ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ് ‘അപ്പാപ്പൻ റോക്സ്’ എന്ന ഒരു വൈറൽ വീഡിയോ.
വീഡിയോയുടെ ഉള്ളടക്കം
തിരക്കുള്ള ബസിൽ ഫോൺ ക്യാമറ ഓണാക്കി നിൽക്കുന്ന ഒരു വയോധികനാണ് വീഡിയോയിലെ താരം. തൊട്ടുമുന്നിൽ നിൽക്കുന്ന യുവതി ബസ് നീങ്ങുന്നതിനിടെ അബദ്ധത്തിൽ തട്ടിയപ്പോൾ, "ടച്ച് ചെയ്താൽ നമ്മക്കും അറിയാം വീഡിയോ എടുക്കാൻ" എന്ന മാസ് ഡയലോഗോടെ വയോധികൻ പ്രതികരിക്കുന്നതാണ് രംഗം. മധ്യവയസ്കൻ ക്യാമറ ഓണാക്കി വെച്ചതുകൊണ്ട് മാത്രം വലിയൊരു ആരോപണത്തിൽ നിന്ന് രക്ഷപ്പെട്ടു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ഇതിനോടകം ഏഴ് ദശലക്ഷത്തിലധികം ആളുകളാണ് ഈ ദൃശ്യങ്ങൾ കണ്ടത്.
സത്യാവസ്ഥ എന്ത്?
വീഡിയോ വൈറലായതോടെ ഇതിന് പിന്നിലെ അണിയറപ്രവർത്തകർ കാര്യങ്ങൾ വ്യക്തമാക്കി രംഗത്തെത്തി. ഇത് യഥാർത്ഥത്തിൽ നടന്ന സംഭവമല്ല, മറിച്ച് മണ്ണാർക്കാടുള്ള ഒരു കൂട്ടം കലാകാരന്മാർ ചേർന്ന് നിർമ്മിച്ച ഒരു ലഘുചിത്രമാണ്.
വീഡിയോയിലെ വയോധികനായി വേഷമിട്ടത് നാസർ എന്ന കലാകാരനാണ്. പൊതുസമൂഹത്തിന് കൃത്യമായ ഒരു സന്ദേശം നൽകാനാണ് തങ്ങൾ ഈ വീഡിയോ നിർമിച്ചതെന്ന് അണിയറപ്രവർത്തകർ പറയുന്നു.
സോഷ്യൽ മീഡിയയിലെ ദുരുപയോഗങ്ങൾക്കും വ്യാജ ആരോപണങ്ങൾക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന സന്ദേശം നൽകുന്ന ഈ വീഡിയോ ദീപക്കിന്റെ മരണവാർത്തയ്‌ക്ക് പിന്നാലെ സൈബർ ഇടങ്ങളിൽ വലിയ സ്വീകാര്യതയാണ് നേടുന്നത്.
