എന്നാല്‍ കമ്പനിയുടെ ഇത്തരം നീക്കങ്ങള്‍ ജീവനക്കാര്‍ക്കിടയില്‍ ഉത്കണ്ഠ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അടുത്തതായി പിരിച്ചുവിടല്‍ നേരിടാന്‍ പോകുന്നത് തങ്ങളാകുമെന്ന ഭയമാണ് ജീവനക്കാരുടെ ഇടയിലെ ഈ ഉത്കണ്ഠയ്ക്ക് പ്രധാന കാരണം കാരണം. ഇത്തരം പ്രഖ്യാപനങ്ങള്‍ തൊഴിലാളികളുടെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് കാണിക്കുന്ന ഒരു റെഡ്ഡിറ്റ് പോസ്റ്റ് ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ആമസോണില്‍ ജോലി ചെയ്യുന്ന തന്റെ ഉറ്റ സുഹൃത്തിനെ കുറിച്ചാണ് പോസ്റ്റില്‍ ഉപയോക്താവ് കുറിച്ചിരിക്കുന്നത്.
ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്ന ഒരാളെ പിരിച്ചുവിടല്‍ ഉത്കണ്ഠ എങ്ങനെയായിരിക്കും ബാധിക്കുന്നതെന്ന് പോസ്റ്റ് വിശദീകരിക്കുന്നു. ഈ വാര്‍ത്ത പ്രചരിച്ചതോടെ സുഹൃത്ത് ഏത് തരത്തിലാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നതെന്നും പോസ്റ്റില്‍ പറയുന്നു.
advertisement
തന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ ആമസോണില്‍ ജോലി ചെയ്യുന്നുണ്ടെന്നും അസാധാരണ കഴിവുള്ള അദ്ദേഹം സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വിദഗ്ദ്ധനാണെന്നും ഉപയോക്താവ് റെഡ്ഡിറ്റില്‍ കുറിച്ചു. എന്നാല്‍ വളരെ മികച്ച കഴിവുണ്ടായിട്ടും ജോലി നഷ്ടപ്പെടുമോ എന്ന നിരന്തരമായ ഭയത്തിലാണ് അയാള്‍ ഇപ്പോൾ ജീവിക്കുന്നതെന്ന് പോസ്റ്റ് എടുത്തുകാണിച്ചു.
ഒരു ചെറിയ ഫോണ്‍ അറിയിപ്പ് വന്നാല്‍ പോലും പരിഭ്രാന്തനാകുന്ന തലത്തിലേക്ക് അദ്ദേഹത്തിന്റെ ഉത്കണ്ഠ വളര്‍ന്നിരിക്കുന്നു. ഫോണ്‍ വരുമ്പോഴെല്ലാം അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് കൂടുകയും അത് പിരിച്ചുവിടാനുള്ള അറിയിപ്പാണോ എന്ന് ഭയക്കുകയും ചെയ്യുന്നുണ്ടെന്ന് പോസ്റ്റില്‍ പറയുന്നു.
നേരത്തെ കമ്പനി പിരിച്ചുവിട്ട പലര്‍ക്കും അറിയിപ്പ് ലഭിച്ചത് രാത്രി വൈകിയോ അതിരാവിലെയോ ആണ്. അതിനാല്‍ തന്റെ സുഹൃത്തിന് ഉറക്കം പോലും നഷ്ടപ്പെട്ടതായും രാത്രിയില്‍ രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമാണ് ഉറങ്ങുന്നതെന്നും റെഡ്ഡിറ്റ് പോസ്റ്റ് വെളിപ്പെടുത്തി. ആ അറിയിപ്പ് ഭയന്ന് അയാള്‍ നിരന്തരം ഉണര്‍ന്നിരിക്കുകയാണെന്നും അടുത്തത് താനായിരിക്കുമെന്ന് അദ്ദേഹം പറയുന്നുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.
"തങ്ങള്‍ ചെയ്യുന്ന ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒരാള്‍ അനിശ്ചിതത്വത്താല്‍ മാനസികമായി തകര്‍ന്നിരിക്കുന്നത് കാണുന്നത് ഹൃദയഭേദകമാണ്. നിങ്ങളുടെ ഫോണ്‍ ഒരു ഉത്കണ്ഠയാക്കി മാറ്റുന്ന തരത്തിലുള്ള ഭയം. പിരിച്ചുവിടലുകളെക്കുറിച്ചുള്ള ഭയം ആളുകളെ മാനസികമായി എങ്ങനെ ബാധിക്കുമെന്ന് ഈ കോര്‍പ്പറേറ്റുകള്‍ വേണ്ടത്ര ചര്‍ച്ച ചെയ്യുന്നില്ല. ഇത് ക്രൂരമാണ്. പിരിച്ചുവിടലിന് വളരെ മുമ്പുതന്നെ ജോലി നഷ്ടപ്പെടുമെന്ന ഭയം നിങ്ങളെ തകര്‍ക്കുന്നതായി ഞാന്‍ കാണുന്നു", പോസ്റ്റ് വിശദമാക്കി.
പോസ്റ്റ് വളരെ പെട്ടെന്ന് വൈറലായി. ഈ സാഹചര്യത്തെ എങ്ങനെ നേരിടാമെന്നും ആത്മവിശ്വാസത്തോടെ എങ്ങനെ മുന്നോട്ടുപോകാമെന്നും പലരും നിര്‍ദ്ദേശങ്ങള്‍ നല്‍കി. ചിലര്‍ സമാനമായ അനുഭവം പങ്കുവെച്ചു. മറ്റൊരു ജോലി അന്വേഷിക്കാന്‍ സുഹൃത്തിനോട് പറയാന്‍ ഒരാള്‍ നിര്‍ദ്ദേശിച്ചു.
കടങ്ങളോ മറ്റ് വലിയ ഉത്തരവാദിത്തങ്ങളോ ഇല്ലെങ്കില്‍ കുറച്ച് സമ്പാദ്യമുണ്ടെങ്കില്‍ ഭയക്കേണ്ടതില്ലെന്നായിരുന്നു മറ്റൊരു പ്രതികരണം. ഇത് ഒരു ജോലി മാത്രമാണെന്നും കഴിവുണ്ടെങ്കില്‍ ഇതിലും മികച്ച അവസരങ്ങള്‍ കിട്ടുമെന്നും അദ്ദേഹം ഉപദേശിച്ചു. ഈ പിരിച്ചുവിടല്‍ അദ്ദേഹത്തിന് രക്ഷയാകുമെന്നും കഴിവുള്ള ആളാണെങ്കില്‍ ജോലി ഓഫറുകള്‍ എളുപ്പത്തില്‍ ലഭിക്കുമെന്നും മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
ഇന്ത്യയില്‍ ആമസോണ്‍ 800 മുതല്‍ 1,000 ജീവനക്കാരെ പിരിച്ചുവിട്ടതായാണ് ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
