ഈ ആശയം യാഥാർത്ഥ്യമാക്കാൻ ആർക്കെങ്കിലും കഴിയുമോ എന്നും അത്തരമൊരു സ്റ്റാർട്ടപ്പിൽ നിക്ഷേപിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം വീഡിയോയ്ക്കൊപ്പം കുറിച്ചു. മാസിമോ (Massimo) എന്ന എക്സ് അക്കൗണ്ടിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. കാറിന്റെ റൂഫ്‌ടോപ്പിലാണ് വീൽചെയർ വെച്ചിരിക്കുന്നത്. ഭിന്നശേഷിക്കാരിയായ ഒരാൾ വാഹനത്തിന്റെ അറ്റത്തേക്കു നീങ്ങിവരുന്നതും വീഡിയോയിൽ കാണാം. ഒരു ബട്ടൺ അമർത്തുമ്പോൾ വീൽചെയർ മുകളിൽ നിന്നും ഇവരുടെ അടുത്തേക്ക് എത്തും. തുടർന്ന് വളരെ എഴുപ്പത്തിൽ കാറിൽ നിന്നും വീൽചെയറിലേക്ക് മാറിയിരിക്കുന്നതും വീഡിയോയിൽ കാണാം.
advertisement
വീഡിയോ എക്സിൽ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ വലിയ സെൻസേഷനായി മാറുകയായിരുന്നു. ഇതിനകം 4 ലക്ഷം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. പലരും ഇത് ഷെയർ ചെയ്യുന്നുമുണ്ട്. ഭിന്നശേഷിക്കാരായ വ്യക്തികൾക്കായി പ്രത്യേകം രൂപകൽപന ചെയ്ത ഈ പ്രായോഗികമായ ആശയത്തെ പലരും അഭിനന്ദിക്കുന്നുമുണ്ട്. മഹീന്ദ്രക്ക് ഈ ആശയം പ്രായോഗികമാക്കാൻ പറ്റുമെന്നാണ് ഒരാളുടെ കമന്റ്. ഇത്തരമൊറു കാർ എത്തിയാൽ അത് ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് ഏറെ ഉപകാരപ്രദം ആയിരിക്കുമെന്നും അതവരെ കൂടുതൽ സ്വതന്ത്രരാക്കുമെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു. ഇത്തരം ആശയങ്ങൾ നടപ്പിലാക്കുന്ന സ്റ്റാർട്ട് അപ്പുകളുമായി സഹകരിക്കാനുള്ള മഹീന്ദ്രയുടെ താത്പര്യത്തെ അഭിനന്ദിക്കുന്നുവെന്നും ഇത് പലർക്കും ഏറെ ഉപകാരപ്രദമാകുമെന്നുമാണ് മറ്റൊരാളുടെ കമന്റ്.
ഐഐടി ബോബെയിലെ വിദ്യാർത്ഥികൾ വികസിപ്പിച്ച മടക്കാവുന്ന ഇ-ബൈക്കിന്റെ (foldabl e-bike) വീഡിയോയും ആനന്ദ് മഹീന്ദ്ര അടുത്തിടെ പങ്കുവെച്ചിരുന്നു. ലോകത്തിലെ ആദ്യത്തെ മടക്കാവുന്ന ഡയമണ്ട് ഫ്രെയിം ഇ-ബൈക്ക് ഉപയോഗിക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. അവരുടെ സ്റ്റാർട്ടപ്പിൽ നിക്ഷേപം നടത്തിയ കാര്യവും അദ്ദേഹം ഇതോടൊപ്പം വെളിപ്പെടുത്തിയിരുന്നു. ഹോൺബാക്ക് X1 എന്നാണ് ഈ ഇ-ബൈക്കിന്റെ പേര്. തന്റെ എസ്‌യുവിയുടെ ബൂട്ടിനുള്ളിലേക്ക് ഇലക്ട്രിക് സൈക്കിൾ മടക്കി കയറ്റുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചിരുന്നു. റൈഡറുടെ വേഗത, ബാറ്ററി നില, മറ്റ് പ്രധാന വിവരങ്ങൾ എന്നിവ കാണിക്കുന്ന സ്മാർട്ട് എൽസിഡി ഡിസ്പ്ലേ തുടങ്ങി നിരവധി സവിശേഷതകൾ ഇതിലുണ്ട്.