സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയിൽ, മലൈക അറോറ തൻ്റെ പിതാവിൻ്റെ ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം പുറത്തിറങ്ങുന്നത് കാണാം. മകൻ അർഹാനും ഒപ്പമുണ്ടായിരുന്നു. അർജുൻ മലൈകയെ സാന്ത്വനിപ്പിക്കുന്നതായും വീഡിയോയിൽ കാണിച്ചിരുന്നു. ഇരുവരും പരസ്പരം ഇടപഴകുന്നതും കാണാമായിരുന്നു.
ബുധനാഴ്ച രാത്രി അമ്മയുടെ ബാന്ദ്രയിലെ വസതിയിൽ നിന്ന് പുറത്തുകടക്കുമ്പോൾ, ദുഃഖിതയായ മലൈകയെ അർജുൻ കപൂർ ആശ്വസിപ്പിക്കുന്നതായി കാണപ്പെട്ടു. മലൈകയെ അർജുൻ ശ്രദ്ധാപൂർവ്വം കാറിലേക്ക് കൊണ്ടുപോയി. അവിടെ താരത്തിന്റെ മകൻ അർഹാൻ ഖാനും ഒപ്പം ചേർന്നു. പിന്തുണയുമായി സഹോദരി അമൃത അറോറയും ഒപ്പമുണ്ടായിരുന്നു.
advertisement
മലൈക അറോറയുടെ പിതാവ് അനിൽ മേത്ത സെപ്തംബർ 11 ബുധനാഴ്ച ആത്മഹത്യ ചെയ്തു എന്നാണ് റിപ്പോർട്ട്. അദ്ദേഹത്തിൻ്റെ അന്ത്യകർമങ്ങളിൽ കരീന കപൂർ ഖാൻ, സെയ്ഫ് അലി ഖാൻ, കരിഷ്മ കപൂർ, അർജുൻ കപൂർ, അർഷാദ് വാർസി, ഗീത കപൂർ, ടെറൻസ് ലൂയിസ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. ഈ ദുഃഖകരമായ, സമയത്ത് കുടുംബത്തെ അനുശോചനം അറിയിക്കാൻ മലൈകയുടെ മുൻ ഭർത്താവ് അർബാസ് ഖാനും സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
പിതാവിന്റെ വിയോഗശേഷം, മലൈക അറോറ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിക്കുകയും, ഈ പ്രയാസകരമായ സമയത്ത് മാധ്യമങ്ങളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും സ്വകാര്യത തേടുകയും ചെയ്തു. “ഞങ്ങളുടെ പ്രിയ പിതാവ് അനിൽ മേത്തയുടെ വേർപാട് അറിയിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. അദ്ദേഹം ഒരു സൗമ്യനായ മനുഷ്യനായിരുന്നു. അർപ്പണബോധമുള്ള ഒരു മുത്തച്ഛൻ, സ്നേഹനിധിയായ ഭർത്താവ്, ഞങ്ങളുടെ ഉറ്റ സുഹൃത്ത് എല്ലാമായിരുന്നു. ഈ നഷ്ടത്തിൽ ഞങ്ങളുടെ കുടുംബം കടുത്ത ആഘാതത്തിലാണ്. ഈ ദുഷ്‌കരമായ സമയത്ത് മാധ്യമങ്ങളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും ഞങ്ങൾ സ്വകാര്യത അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ ധാരണയെയും പിന്തുണയെയും ബഹുമാനത്തെയും ഞങ്ങൾ അഭിനന്ദിക്കുന്നു,” പ്രസ്താവനയിൽ പറയുന്നു.
അനിൽ മേത്തയുടെ മരണം പോലീസ് അന്വേഷിക്കുകയാണ്. എല്ലാ ദിവസവും രാവിലെ അനിൽ ബാൽക്കണിയിൽ ഇരുന്ന് പത്രം വായിക്കുന്നത് പതിവാണെന്ന് മലൈകയുടെ അമ്മ പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞതായി വൃത്തങ്ങൾ അവകാശപ്പെടുന്നു. തങ്ങൾ വിവാഹമോചിതരായെങ്കിലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി വീണ്ടും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയെന്ന് മലൈകയുടെ അമ്മ ജോയ്‌സ് പോളികാർപ്പ് പോലീസിനോട് പറഞ്ഞു.
ബുധനാഴ്ച രാവിലെ സ്വീകരണമുറിയിൽ മുൻ ഭർത്താവിൻ്റെ ചെരിപ്പ് കണ്ടതും, ബാൽക്കണിയിൽ അന്വേഷിക്കാൻ പോയതായും ജോയ്‌സ് പോലീസിനെ അറിയിച്ചു. അദ്ദേഹത്തെ അവിടെ കാണാതെ വന്നപ്പോൾ, താഴേക്ക് നോക്കിയതും, ബിൽഡിംഗ് വാച്ച്മാൻ സഹായത്തിനായി നിലവിളിക്കുകയായിരുന്നു. അനിൽ മേത്തയ്ക്ക് അസുഖമില്ലെന്നും ജോയ്‌സ് പോലീസിനോട് പറഞ്ഞു. മുട്ടുവേദന മാത്രമേ ഉണ്ടായിരുന്നുള്ളൂ. അനിൽ മെഹ്ത മർച്ചൻ്റ് നേവിയിൽ നിന്ന് വിആർഎസ് എടുത്തിരുന്നു.