നടി പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,' ഞങ്ങൾ രണ്ടുപേരും യാത്ര അത്രയധികം ഇഷ്ടപ്പെടുന്ന ആള്‍ക്കാരല്ല. അക്കാര്യം അറിഞ്ഞുകൊണ്ട് തന്നെ എടുത്ത ഒരു തീരുമാനമായിരുന്നു, അമ്മയോടൊപ്പം, യാത്ര ചെയ്യുക എന്നത്. ലോകത്ത് പരസ്പരം ഇത്രയും വ്യത്യസ്തരായ രണ്ട് സ്ത്രീകൾ വേറെയുണ്ടാവില്ല. എന്നിട്ടും ഞങ്ങള്‍ യാത്ര പോയി. യാത്രയിൽ ചിലപ്പോൾ ഞാൻ അമ്മയുടെ ഇഷ്ടങ്ങളെ മറികടന്നു പോകാന്‍ സാധ്യതയുണ്ടെന്ന് എനിക്കറിയാമായിരുന്നു.പക്ഷേ, നിറഞ്ഞ മനസ്സോടെ, ഒരു പരാതിയും കൂടാതെ അമ്മ എന്നെ ചേർത്തുപിടിച്ചു.
അമ്മയ്ക്ക് അത്ര താല്പര്യമില്ലാത്ത കാര്യമായിരുന്നിട്ടും ഞാൻ പോയ എല്ലാ മ്യൂസിയങ്ങളിലേക്കും അമ്മ എന്‍റെ കൂടെ വന്നു. റോമിന്‍റെ തെരുവുകളിൽ എന്‍റെ കൈ പിടിച്ച് ഒരുപാടുദൂരം നടന്നു.ആ ചരിത്ര സ്മാരകങ്ങൾ കണ്ടപ്പോൾ, എവിടെയോ തനിക്ക് ഈ സ്ഥലവുമായി ഒരു ബന്ധം തോന്നുന്നു എന്ന് അമ്മ പറഞ്ഞു. ഒരു ദിവസം ഞാൻ എന്‍റെ സുഹൃത്തുക്കളോടൊപ്പം പോയി, അമ്മ, അവര്‍ക്ക് അടുത്തിടെ കിട്ടിയ കൂട്ടുകാരികളോടൊപ്പം സമയം ചെലവഴിച്ചു. അന്ന് രാത്രി ഭക്ഷണം കഴിക്കുമ്പോൾ, അമ്മ പറഞ്ഞ തമാശകളെക്കുറിച്ച് അവർ എന്നോടു പറഞ്ഞു. ആ നിമിഷമാണ് ഈ യാത്രയിൽ എന്‍റെ ഏറ്റവും പ്രിയപ്പെട്ട ഓർമയെന്നു ഞാൻ അപ്പോൾ തിരിച്ചറിഞ്ഞു.
സ്വന്തം താളത്തിനൊത്ത് ശാന്തമായി ഫോട്ടോകളെടുക്കുന്ന അമ്മയെ ഞാൻ നോക്കിനിന്നു. എല്ലാ രാത്രികളിലും ഞങ്ങൾ നടക്കാനിറങ്ങും, ഒടുവിൽ ഓരോ ഐസ്ക്രീം വാങ്ങി കഴിച്ച് അന്നത്തെ ദിവസം അവസാനിപ്പിക്കും. ഞങ്ങൾ എത്രമാത്രം വ്യത്യസ്തരാണെന്ന് യാത്രയുടെ അവസാനം, ഞാൻ വീണ്ടും ഓർത്തു... എന്നിട്ടും, ആ വ്യത്യാസങ്ങളെ ഞാൻ എത്രമാത്രം സ്നേഹിക്കുന്നു എന്നും'. കനി കുറിച്ചു.