ഷാനി നാനി എന്ന എക്‌സ് അക്കൗണ്ടിലൂടെയാണ് അവര്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന ബംഗളുരുവില്‍ നിന്ന് നേരിടേണ്ടി വന്ന അധിക്ഷേപങ്ങളും ബുദ്ധിമുട്ടുകളുമാണ് യുവതി ഒന്നിലധികം ട്വീറ്റുകളിലൂടെ വിവരിച്ചിരിക്കുന്നത്.
ഉത്തരേന്ത്യക്കാരിയായ യുവതി ബംഗളുരുവിലെത്തിയത് അവിടുത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ ചോദ്യം ചെയ്തു, ഉത്തരേന്ത്യക്കാരിയാണെന്ന് മനസ്സിലാക്കിയ അവര്‍ ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിക്കുമ്പോള്‍ അത് മനസ്സിലാകാത്തത് പോലെ നടിച്ചു, തനിക്കു ചുറ്റും നെഗറ്റിവിറ്റി വലയം ചെയ്തിരുന്നതായി യുവതി പറഞ്ഞു.
''ഒന്നര വര്‍ഷത്തോളമാണ് ഞാന്‍ ബംഗളൂരുവില്‍ ജോലി ചെയ്തിരുന്നത്. പഞ്ചാബിലുള്ള വ്യക്തിയെയാണ് ഞാന്‍ വിവാഹം ചെയ്തത്. തുടര്‍ന്ന് പരമ്പരാഗത ചടങ്ങുകളുടെ ഭാഗമായി ഞാന്‍ കൈയ്യില്‍ ചൂഡ ധരിച്ചിരുന്നു. ഞാന്‍ വടക്കേ ഇന്ത്യക്കാരിയാണെന്നതിന്റെ തെളിവായിരുന്നു അത്", യുവതി പറഞ്ഞു.
advertisement
''താമസിക്കുന്ന ഫ്‌ളാറ്റില്‍ നിന്ന് ഓഫീസിലേക്കും തിരിച്ചും ഓട്ടോയില്‍ യാത്ര ചെയ്യുന്നത് വലിയൊരു പീഡനമായിരുന്നു. ഉത്തരേന്ത്യക്കാരിയായ ഞാന്‍ എന്തിനാണ് ബംഗളൂരുവില്‍ വന്നതെന്നും കന്നഡ പഠിക്കുന്നുണ്ടോയെന്നും ഓട്ടോ ഡ്രൈവർമാർ ചോദിക്കുമായിരുന്നു. അടുത്തിടെ വിവാഹിതയായതിനാല്‍ അവര്‍ കൂടുതല്‍ പണം ഓട്ടോക്കൂലിയായി ആവശ്യപ്പെടും. എന്നാല്‍, ഞാന്‍ ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിക്കുമ്പോള്‍ ഒരു വാക്ക് പോലും മനസ്സിലായില്ലെന്ന് നടിക്കുകയും ചെയ്തിരുന്നു,'' അവര്‍ പറഞ്ഞു.
ബംഗ്ലൂര്‍ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡിലെ(ബിഇഎസ്‌സിഒഎം) ജീവനക്കാരനില്‍ നിന്നുണ്ടായ ദുരനുഭവവും യുവതി വെളിപ്പെടുത്തി. ഒരു ദിവസം ബിഇഎസ്‌സിഒഎമ്മിലേക്ക് വൈദ്യുതി ഇല്ലെന്ന് പരാതി പറയാന്‍ വിളിച്ചപ്പോള്‍ ഹിന്ദിയും ഇംഗ്ലീഷും പറ്റില്ലെന്നും കന്നഡ മാത്രമെ സംസാരിക്കൂവെന്നും ജീവനക്കാരന്‍ പറഞ്ഞതായി യുവതി പറഞ്ഞു. കന്നഡ സംസാരിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ മാത്രമെ അവര്‍ പരിഹരിക്കൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തനിക്കുചുറ്റുമുണ്ടായിരുന്ന വലിയ നെഗറ്റിവിറ്റിയില്‍ താന്‍ തളര്‍ന്നുപോയതായും അവിടുത്തെ കാലാവസ്ഥ മോശമായിരുന്നുവെന്നും യുവതി തന്റെ ട്വീറ്റില്‍ കുറിച്ചു . ''അവിടെ എല്ലാ സമയത്തും മഴപെയ്യുമായിരുന്നു. ഞങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുമായിരുന്നില്ല. പുറത്ത് പോകണമെങ്കില്‍ ക്യാബ് കിട്ടാന്‍ വളരെ പ്രയാസമായിരുന്നു. ഒരു ക്യാബ് കണ്ടെത്തിയാല്‍ തന്നെ ട്രാഫിക്കും വെള്ളക്കെട്ടും കാരണം ലക്ഷ്യസ്ഥാനത്ത് എത്താന്‍ മണിക്കൂറുകള്‍ എടുക്കും'', അവര്‍ വ്യക്തമാക്കി.
ഇത്തരം മനംമടുപ്പിക്കുന്ന അനുഭവം തുടര്‍ക്കഥയായതോടെയ യുവതി ഗുരുഗ്രാമിലേക്ക് താമസം മാറുകയായിരുന്നു. ''വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കിയതിനാല്‍ ജോലി രാജി വെക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഗുരുഗ്രാമിലെത്തിയശേഷം എനിക്ക് വലിയ മാറ്റം ഉണ്ടായി. ഏറെ ദൂരം നടക്കാന്‍ കഴിയുന്നു. നല്ല ഭക്ഷണം കഴിക്കാനും എനിക്ക് ആവശ്യമായ യാത്രകള്‍ നടത്താനും കഴിയുന്നുണ്ട്. അതേസമയം ഓട്ടോ ഡ്രൈവര്‍മാരുമായി മോശമായ സംഭാഷണങ്ങള്‍ ഒന്നുമില്ല'', യുവതി പറഞ്ഞു.
വളരെ വേഗമാണ് യുവതിയുടെ പോസ്റ്റ് വൈറലായത്. 20 ലക്ഷം പേരാണ് ഈ പോസ്റ്റ് കണ്ടത്. സമ്മിശ്ര പ്രതികരണമാണ് യുവതിയുടെ പോസ്റ്റിന് ഉപയോക്താക്കള്‍ നല്‍കിയത്. ചിലര്‍ യുവതിക്കുണ്ടായ ദുരവസ്ഥയില്‍ സഹതാപം പ്രകടിപ്പിച്ചപ്പോള്‍ ചിലര്‍ അവരുടെ അഭിപ്രായം ശരിയല്ലെന്ന് പറഞ്ഞു. തനിക്കും സമാനമായ അനുഭവം ബംഗളൂരുവില്‍ നിന്ന് നേരിടേണ്ടി വന്നുവെന്നും ഒരു ഉപയോക്താവ് പറഞ്ഞു. ബംഗളൂരു ഒരു വിദേശരാജ്യം പോലെയാണ് തോന്നിക്കുന്നതെന്ന് അയാള്‍ പറഞ്ഞു.
എന്നാല്‍ താനും ഒരു ഉത്തരേന്ത്യക്കാരനാണെന്നും മൂന്ന് വര്‍ഷത്തോളമായി ബംഗളൂരുവിലാണ് താമസമെന്നും എന്നാല്‍ ഇത്തരത്തിലൊരു അനുഭവം ഇതുവരെയും ഉണ്ടായിട്ടില്ലെന്നും മറ്റൊരു ഉപയോക്താവ് വ്യക്തമാക്കി.