സ്വതന്ത്ര പലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിനെ പിന്തുണയ്ക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയമായ ന്യൂയോർക്ക് പ്രഖ്യാപനത്തെ അംഗീകരിക്കുന്ന പ്രമേയത്തെ എതിർത്ത് അർജന്റീന ഉൾപ്പെടെ 10 രാജ്യങ്ങളാണ് വോട്ട് ചെയ്തത്. ഹംഗറി, മൈക്രോനേഷ്യ, നൗറു, പലാവു, പാപുവ ന്യൂ ഗിനിയ, പരാഗ്വേ, ടോംഗ,അമേരിക്ക, ഇസ്രായേൽ എന്നിവയാണ് എതിർത്ത് വോട്ട് ചെയ്ത മറ്റ് രാജ്യങ്ങൾ.193 ഐക്യരാഷ്ട്രസഭ അംഗരാജ്യങ്ങളും ഉൾപ്പെടുന്ന പൊതുസഭയിൽ 142 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. 12 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.അടുത്തകാലത്തായി യുഎൻ പൊതുസഭയിൽ ഗാസ വിഷയം വോട്ടിനുവരുമ്പോൾ വിട്ടുനിൽക്കുന്ന സമീപനം സ്വീകരിച്ച ഇന്ത്യ പ്രമേയത്തെ അനുകൂലിച്ചാണ് വോട്ട് ചെയ്തത്.
advertisement
അതേസമയം പ്രമേയത്തെ എതിർത്ത് അർജന്റീന വോട്ട് ചെയ്തത് കേരളത്തി വലിയ ചർച്ചയായി. അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെയും സാക്ഷാൽ ലയണല്‍ മെസിയുടെയും വരവിനായി കേരളം കാത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് യുഎന്നിലെ അർജന്റീനയുടെ നിലപാട് ഇവിടെ ചർച്ചയാകുന്നത്.പലസ്തീനികളെ കൊന്നൊടുക്കുന്ന ഇസ്രയേലിന് പിന്തുണ നല്‍കുന്ന അര്‍ജന്‍റീനയ്ക്കുവേണ്ടി ലോകകപ്പ് കാലങ്ങളില്‍ എത്ര ബാനറുകളാണ് കേരളത്തില്‍ ഉയര്‍ന്നതെന്നാണ് സാമുഹിക പ്രവർത്തകനായ മുഹമ്മദലി കിനാലൂര്‍ ഫെയ്സ്ബുക് കുറിപ്പിലൂടെ ചോദിക്കുന്നത്. മെസിയുടെ വരവിനായി കാത്തിരിക്കുന്ന മലയാളികളുടെ കൂട്ടത്തില്‍ താനില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
‘ഐക്യരാഷ്ട്ര സഭയിൽ സ്വതന്ത്ര ഫലസ്തീനെ എതിർത്ത് വോട്ട് ചെയ്തത് പത്ത് രാജ്യങ്ങളാണ്. അമേരിക്കയും ഇസ്രയേലും അതിലുണ്ടാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ശേഷിക്കുന്ന എട്ട് രാജ്യങ്ങളിലൊന്ന് അർജന്റീനയാണ്. ഫുട്ബോൾ പ്രേമികളുടെ ഇഷ്ടരാജ്യം. ഫലസ്തീനികളെ കൊന്നൊടുക്കുന്ന ഇസ്രയേലിനു പിന്തുണ നൽകുന്ന ആ രാജ്യത്തിന്റെ ഫുട്ബോൾ ടീമിന് വേണ്ടി എത്ര ബാനറുകളാണ്/ബോർഡുകളാണ് ലോകകപ്പ് കാലത്ത് കേരളത്തിന്റെ തെരുവുകളിൽ പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴും മെസ്സിയുടെ വരവിനായി കാത്തിരിപ്പല്ലേ മലയാളികൾ (അക്കൂട്ടത്തിൽ ഞാനില്ല). ഗസ്സയിലെ കുഞ്ഞുങ്ങളുടെ ചോരയിൽ ചവിട്ടി നിൽക്കുന്ന രാജ്യത്ത് നിന്ന് വരുന്നത് ഫുട്ബോളിലെ ഏത് മിശിഹാ ആയാലും എനിക്കതിൽ സന്തോഷമല്ല രോഷമാണ് ഉണ്ടാവുക. യു എന്നിൽ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിനു അനുകൂലമായാണ് നമ്മുടെ രാജ്യം വോട്ട് ചെയ്തത്. ഫലസ്തീനികളെ രാജ്യമില്ലാത്തവരാക്കി മാറ്റാനുള്ള ഇസ്രയേൽ, യുഎസ് തന്ത്രത്തിനൊപ്പം നിൽക്കാൻ തയ്യാറല്ലെന്ന് ഇന്ത്യ നിലപാട് എടുത്തു. പക്ഷേ ഫുട്ബോൾ പ്രേമികളുടെ രാജ്യം സയണിസ്റ്റ് രാഷ്ട്രത്തിനൊപ്പമാണ് നിലകൊണ്ടത്.’
ആയിരത്തിലേറെ പേർ ലൈക്ക് ചെയ്ത പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് അനുകൂലിച്ചും പ്രതികൂലിച്ചുകൊണ്ടും വന്നത്.‘ഒരുത്തനും ഒരു മിശിഹായും ഇങ്ങോട്ട് വരേണ്ടതില്ല എന്ന നിലപാടാണ് ഇപ്പോൾ കേരളം സ്വീകരിക്കേണ്ടത്’ എന്നാണ് ഒരാൾ കമന്‍റ് ചെയ്തത്. 'ഇവിടെ അര്ജന്റീന കളിക്കാൻ വരുമ്പോൾ സ്റ്റേഡിയം നിറയെ ബാനറുകൾ ഉയരണം. പ്രതിഷേധം അവിടെ എത്തിക്കാനുള്ള നല്ലൊരു വഴിയാണത്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.അതേസയം ‘ഒരു രാജ്യത്തിൻ്റെ നിലപാടിനെ അവിടെത്തെ ജനങ്ങൾ അംഗീകരിച്ച് കൊള്ളണം എന്നില്ല’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.