ഇപ്പോഴിതാ ബെംഗളൂരുവില്‍ താമസിക്കുന്ന തന്റെ ചെലവുകള്‍ പങ്കുവെച്ചുകൊണ്ടുള്ള റഷ്യന്‍ യുവതിയായ യൂലിയയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തന്റെ വീട്ടില്‍ സഹായത്തിനായി വരുന്ന സ്ത്രീയ്ക്ക് 45,000 രൂപയും വീട്ടുവാടകയായി 1.25 ലക്ഷം രൂപയും താന്‍ നല്‍കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ യൂലിയയുടെ അവകാശവാദത്തെ ചിലരെങ്കിലും എതിര്‍ത്തു. നിങ്ങള്‍ ചൊവ്വയിലാണോ ജീവിക്കുന്നതെന്ന് ഒരു ഉപയോക്താവ് അവരോട് ചോദിക്കുകയും ചെയ്തു.
ബെംഗളൂരുവില്‍ താമസിക്കുന്നതിന് എത്ര രൂപ ചെലവാകും എന്ന് ചോദിച്ചുകൊണ്ടാണ് യൂലിയയുടെ വീഡിയോ ആരംഭിക്കുന്നത്. തന്റെ അടിസ്ഥാന ചെലവുകള്‍ അവര്‍ വീഡിയോയില്‍ പങ്കുവെച്ചു. വാടകയായി ഒരു മാസം 1.25 ലക്ഷം രൂപയും സ്‌കൂള്‍ ചെലവിലേക്ക് 30,000 രൂപയും ഭക്ഷണത്തിനും വീട്ടുചെലവിലേക്കുമായി 75,000 രൂപയും വീട്ടുജോലിക്കാരിക്ക് 45,000 രൂപയും നല്‍കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. ഇതിന് പുറമെ ആരോഗ്യത്തിനും ഫിറ്റ്‌നെസിനുമായി 30,000 രൂപയും പെട്രോളിന് 5000 രൂപയും ചെലവഴിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ കഴിഞ്ഞ 11 വര്‍ഷമായി ഇന്ത്യയില്‍ താമസിച്ചു വരികയാണെന്ന് പറഞ്ഞ അവർ അന്നത്തെ ചെലവിനെ ഇന്നത്തെ ചെലവുമായി താരതമ്യം ചെയ്യുകയും ചെയ്തു. ബംഗളൂരുവിലെ ജീവിതച്ചെലവിനെ നിരവധി യൂറോപ്യന്‍ രാജ്യങ്ങളിലെ ചെലവുമായും അവര്‍ താരതമ്യം ചെയ്തു.
''11 വര്‍ഷം മുമ്പ് വര്‍ക്ക് പ്രൊജക്ടുമായി ബന്ധപ്പെട്ട് ഞാന്‍ ബെംഗളൂരുവില്‍ എത്തിയപ്പോള്‍ എല്ലാം എനിക്ക് ന്യായവിലയ്ക്ക് ലഭ്യമായിരുന്നു. അത് ഒരു പക്ഷേ എന്റെ സ്വന്തം രാജ്യത്തിന്റെ കറന്‍സി വളരെ ശക്തമായിരുന്നതിനാലും എല്ലാ വിലകളും ഞാന്‍ പകുതിയായി കണക്കാക്കിയതിനാലുമാകുമത്,'' യുവതി പറഞ്ഞു.
''എല്ലാ സൗകര്യങ്ങളുമടങ്ങിയ രണ്ട് ബെഡ്‌റൂമുള്ള മനോഹരമായ വീടിന് 25,000 രൂപയായിരുന്നു അന്ന് വാടക. വിമാനത്താവളത്തിലേക്കുള്ള കാബിന് ഏകദേശം 700 രൂപയായിരുന്നു ഈടാക്കിയിരുന്നത്,'' അവര്‍ പറഞ്ഞു.
ബെംഗളൂരുവില്‍ തരക്കേടില്ലാതെ ജീവിക്കുന്നതിന് മാസം 2.5 ലക്ഷം രൂപ ആവശ്യമാണ്
''എന്റെ പ്രതിമാസ ചെലവുകളില്‍ വ്യത്യാസമുണ്ടാകാറുണ്ട്. അത് എന്റെ ആവശ്യകതകളെയും സാഹചര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു. 25000 മുതല്‍ 35000 രൂപ വരെ മാത്രമെ എനിക്ക് വ്യക്തിഗത ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പറ്റൂ. ഫിറ്റ്‌നെസ്, നല്ല പോഷകാഹാരം, മനഃശാസ്ത്രജ്ഞന്‍ എന്നിവയ്ക്കുള്ള ചെലവ് എന്നിവ വില പേശാന്‍ കഴിയില്ല. എന്നാല്‍ കുടുംബത്തിലെ ചെലവുകള്‍ മറ്റൊരു തലത്തിലാണ്. മൂന്ന് പേരടങ്ങുന്ന ഒരു കുടുംബത്തിന് ബംഗളൂരുവില്‍ വലിയ തരക്കേടില്ലാതെ ജീവിക്കാന്‍ 2.5 ലക്ഷം രൂപ വേണം. ഗുരുഗ്രാമിലും മുംബൈയിലും ജീവിതച്ചെലവ് ഇതിലും കൂടുതലാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്,'' അവര്‍ പറഞ്ഞു.
''20 വര്‍ഷത്തിലേറെയായി ബെംഗളൂരുവില്‍ താമസിക്കുന്ന എനിക്ക് ഈ പറയുന്ന തുകയുടെ പകുതി പോലും ഒരു മാസം ചെലവഴിക്കേണ്ടി വന്നിട്ടില്ലെന്ന്'' യൂലിയയുടെ പോസ്റ്റിന് ഒരാള്‍ കമന്റ് ചെയ്തു. ''ഇവിടെയുള്ള മിക്ക ഇന്ത്യക്കാരെക്കാളും നിങ്ങളുടെ ചെലവുകള്‍ ഉറപ്പായും കൂടുതലായിരിക്കും. എന്നാല്‍, അതിനനുസരിച്ച് നിങ്ങളുടെ ജീവിതശൈലിയും വ്യത്യസ്തമാണെന്ന് എനിക്ക് ഉറപ്പുണ്ടെന്ന്'' മറ്റൊരു ഉപയോക്താവ് പറഞ്ഞു.