കരടിയുടെ കാലുകളും ചുക്കിച്ചുളിഞ്ഞ ചർമവുമൊക്കെ ചൂണ്ടിക്കാട്ടിയായിരുന്നു പലരും സംശയം ഉന്നയിച്ചത്. അധികം വൈകാതെ വീഡിയോ വിവാദമാകുകയും ഇത് കരടിയുടെ വേഷം ധരിച്ച മനുഷ്യനാണെന്ന് പലരും ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇതു കണ്ടാൽ കരടിയുടെ വസ്ത്രമണിഞ്ഞ് നിൽക്കുന്ന മനുഷ്യനാണെന്ന് പറയാതിരിക്കാൻ ആകില്ലെന്നാണ് ചിലർ വീഡിയോക്കു താഴെ കമന്റെ ചെയ്തത്. എന്നാൽ, സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മൃഗശാലാ അധികൃതർ. വീഡിയോയിൽ കാണുന്നത് യഥാര്‍ത്ഥ കരടി തന്നെയാണ് എന്നാണ് മൃഗശാലാ അധികൃതർ നൽകുന്ന വിശദീകരണം.
ഇത് സണ്‍ ബിയര്‍ (sun bear) ആണെന്നും കരടികളിലെ തന്നെ ഏറ്റവും ചെറിയ വിഭാഗം ആണെന്നും ഹാങ്ഷൂ മൃഗശാല വ്യക്തമാക്കി. ഇതിന് ഒരു ചെറിയ നായയുടെ അത്രയും വലിപ്പമേ ഉണ്ടാകൂ. ഇവയുടെ നെഞ്ചിലെ രോമങ്ങൾക്ക് ഓറഞ്ചോ ക്രീമോ നിറം ആയിരിക്കും. ശരീരത്തിന്റെ ബാക്കി ഭാഗങ്ങൾ മറ്റു കരടികളെപ്പോലെ തന്നെ കറുത്ത നിറത്തിലുമാണ്. വനനശീകരണവും വന്യജീവി വേട്ടയും മൂലം ഇവ വംശനാശ ഭീഷണി നേരിടുകയാണ്. കരടി സ്വയം തന്നെക്കുറിച്ചു പറയുന്ന രീതിയിലാണ് മൃഗശാലയുടെ വിശദീകരണം. ഏഞ്ചല എന്നാണ് ഈ കരടിയുടെ പേര്.