഇമ്രാന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ഈ സീരീസിൽ കള്ളക്കടത്ത് സംഘങ്ങളെ തകർക്കുന്ന കരുത്തനായ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് താരം എത്തുന്നത്. ഇമ്രാൻ ഹാഷ്മിയും യാമി ഗൗതമും പ്രധാന വേഷങ്ങളിലെത്തിയ 'ഹഖ്' എന്ന കോർട്ട്റൂം ഡ്രാമയ്ക്കും നെറ്റ്ഫ്ലിക്സിൽ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
