ഓഫീസിലെ ഫോണ്‍ ഉപയോഗവും വിലക്കും സംബന്ധിച്ച രസകരമായ സംഭവമാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ ചര്‍ച്ചയാകുന്നത്. ഉത്പാദനക്ഷമത കൂട്ടാന്‍ ഓഫീസ് സമയത്ത് ഫോണ്‍ ഉപയോഗം വേണ്ടെന്ന കര്‍ശന നിയമം ഒരു കമ്പനി മാനേജര്‍ കൊണ്ടുവന്നു. എന്നാല്‍ നിയമം പിന്നീട് അദ്ദേഹത്തിനുതന്നെ ഒരു തിരിച്ചടിയായി മാറി.
റെഡ്ഡിറ്റിലെ ഒരു കുറിപ്പിലാണ് ഈ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. പുതിയതായി കമ്പനിയില്‍ നിയമിക്കപ്പെട്ട മാനേജര്‍ ജീവനക്കാര്‍ ജോലി സമയത്ത് വ്യക്തിഗത സന്ദേശങ്ങള്‍ പരിശോധിക്കുന്നതിനായി കണ്ടെത്തി. ഇതേതുടര്‍ന്ന് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ ഓഫീസില്‍ ജീവനക്കാര്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന കര്‍ശന നിയമം നടപ്പാക്കി. ജീവനക്കാര്‍ക്കെല്ലാം ഇതുസംബന്ധിച്ച ഇമെയില്‍ സന്ദേശവും അയച്ചു.
advertisement
ജീവനക്കാര്‍ അവരുടെ ഫോണുകള്‍ വാഹനത്തിലോ ലോക്കറുകളിലോ സൂക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം. ഒരു ഇളവും ഉണ്ടാകില്ലെന്നും അറിയിച്ചു.
ജീവനക്കാരെല്ലാം ഈ നിയമം പാലിച്ചു. എന്നാല്‍ ഒരു ദിവസം അപ്രതീക്ഷിതമായി നിയമം തിരിച്ചടിയായി. ഓഫീസ് സെര്‍വര്‍ തകരാറിലായതോടെ നിയമം മാനേജർക്കുതന്നെ പണിയായി. വീട്ടിലിരുന്ന് ജോലി ചെയ്യുകയായിരുന്ന മാനേജര്‍ ഐടി സപ്പോര്‍ട്ട് ജീവനക്കാരനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കാരണം അവരാരും ഓഫീസ് സമയത്ത് ഫോണ്‍ ഉപയോഗിക്കുന്നുണ്ടായിരുന്നില്ല.
അന്ന് വൈകിട്ട് ജോലി കഴിഞ്ഞ് ഫോണ്‍ നോക്കിയപ്പോഴാണ് മാനേജരുടെ 17 മിസ്ഡ് കോളുകളും നിരവധി സന്ദേശങ്ങളും ജീവനക്കാരന്‍ കണ്ടത്. തിരിച്ചുവിളിച്ചപ്പോള്‍ മാനേജര്‍ പ്രകോപിതനായി അദ്ദേഹത്തോട് ദേഷ്യപ്പെട്ടു. എന്തുകൊണ്ടാണ് ഫോണ്‍ എടുക്കാതിരുന്നതെന്നും മാനേജര്‍ ചോദിച്ചു. എന്നാല്‍ ജീവനക്കാരന്‍ ശാന്തമായി അദ്ദേഹത്തിന് മറുപടി നല്‍കി. ജോലി സമയത്ത് ഫോണ്‍ ഉപയോഗിക്കരുതെന്ന് നിങ്ങള്‍ തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആര്‍ക്കും യാതൊരു ഇളവുകളും നല്‍കിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
ഇതോടെ നിയമം മാറ്റാന്‍ മാനേജര്‍ നിര്‍ബന്ധിതനായി. ഓഗസ്റ്റ് 18-ന് അദ്ദേഹം ജീവനക്കാര്‍ക്ക് പുതിയ ഇമെയില്‍ അയച്ചു. അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനായി ഫോണ്‍ ജീവനക്കാര്‍ക്ക് തങ്ങളുടെ മേശയില്‍ തന്നെ സൂക്ഷിക്കാമെന്ന് ആ സന്ദേശത്തില്‍ അറിയിച്ചു.
സംഭവം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടി. അനുകൂലവും രസകരവുമായ പ്രതികരണങ്ങള്‍ ചിലര്‍ പങ്കുവെച്ചു. ഈ ജീവനക്കാരന്‍ താനായിരുന്നെങ്കില്‍ വീട്ടിലെത്തിയശേഷം മാത്രമേ തിരിച്ച് വിളിക്കുകയുള്ളൂവെന്ന് ഒരാള്‍ കുറിച്ചു. ഒരു ഓഫീസ് ഫോണ്‍ ജീവനക്കാര്‍ക്ക് നല്‍കാനായിരുന്നു മറ്റൊരു നിര്‍ദ്ദേശം. ഓഫീസില്‍ മറ്റ് ഫോണ്‍ സൗകര്യങ്ങളില്ലേയെന്ന് മറ്റൊരാള്‍ ചോദിച്ചു.