ഇപ്പോഴിതാ, ഒരിക്കൽ അവസാനിപ്പിച്ച പ്രാഥമിക വിദ്യാഭ്യാസം തുടരാൻ തീരുമാനിച്ചിരിക്കുകയാണ് ഇന്ദ്രൻസ്. നാലാം ക്ലാസിൽ പഠനം നിർത്തിയ താരം, പത്താം ക്ലാസ് തുല്യതാ പഠനത്തിന് ചേർന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹൈസ്കൂളില്‍ എല്ലാ ഞായറാഴ്ചയുമാണ് ക്ലാസ്. 10 മാസമാണ് പഠന കാലയളവ്.
ജീവിതത്തിലെ പ്രാരാബ്ധങ്ങളെ തുടർന്നാണ് സുരേന്ദ്രൻ എന്ന ഇന്ദ്രൻസ് നാലാം ക്ലാസിൽ പഠനം നടത്തിയത്. പിന്നീട് തയ്യൽ ജോലിക്കാരനാകുകയും കുമാരപുരത്ത് സ്വന്തമായി ടെയിലറിങ് ഷോപ്പ് ആരംഭിക്കുകയും ചെയ്തു. അങ്ങനെയാണ് ഇന്ദ്രൻസ് സിനിമയിലേക്ക് വരുന്നത്.
advertisement
ഇപ്പോൾ പത്താം ക്ലാസ് തുല്യതാ ക്ലാസിന് ചേരാൻ ഇന്ദ്രൻസിന് അദ്ദേഹത്തിന്‍റേതായ കാരണങ്ങളുമുണ്ട്. വിദ്യാഭ്യാസം ഇല്ലെന്ന കാരണത്താൽ ദേശീയ സംസ്ഥാന അംഗീകാരം ലഭിച്ചിട്ടും പലയിടത്തും ഒരു പേടിയോടെ പിന്നോട്ട് വലിയുന്ന രീതിയാണ് ഇന്ദ്രൻസിന്‍റേത്. ആ പേടി മാറ്റാൻ കൂടിയാണ് ഇപ്പോൾ തുല്യതാ പഠനത്തിന് ചേരുന്നതെന്നാണ് ഇന്ദ്രന്‍സ് വ്യക്തമാക്കുന്നത്.
2018-ൽ ഇറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം ഇന്ദ്രന്‍സ് നേടിയിരുന്നു. 2019-ൽ വെയിൽമരങ്ങൾ എന്ന ചിത്രത്തിലൂടെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്ക്കാരം നേടി. ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരത്തിൽ പ്രത്യേക ജ്യൂറി പരാമർശവും ഇന്ദ്രന്‍സിന് ലഭിച്ചു.