ഇത്തരം മാനേജരെ എന്ത് ചെയ്യണമെന്ന തലക്കെട്ടോടെയാണ് റെഡ്ഡിറ്റില്‍ ഉപയോക്താവ് പോസ്റ്റ് പങ്കിട്ടിരിക്കുന്നത്. ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ഒരു ബാങ്ക് ജീവനക്കാരനും അദ്ദേഹത്തിന്റെ ബ്രാഞ്ച് മാനേജരും തമ്മിലുള്ള സംഭാഷണമാണ് പോസ്റ്റിലെ ഉള്ളടക്കം. കോര്‍പ്പറേറ്റ് സംസ്‌കാരത്തിലെ അനുകമ്പയുടെ അഭാവം എടുത്തുകാണിക്കുന്നതാണ് പോസ്റ്റ്.
ആരോഗ്യപ്രശ്‌നങ്ങള്‍ തൊഴിലിടങ്ങളില്‍ പരിഗണിക്കപ്പെടാതെ വരുമ്പോള്‍ ജീവനക്കാര്‍ നേരിടുന്ന മാനസികവും വൈകാരികവുമായ ബുദ്ധിമുട്ടുകളെ കുറിച്ച് ജീവനക്കാരന്‍ പോസ്റ്റില്‍ പറയുന്നു. ഇത് വീണ്ടും ഇന്ത്യന്‍ തൊഴിലിടങ്ങളിലെ കാര്‍ക്കശ്യ മാനേജ്‌മെന്റ് സംവിധാനത്തെ കുറിച്ചുള്ള ഓൺലൈൻ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു.
advertisement
ശരീരവേദനകള്‍ കാരണം ജോലിക്ക് വരാന്‍ കഴിയില്ലെന്ന് കാണിച്ച് ജീവനക്കാരന്‍ തന്റെ മാനേജരോട് ഒരു ദിവസത്തെ മെഡിക്കല്‍ ലീവിന് അഭ്യര്‍ത്ഥിച്ചതായി പോസ്റ്റില്‍ പറയുന്നു. തനിക്ക് വളരെ നേരം ഇരിക്കാനോ നില്‍ക്കാനോ ബുദ്ധിമുട്ടുണ്ടെന്നും ദയവായി ഇന്ന് മെഡിക്കല്‍ ലീവ് അനുവദിക്കണമെന്നും അദ്ദേഹം മാനേജരെ അറിയിച്ചു.
തന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കാണിക്കുന്നതിന് ഡോക്ടറില്‍ നിന്നുള്ള കുറിപ്പും അദ്ദേഹം ഇതോടൊപ്പം വച്ചിരുന്നു. എന്നാല്‍ യാതൊരു സഹതാപവും അനുകമ്പയും ഇല്ലാത്ത പെരുമാറ്റമാണ് മാനേജരുടെ ഭാഗത്തുനിന്നും ജീവനക്കാരന് ഉണ്ടായത്.
രോഗബാധിതനായ ഒരാള്‍ക്ക് പിന്തുണ നല്‍കുന്നതിന് പകരം ആ മാനേജര്‍ ജീവനക്കാരനെ ശാസിക്കുകയാണുണ്ടായത്. ആരാണ് നിങ്ങളെ അച്ചടക്കം പഠിപ്പിച്ചതെന്ന് മേലുദ്യോഗസ്ഥന്‍ തന്നോട് ചോദിച്ചതായും അദ്ദേഹം പോസ്റ്റില്‍ വെളിപ്പെടുത്തി. താന്‍ അവധി ആവശ്യപ്പെടുന്ന സമയം നോക്കൂ എന്നും രണ്ട് ദിവസത്തെ ശമ്പളം തനിക്ക് നഷ്ടമാകുമെന്നും മാനേജര്‍ പറഞ്ഞതായി അദ്ദേഹം പറയുന്നു.
പിന്നീട് ജീവനക്കാരന്‍ ക്ഷമാപണം നടത്തുകയും തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും മാനേജര്‍ പരുഷമായ പ്രതികരണം തന്നെ തുടര്‍ന്നു. തൊഴില്‍ നൈതികതയെ കുറിച്ച് അദ്ദേഹത്തിന് നീണ്ട ഒരു ക്ലാസെടുക്കുകയും ചെയ്തു. "നിങ്ങളുടെ ബിസിനസ് ആര് ചെയ്യും? നിങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്നും പ്രതിബദ്ധതയില്‍ നിന്നും നിങ്ങള്‍ എത്രത്തോളം ഒളിച്ചോടുന്നുവോ അത്രത്തോളം പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും", മാനേജര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സുഖംപ്രാപിച്ച് ഓഫീസില്‍ തിരിച്ചെത്തിയ ശേഷം തന്റെ ജോലികള്‍ താന്‍ ചെയ്തുതീര്‍ക്കുമെന്നും ഉത്തരവാദിത്തങ്ങളില്‍ നിന്ന് താന്‍ എങ്ങോട്ടും ഒളിച്ചോടുന്നില്ലെന്നും ജീവനക്കാരന്‍ ഉറപ്പുനല്‍കി.
പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയതോടെ നിരവധി ഉപയോക്താക്കള്‍ ഈ സാഹചര്യത്തോട് പ്രതികരിച്ചു. പരുഷമായ മാനേജരുടെ പെരുമാറ്റത്തെ പലരും വിമര്‍ശിച്ചു. അദ്ദേഹത്തിന്റെ മോശം ഇംഗ്ലീഷിനെയും ചിലര്‍ പരിഹസിച്ചു. മാനേജര്‍ ആദ്യം ഇംഗ്ലീഷ് കാസിലും പിന്നീട് മാനുഷിക ക്ലാസിലും പങ്കെടുക്കണമെന്ന് ഒരാള്‍ നിര്‍ദ്ദേശിച്ചു.
വിവരങ്ങള്‍ എച്ച്ആറുമായി പങ്കിടാനും ആവശ്യമെങ്കില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും ഒരാള്‍ പറഞ്ഞു. എല്ലാ ആശയവിനിമയങ്ങളിലും പ്രൊഫഷണല്‍ ആയിരിക്കാനും മര്യാദ പുലര്‍ത്താനും ഒരാള്‍ കുറിച്ചു.
"നിങ്ങളുടെ ആരോഗ്യം മറ്റെന്തിനേക്കാളും പ്രധാനമാണ്. നിങ്ങള്‍ക്ക് ശമ്പളം ലഭിക്കുന്നു, അതിനര്‍ത്ഥം നിങ്ങള്‍ ഒരു അടിമയാണെന്നല്ല. അവര്‍ നിങ്ങളെ പിരിച്ചുവിട്ടാല്‍ കേസ് ഫയല്‍ ചെയ്യാനും നഷ്ടപരിഹാരം നേടാനും നിങ്ങള്‍ക്ക് ഒരു വലിയ കാരണമുണ്ട്. എല്ലാ തെളിവുകളും സൂക്ഷിക്കുക, എല്ലാ ആശയവിനിമയങ്ങളും രേഖപ്പെടുത്തുക, മറ്റൊരു ഉപയോക്താവ് എഴുതി.
ഇന്ത്യന്‍ സ്ഥാപനങ്ങളില്‍ വളര്‍ന്നുവരുന്ന പ്രവണതയെയാണ് ഈ സംഭവം പ്രതിഫലിപ്പിക്കുന്നത്. അവിടെ തൊഴിലാളികള്‍ ആരോഗ്യപ്രശ്‌നങ്ങള്‍, ഉത്കണ്ഠ, സമ്മര്‍ദ്ദം എന്നിവ അനുഭവിക്കുന്നു. ജീവനക്കാരുടെ മാനസികാവസ്ഥ വിവേകശൂന്യമായ മാനേജ്‌മെന്റ് രീതികള്‍ മൂലം കൂടുതല്‍ വഷളാകുന്നു.