കാറില്‍ കയറിയപ്പോള്‍ അത് ഒരു സാധാരണ യാത്രയായിരിക്കുമെന്നാണ് താന്‍ കരുതിയതെന്നും എന്നാല്‍ കാറിന്റെ പിറകിലെ സീറ്റിലേക്ക് നോക്കിയപ്പോള്‍ വിചിത്രമായ കാഴ്ചയാണ് കണ്ടതെന്നും എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ യുവാവ് പറഞ്ഞു. തന്റെ സഹയാത്രികനായിരുന്നു പിന്നിലുെണ്ടായിരുന്നതെന്നും അത് ഒരു ആട് ആയിരുന്നുവെന്നും യുവാവ് കൂട്ടിച്ചേർത്തു. റൈഡ് ബുക്ക് ചെയ്തത് താനാണെന്ന മട്ടില്‍ സീറ്റില്‍ അത് ശാന്തമായി ഇരിക്കുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു.
ആടിന്റെ യാത്ര രസിപ്പിക്കുകയും അതേസമയം ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തുവെങ്കിലും യുവാവ് ഉടന്‍ തന്നെ തന്റെ ഫോണെടുത്ത് ഐതിഹാസികമായ നിമിഷം സെല്‍ഫിയായി പകര്‍ത്തി. വൈകാതെ തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
advertisement
'ലെതറിന് ജീവനുണ്ടായിരുന്നു'
''കാറിനുള്ളില്‍ കേറിയപ്പോള്‍ ഒരു മണമുണ്ടായിരുന്നു. അത് കാറിന്റെ പഴയ ലെതറില്‍ നിന്നാകുമെന്നാണ് കരുതിയത്. എന്നാല്‍ ആ ലെതറിന് ജീവനുണ്ടെന്ന് ഇപ്പോള്‍ മനസ്സിലായി,'' പോസ്റ്റിന്റെ കമന്റ് സെക്ഷനില്‍ യുവാവ് പങ്കുവെച്ചു.
അതേസമയം, ക്രിക്കറ്റ് താരം വിരാട് കോലിയുമായും ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുമായും ചിലര്‍ ആടിനെ താരതമ്യപ്പെടുത്തി. അവരെ പലപ്പോഴും അവരുടെ ഗെയിമുകളിലെ ഏറ്റവും മികച്ചവര്‍(Greatest Of All Times-GOAT)എന്ന് വിശേഷിപ്പിക്കാറുണ്ട്. വിരാട് കോലിക്ക് മുന്‍ സീറ്റ് നല്‍കാത്തതില്‍ നാണക്കേട് തോന്നുന്നുവെന്ന് ഒരാള്‍ കളിയാക്കി കൊണ്ട് പറഞ്ഞു. ''മെസ്സി ഞാന്‍ കരുതിയതിനേക്കാള്‍ നേരത്തെ ഇന്ത്യയില്‍ വന്നുവെന്ന്'' മറ്റൊരാള്‍ പറഞ്ഞു.
ഇത് കണ്ട് ഒരുപാട് ചിരിച്ചു. ഇന്നത്തെ എന്റെ ദിവസം മനോഹരമായിരിക്കുന്നു, മറ്റൊരാള്‍ പറഞ്ഞു. നിങ്ങളുടെ പിന്നിലുള്ള ആടിനേക്കാള്‍ GOAT ആണ് നിങ്ങള്‍, മറ്റൊരു ഉപയോക്താവ് പറഞ്ഞു. ഇത് ഊബര്‍ പൂള്‍ അല്ല, ഊബര്‍ വൂള്‍ ആണ് എന്ന് വേറൊരാളും തമാശയായി പറഞ്ഞു.