ആന്ധ്രയിലെ ഗ്രാമപ്രദേശങ്ങളില്‍ നടക്കുന്ന സംക്രാന്തി ആഘോഷങ്ങളുടെ അവിഭാജ്യഘടകങ്ങളിലൊന്നാണ്കോഴിപ്പോര്. പലയിടങ്ങളിലും അനധികൃതമായാണ് മത്സരംനടക്കാറുള്ളത്.കടുത്ത മത്സരമാണ് കോഴിപ്പോരില്‍ ഉണ്ടാകുക. കോഴിപ്പോരില്‍ പങ്കെടുക്കുന്ന കോഴികള്‍ മരണം വരെ പോരാടും. ഏറെപ്പേര്‍ കാണികളായി എത്തുന്ന മത്സരത്തില്‍ കോടിക്കണക്കിന് രൂപയുടെ വാതുവയ്പ്പും നടക്കാറുണ്ട്. എന്നാൽ റാണിഖേത് എന്ന വൈറല്‍ രോഗം ഇത്തവണ ചാമ്പ്യന്‍ കോഴികളെ ബാധിക്കുന്നുണ്ട്.
എന്നാല്‍, ചാമ്പ്യന്‍ കോഴികളുടെ ബ്രീഡര്‍മാര്‍ ഇവര്‍ക്ക് ഹോര്‍മോണ്‍ വര്‍ധിപ്പിക്കുന്ന മരുന്നുകള്‍ നല്‍കികൊണ്ട് ഈ വൈറസ് ബാധയെ നേരിടുന്നതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഇത്തരം ഹോര്‍മോണുകള്‍ കോഴികള്‍ക്ക് നല്‍കുന്നത് അവയെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷകരമായി ബാധിക്കുമെന്നും മനുഷ്യരില്‍ ഹാനികരമായ ജനതികമാറ്റം ഉണ്ടാക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം, ഇത്തരം മരുന്നുകളുടെ ഫലം ഏറെ ഗുണം ചെയ്യുന്നുണ്ടെന്നാണ് ബ്രീഡര്‍മാര്‍ അവകാശപ്പെടുന്നത്. ഗുണ്ടൂര്‍, കൃഷ്ണ എന്നിവിടങ്ങളിലാണ് കോഴിപ്പോര് നടക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
കോഴികള്‍ക്ക് ഈ മരുന്നുകള്‍ നല്‍കുന്നത് എന്തിന്?
റാണിഖേത് എന്ന രോഗബാധ കോഴിപ്പോരില്‍ പങ്കെടുക്കുന്ന കോഴികളെ ദുര്‍ബലമാക്കുകയും മത്സരത്തില്‍ പങ്കെടുക്കാനുള്ള ശേഷിയെ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. അത് തിരിച്ചുപിടിക്കാനുള്ള എളുപ്പ മാര്‍ഗമെന്ന നിലയിലാണ് ബ്രീഡര്‍മാര്‍ ലൈംഗിക ഉത്തേജന മരുന്നുകളായ ഷിലാജിത്, വയാഗ്ര 100, വിറ്റാമിനുകള്‍ എന്നിവ നല്‍കുന്നത്. അതേസമയം, കുറച്ചുസമയത്തേക്ക് കോഴികള്‍ക്ക് ഈ മരുന്നുകള്‍ ആവശ്യമായ ഊര്‍ജം നല്‍കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അവയെ ദോഷകരമായി ബാധിക്കുമെന്ന് വെറ്റെറിനറി ഡോക്ടര്‍മാര്‍ പറയുന്നു. അത് മാത്രമല്ല, ഇത്തരം കോഴികളെ മനുഷ്യർ കഴിച്ചാൽ അത് അവരില്‍ ദോഷകരമായ വിധത്തില്‍ ജനിതകമാറ്റം വരുത്തുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഒട്ടേറെ ബ്രീഡര്‍മാര്‍ കോഴികള്‍ക്ക് ഇത്തരം മരുന്നുകള്‍ നല്‍കുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, പക്ഷികള്‍ക്ക് മനുഷ്യന്‍ ഉപയോഗിക്കുന്ന ലൈംഗിക ഉത്തേജന മരുന്നുകള്‍ നല്‍കുന്നത് ആദ്യമായാണെന്നും അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഇവയുടെ പരിണിതഫലങ്ങളെക്കുറിച്ച് ബ്രീഡര്‍മാര്‍ക്ക് കാര്യമായ അറിവില്ലെന്നും കോഴികളുടെ പ്രകടനം മെച്ചപ്പെടുത്തുക മാത്രമാണ് ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റാണിഖേത് വൈറസ് ബാധ മൂലം നല്ല നിലവാരമുള്ള ചാമ്പ്യന്‍ കോഴികളെ കണ്ടെത്തുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
പോരില്‍ പങ്കെടുക്കുന്ന കോഴികളുടെ ഭാരവും ചലനശേഷിയും സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. മികച്ച ഫലങ്ങള്‍ക്കായി മത്സരത്തിന് തൊട്ടുമുമ്പായി മരുന്നുകള്‍ നല്‍കുകയാണ് ചെയ്യുന്നത്. ആവശ്യമായ പരിശോധനകള്‍ നടത്താറുണ്ട്. ഇതുവരെയുള്ള ഫലങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്, ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ബ്രീഡര്‍മാരിലൊരാള്‍ പറഞ്ഞു.