കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്‍തമായി പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സലിം കുമാർ .
"ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ്സ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55 ലേക്ക് ഇന്ന് പ്രവേശിക്കുകയാണ് ഇത്രയും കാതങ്ങൾ പിന്നിടുന്നതിന് എന്റെ സഹയാത്രികർ എനിക്ക് നൽകിയ സ്നേഹത്തിനും പ്രോത്സാഹത്തിനും നന്ദി. ആയുസ്സിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല ഈ മഹാസാഗരത്തിൽ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം അതിൽ അതിൽ അകപ്പെടുന്നത് വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടർന്നേ പറ്റു. എന്റെ വഞ്ചിയിൽ ആണെങ്കിൽ ദ്വാരങ്ങളും വീണു തുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാൻ യാത്ര തുടരുകയാണ് എനിക്ക്എത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയാൻ പറ്റും എന്നറിയില്ല എന്നാലും ഞാൻ യാത്ര തുടരുകയാണ് .അനുഗ്രഹങ്ങളും ആശിർവാദങ്ങളും ഉണ്ടാകണം സ്നേഹപൂർവ്വം നിങ്ങളുടെ സലിംകുമാർ" എന്നിങ്ങനെ പോകുന്നു താരത്തിന്റെ വാക്കുകൾ.
advertisement
നായകനായിരുന്നില്ലെങ്കിലും പ്രകടനം കൊണ്ട് മലയാളികളുടെ മനസിൽ നായക സ്ഥാനം നേടിയ പല ചിത്രങ്ങളും കൗണ്ടറുകളും ഇന്നും താരത്തിന്റെ പേരിൽ ഭദ്രമാണ് . നിസ്സഹായത വരെ കോമഡിയാക്കിയ മണവാളൻ മുതൽ ഒരേ സ്റ്റെപ്പ് കൊണ്ട് സിനിമയിൽ ഡാൻസ് മാസ്റ്ററായി പിടിച്ചുനിൽക്കുന്ന വിക്രം വരെ താരത്തിന്റെ അഭിനയമികവിൽ പിറന്ന ഒട്ടനവധി ഹാസ്യ കഥാപാത്രങ്ങൾ . ഈ 55 വര്‍ഷത്തിനിടയില്‍ ഒരുപാട് വേഷത്തില്‍ സലിം കുമാർ മലയാളി സിനിമ ആരാധകരുടെ മുന്നില്‍ എത്തിയിട്ടുണ്ട്. ഒരു കൈക്കുഞ്ഞായി, ബാലനായി, വിദ്യാര്‍ത്ഥിയായി, മിമിക്രിക്കാരനായി, ടി. വി അവതാരകനായി, സിനിമാനടനായി അങ്ങനെ നിരവധി വേഷങ്ങളിൽ ഇന്നും തന്റെ യാത്ര തുടരുകയാണ് താരം.കല്യാണരാമനിലെ പ്യാരിയും പുലിവാൽ കല്യാണത്തിലെ മണവാളനും മായാവിയിലെ കണ്ണൻ സ്രാങ്കും ചതിക്കാത്ത ചന്തുവിലെ ഡാൻസ് മാസ്റ്റർ വിക്രമും സൂത്രധാരനിലെ ലീല കൃഷ്‌ണനുമൊക്കെ ഇന്നും മലയാളിക്ക് ആരെല്ലാമോ ആണ്. അത്രത്തോളം ജനപ്രിയത നേടിയെടുത്തതാണ് സലിം കുമാർ അവതരിപ്പിച്ച പല കഥാപാത്രങ്ങളും. പ്രകടനങ്ങൾ കൊണ്ട് സഹതാരങ്ങളെയും നായകനെയുമൊക്കെ പിന്നിലാക്കുംവിധമുള്ള ഭാവങ്ങളും ആംഗ്യങ്ങളും വാക്പ്രയോഗങ്ങളും. ആ ഒറ്റയാൾ പ്രകടനം കൊണ്ടാണ് അദ്ദേഹത്തിന്‍റെ പല കഥാപാത്രങ്ങളും സിനിമ റിലീസായി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും ട്രോളുകളിലും മീമുകളിലുമൊക്കെയായി നിറഞ്ഞുനിൽക്കുന്നത്.