രണ്ടാം ക്ലാസിലെ ക്രിസ്മസ് പരീക്ഷയുടെ ഉത്തരക്കടലാസാണ് അധ്യാപിക പങ്കുവച്ചിരിക്കുന്നത്. മുട്ടയിടുന്നവരെയും പ്രസവിക്കുന്നവരെയും ചുറ്റുപാടും നിരീക്ഷിച്ച് പട്ടികപ്പെടുത്താനായിരുന്നു ചോദ്യം. ഇതിന് താഴെയാണ് പ്രസവിക്കുന്നവരുടെ പട്ടികയില്‍ ആനയ്ക്കും പൂച്ചക്കും പട്ടിക്കും പശുവിനുമൊപ്പം അധ്യാപികയുടെ പേരും കുട്ടി എഴുതിവച്ചത്.
തിരുവനന്തപുരം തൈക്കാട് മോഡൽ എച്ച്എസ്എല്‍പിഎസിലെ അധ്യാപികയായ ജി എസ് സുനിതയാണ് ഉത്തരക്കടലാസ് ഫേസ്ബുക്കിൽ പങ്കുവച്ചത്. 'രണ്ടാം ക്ലാസ് ഉത്തരക്കടലാസ് ..ചുറ്റുപാടും നിരീക്ഷിച്ച് എഴുതാൻ പറഞ്ഞതാ.. പക്ഷെ ഇത്രയും പ്രതീക്ഷിച്ചില്ല.. മുട്ടയിടുന്നവരും പ്രസവിക്കുന്നവരും' - ഉത്തരക്കടലാസിനൊപ്പം അധ്യാപിക കുറിച്ചു.
advertisement
രണ്ടാംക്ലാസിലെ സമീരയും അനഘയുമാണ് സുനിത ടീച്ചറുടെ പേരും പ്രസവിക്കുന്നവരുടെ കൂട്ടത്തിൽ ഉത്തരക്കടലാസിൽ എഴുതിവച്ചത്. രക്ഷകർത്താവിനെയും ടാഗ് ചെയ്താണ് അധ്യാപിക ഉത്തരക്കടലാസ് പങ്കുവച്ചത്.
കുട്ടി പഠനലക്ഷ്യം നേടിയെന്ന് ടീച്ചർക്ക് മനസിലായില്ലേ?, കുട്ടി ചുറ്റുപാടും നന്നായി നിരീക്ഷിച്ചിരിക്കുന്നു. കുട്ടിയുടെ കയ്യക്ഷരം എന്തു ഭംഗിയാ... എന്നിങ്ങനെ നീളുന്നു പോസ്റ്റിന് താഴെ വന്ന കമന്റുകൾ.