2000ല്‍ ബിബിസി ടോക്ക് ഷോയ്ക്ക് വേണ്ടി കരണ്‍ ഥാപ്പറുമായി നടത്തിയ അഭിമുഖത്തിനിടെ താന്‍ ഹിന്ദുമതത്തില്‍ നിന്ന് ഇസ്ലാംമതം സ്വീകരിക്കാനുണ്ടായ കാരണം എ ആര്‍ റഹ്‌മാന്‍ വിവരിച്ചിരുന്നു. തന്റെ പിതാവ് ക്യാന്‍സര്‍ ബാധിതനായപ്പോള്‍ ചികിത്സിച്ച സൂഫി വൈദ്യനുമായുള്ള വ്യക്തിപരവും ആത്മീയവുമായ ആഴത്തിലുള്ള അനുഭവമാണ് തന്നെ ഇസ്ലാം മതത്തിലേക്ക് അടുപ്പിച്ചതെന്ന് അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തി. ''ഏഴെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ (സൂഫി) കണ്ടുമുട്ടി. അതിന് ശേഷമാണ് മറ്റൊരു ആത്മീയ പാത ഞാന്‍ സ്വീകരിച്ചത്. അതിലൂടെ ഞങ്ങള്‍ക്ക് സമാധാനം ലഭിച്ചു,'' റഹ്‌മാന്‍ വിശദീകരിച്ചു.
advertisement
നസ്രീന്‍ മുന്നി കബീര്‍ രചിച്ച 'എ ആര്‍ റഹ്‌മാന്‍: ദ സ്പിരിറ്റ് ഓഫ് മ്യൂസിക്ക്' എന്ന കൃതിയില്‍ അദ്ദേഹത്തിന്റെ ആത്മീയ ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ഒരാളാണ് താന്‍ എന്ന് പറഞ്ഞ അദ്ദേഹം തന്റെ അമ്മ ഹിന്ദുമതം പിന്തുടരുമ്പോള്‍ വീട്ടില്‍ വിവിധ മതങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ഉണ്ടായിരുന്നുവെന്നും പറഞ്ഞു.
ഒരു ഹിന്ദു ജ്യോതിഷി തന്റെ മുസ്ലീം പേര് നിര്‍ദേശിച്ചത് എങ്ങനെയെന്നും അദ്ദേഹം വിവരിച്ചു. തന്റെ ഇളയ സഹോദരി വിവാഹത്തിന് ഒരുങ്ങുന്ന സമയത്ത് താന്‍ ഒരു ജ്യോതിഷിയെ സന്ദര്‍ശിച്ചുവെന്നും അപ്പോള്‍ ആ ജ്യോതിഷിയോട് താന്‍ ചില നിര്‍ദേശങ്ങള്‍ ചോദിച്ചുവെന്നും റഹ്‌മാന്‍ പറഞ്ഞു. ''അദ്ദേഹം ചില പേരുകള്‍ നിര്‍ദേശിച്ചു. അബ്ദുള്‍ റഹീം, അബ്ദുള്‍ റഹ്‌മാന്‍ തുടങ്ങിയ പേരുകള്‍ തനിക്ക് ഭാഗ്യം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. അതില്‍ റഹ്‌മാന്‍ എന്ന പേരിനോട് എനിക്ക് പെട്ടെന്ന് ഇഷ്ടം തോന്നി. ഒരു ഹിന്ദു ജ്യോതിഷിയാണ് എനിക്ക് മുസ്ലിം പേര് നിര്‍ദേശിച്ചത്,'' റഹ്‌മാന്‍ പറഞ്ഞു.
പേരിന്റെ ഭാഗമായ അള്ളാ രഖാ(എ ആര്‍) എന്നത് തന്റെ അമ്മയാണ് കണ്ടെത്തിയതെന്നും അത് അവര്‍ക്ക് സ്വപ്‌നത്തില്‍ വെളിപ്പെടുത്തി ലഭിച്ചതാണെന്നും കരണ്‍ ഥാപ്പറിന് നല്കിയ അഭിമുഖത്തില്‍ റഹ്‌മാന്‍ പറഞ്ഞു. അതേസമയം, തന്റെ ദിലീപ് കുമാര്‍ എന്ന യഥാര്‍ത്ഥ പേരിനോട് തനിക്ക് ഒരിക്കലും ഇഷ്ടമായിരുന്നില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. ''ദിലീപ് കുമാറെന്ന മഹാനടനോട് അനാദരവ് കാണിക്കുന്നില്ല. എന്നെക്കുറിച്ച്, എനിക്കുണ്ടായിരുന്ന പ്രതിച്ഛായയുമായി എന്റെ പേര് യോജിക്കുന്നില്ലെന്ന് തോന്നിയിരുന്നു,'' അദ്ദേഹം വ്യക്തമാക്കി.