'ഒരു ക്രിക്കറ്റ് മത്സരത്തില്‍ എനിക്ക് നിങ്ങളെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു, പക്ഷേ എന്റെ നിബന്ധനകള്‍ക്ക് അനുസരിച്ച് കളിക്കണമെന്ന് മാത്രം', കോഹ്‌ലിയോട് അനുഷ്‌ക ഇങ്ങനെ ആത്മവിശ്വാസത്തോടെ പറയുന്നിടത്താണ് പരസ്യം ആരംഭിക്കുന്നത്. പിന്നീട് ക്രിക്കറ്റിലെ പുതിയ നിയമങ്ങള്‍ കോഹ്‌ലിയോട് പറയുകയാണ് അനുഷ്‌ക. 'റൂള്‍ ഒന്ന്, പന്ത് മൂന്ന് തവണ നഷ്ടമായാല്‍ നിങ്ങള്‍ ഔട്ട്. റൂള്‍ രണ്ട്, നിങ്ങള്‍ക്ക് ദേഷ്യം വന്നാലും നിങ്ങള്‍ ഔട്ടാണ്', അനുഷ്‌ക പറയുന്നു.
അനുഷ്ക പറയുന്ന തീര്‍ത്തും അസംബന്ധമായ മറ്റൊരു നിബന്ധന കോഹ്‌ലി അംഗീകരിച്ചുകൊടുക്കുന്നതാണ് വീഡിയോയിലെ മറ്റൊരു രസകരമായ ഭാഗം. 'പന്ത് ആര് ദൂരെയടിച്ചാലും അത് അയാള്‍ തന്നെ തിരിച്ചെടുത്ത് തരണം', എന്നായിരുന്നു അനുഷ്‌ക പറഞ്ഞ മറ്റൊരു നിയമം. കോഹ്‌ലി ബാറ്റ് ചെയ്യാനൊരുങ്ങവെ അനുഷ്‌ക അടുത്ത നിയമം പറയുന്നു. 'ബാറ്റ് ആരുടേതാണോ അയാള്‍ ആദ്യം ബാറ്റ് ചെയ്യണം', എന്നുപറഞ്ഞ് വിരാടിന്റെ കൈയില്‍ നിന്ന് അനുഷ്‌ക ബാറ്റ് വാങ്ങിച്ചു. പിന്നാലെ ബാറ്റിങ് ആരംഭിച്ച അനുഷ്‌കയെ കോഹ്‌ലി വിജയകരമായി പുറത്താക്കി. ഉടനെ അനുഷ്‌ക അത് ട്രയല്‍ ബോളായിരുന്നെന്ന് പറയുന്നു. കോഹ്‌ലിയും അനുഷ്കയും ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പ്യൂമ ഇന്ത്യയ്ക്ക് വേണ്ടിയുള്ള രസകരമായ പരസ്യം ആരാധകര്‍ ഇതിനകം ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്.