ജൂലൈ 31-ന് എടുത്ത വീഡിയോ , മകൻ നവാസിൻ്റെ സോഷ്യൽ മീഡിയ പേജിലാണ് പങ്കുവെച്ചത്. ഒരു സിനിമയുടെ ചിത്രീകരണത്തിൽ നിന്നും ഇടവേളയെടുത്ത് ഭാര്യ രെഹ്നയ്ക്കൊപ്പം ഒരു വിവാഹത്തിൽ നവാസ് പങ്കെടുത്തിരുന്നു. ഈ രംഗങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. തന്റെ ഉമ്മയ്ക്കും വാപ്പച്ചിക്കും പരസ്പരം കണ്ടുമുട്ടാനും യാത്ര പറയാനും സാധിച്ച അവസാന നിമിഷങ്ങളായിരുന്നു അതെന്നും, അതാണ് അവസാന കാഴ്ചയെന്ന് ഉമ്മ ഒരിക്കലും കരുതിയിരുന്നില്ല എന്നും മകൻ കുറിച്ചു.
റിഹാൻ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ, 'പ്രിയരേ, ഇത് വാപ്പിച്ചി ഇടവേളയിൽ ഉമ്മിച്ചിക്ക് പാടി കൊടുത്ത പാട്ടാണ്. ജൂലൈ 31 ന് വാപ്പിച്ചിയും ഉമ്മിച്ചിയും പങ്കെടുത്ത ഒരു കല്യാണം. വാപ്പിച്ചി ഞങ്ങളെ വിട്ട് പോകുന്നതിന്റെ തലേദിവസം എടുത്ത വിഡിയോ. കല്യാണത്തിന് ലൊക്കേഷനിൽ നിന്നും വരാമെന്നു പറഞ്ഞെങ്കിലും പറഞ്ഞ സമയത്ത് വർക്ക് കഴിഞ്ഞില്ല. ഉച്ചക്ക് 12:30 ആയി. ആ സമയത്ത് വന്നാൽ കല്യാണം കഴിയുമെന്ന് വാപ്പിച്ചി പറഞ്ഞെങ്കിലും ഉമ്മിച്ചി സമ്മതിച്ചില്ല. വാപ്പിച്ചിയെ കാണാനുള്ള കൊതി കൊണ്ട് ഉമ്മിച്ചി വാശി പിടിച്ചു, ലൊക്കേഷനിലെ ഇടവേളയിൽ ഉമ്മിച്ചിയെ കാണാൻ വാപ്പിച്ചി ഓടിയെത്തി, വാപ്പിച്ചി വളരെ ആരോഗ്യവാൻ ആയിരുന്നു. അവിടെ വച്ചു അവർ അവസാനമായി കണ്ടു. രണ്ടു പേരും അറിഞ്ഞില്ല, അത് അവസാന കാഴ്ചയായിരുന്നെന്ന്. വാപ്പിച്ചി ലൊക്കേഷനിലേയ്ക്കും ഉമ്മിച്ചി വീട്ടിലേയ്ക്കും മടങ്ങി. വാപ്പിച്ചിയും ഉമ്മിച്ചിയും രണ്ട് ലോകത്തിരുന്ന് രണ്ട് പേരും ഇപ്പോഴും പ്രണയിക്കുന്നു'. റിഹാൻ കുറിച്ചു.
ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ താമസിക്കുകയായിരുന്ന നവാസിനെ ഓഗസ്റ്റ് ഒന്നിനാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.