ഷക്കീല കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രത്തിൽ സലീം കുമാറും അഭിനയിച്ചിരുന്നു. കിന്നാരത്തുമ്പികളിൽ അഭിനയിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് തുറന്ന് പറയുകയാണ് സലീം കുമാർ. ഷക്കീല തരംഗത്തിന് തുടക്കം കുറിച്ച കിന്നാരത്തുമ്പികളിൽ പെട്ടുപോയതാണെന്നാണ് സലീം കുമാർ പറഞ്ഞത്. ഭരതൻ ചെയ്യുന്ന ടൈപ്പുള്ള അവാർഡ് സിനിമയാണെന്ന് പറഞ്ഞാണ് തന്നെ സിനിമയിലേക്ക് വിളിച്ചതെന്നാണ് സലീം കുമാറിന്റെ വാക്കുകൾ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കര്യങ്ങൾ വെളിപ്പെടുത്തിയത്.
'കിന്നാരത്തുമ്പികൾ അവാർഡ് പടമാണെന്നാണ് എന്നോട് പറഞ്ഞത്. ഭരതൻ ടച്ചുള്ള സെക്സിന്റെ ചില അംശങ്ങളൊക്കെയുണ്ട്. പക്ഷെ, എന്റെ സൈഡിൽ അതൊന്നും ഇല്ലായിരുന്നു. ഞാൻ ഷക്കീലയെ നേരിട്ട് കണ്ടിട്ടുപോലുമില്ല. സിനിമയുടെ ഡബ്ബിംഗിന് പോയപ്പോഴാണ്, ഡയറക്ടർ വല്ലാതെ വിഷമിച്ചിരിക്കുന്നത് കണ്ടത്. വിതരണത്തിന് ആരും തയ്യാറല്ലെന്നാണ് അന്ന് ഡയറക്ടർ പറഞ്ഞത്.
advertisement
അങ്ങനെയാണ് വിറ്റു പോകണമെങ്കിൽ കുറച്ച് സെക്സ് സീൻ കൂടി ചേർക്കേണ്ടി വരുമെന്ന് അയാൾ എന്നോട് പറഞ്ഞത്. നിങ്ങൾ എന്ത് വേണമെങ്കിലും വെച്ചോ എന്റെ പേര് ചീത്തയാക്കരുത്. പോസ്റ്ററിലൊന്നും എന്നെ ഫോട്ടോ വെയ്ക്കരുതെന്നും പറഞ്ഞു. അവർ മര്യാദക്കാരയതുകൊണ്ട് തന്നെ അവർ വച്ചതുമില്ല. എന്നാൽ, ആ പടം നല്ല ഹിറ്റായി. തെങ്കാശിപട്ടണത്തിന്റെ ഷൂട്ടിംഗിനായി പൊള്ളാച്ചിയിൽ ചെന്നപ്പോൾ ആ പടത്തിന്റെ പേരിൽ എന്നെ ആളുകൾ തിരിച്ചറിഞ്ഞു.'- സലീം കുമാർ പറഞ്ഞു.