1999-ൽ കാർഗിൽ യുദ്ധത്തിൽ അച്ഛൻ പാകിസ്ഥാനെതിരെ പോരാടുമ്പോൾ അനുഷ്ക ശർമ്മയ്ക്ക് വെറും 11 വയസ്സ് മാത്രമായിരുന്നു പ്രായം. 2012-ൽ ഇ ടൈംസിന് നൽകിയ ഒരഭിമുഖത്തിൽ, അന്നാളുകളിൽ സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കാൻ താൻ വളരെ ചെറുപ്പമായിരുന്നെന്ന് അനുഷ്ക ഓർമ്മിച്ചു. അച്ഛൻ വീട്ടിലേക്ക് വിളിക്കുമ്പോൾ, ബോയ്ഫ്രണ്ടുമാരെക്കുറിച്ചും സ്കൂളിനെയും കുറിച്ച് അച്ഛനോട് സംസാരിക്കുമായിരുന്നു. പക്ഷേ അദ്ദേഹം ഒരു യുദ്ധമേഖലയിലാണെന്ന് മകൾ മനസ്സിലാക്കിയിരുന്നില്ല.
"കാർഗിൽ വളരെ കഠിനമായ യുദ്ധമായിരുന്നു. അന്ന് ഞാൻ വളരെ ചെറുപ്പമായിരുന്നു. പക്ഷേ എന്റെ അമ്മയുടെ അവസ്ഥ കാണുമ്പോൾ എനിക്ക് ഭയമായിരുന്നു. ദിവസം മുഴുവൻ അമ്മ വാർത്താ ചാനൽ ഓണാക്കി വയ്ക്കുമായിരുന്നു. നാശനഷ്ടങ്ങൾ പ്രഖ്യാപിക്കുമ്പോൾ അമ്മ അസ്വസ്ഥയായിരുന്നു," നടി പറഞ്ഞു.
advertisement
"അച്ഛൻ വിളിക്കുമ്പോൾ അദ്ദേഹത്തിന് കൂടുതലൊന്നും പറയാൻ കഴിഞ്ഞില്ല, പക്ഷേ അദ്ദേഹം ഒരു യുദ്ധത്തിലായിരുന്നു എന്ന് മനസ്സിലാക്കാതെ ഞാൻ എന്റെ സ്കൂളിനെക്കുറിച്ചും ബോയ്ഫ്രണ്ടുമാരെക്കുറിച്ചും മറ്റെല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിച്ചുകൊണ്ടേയിരുന്നു." അനുഷ്ക പറഞ്ഞു, "ഒരു നടി എന്നതിലുപരി ഞാൻ ഒരു സൈനിക ഉദ്യോഗസ്ഥന്റെ മകളാണെന്ന് പറയുന്നതിൽ അഭിമാനമുണ്ട്." താൻ തന്റെ പിതാവുമായി വളരെ അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്ന് അനുഷ്ക ശർമ്മ.
മെയ് 8ന് ഇന്ത്യ പാകിസ്ഥാന്റെ മിസൈലുകൾ തടഞ്ഞതിനുശേഷം, അനുഷ്ക ശർമ്മ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ എഴുതിയ വാക്കുകൾ ശ്രദ്ധേയമായിരുന്നു. “ഈ സമയങ്ങളിൽ നമ്മെ സംരക്ഷിച്ചതിന് നമ്മുടെ ഇന്ത്യൻ സായുധ സേനയോട് നമ്മൾ എന്നും നന്ദിയുള്ളവരാണ്. അവരും അവരുടെ കുടുംബങ്ങളും ചെയ്ത ത്യാഗങ്ങൾക്ക് ഹൃദയംഗമമായ നന്ദി. ജയ് ഹിന്ദ്.”
അതേസമയം, സിനിമയുടെ കാര്യത്തിൽ, അനുഷ്ക ശർമ്മ ബോളിവുഡിൽ നിന്നും അപ്രഖ്യാപിത ഇടവേള തുടരുകയാണ്. 2018ൽ ഷാരൂഖ് ഖാനും കത്രീന കൈഫും അഭിനയിച്ച 'സീറോ' എന്ന ചിത്രത്തിലാണ് അനുഷ്ക അവസാനമായി വേഷമിട്ടത്. ചക്ദ ‘എക്സ്പ്രസ്’ എന്ന ചിത്രത്തിനായി അവർ അഭിനയിച്ചിട്ടുണ്ടെങ്കിലും, ചിത്രത്തിന്റെ റിലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.