"ഞാനും ഏഥർ സഹസ്ഥാപകനുമായ സ്വപ്‌നിലും ഒരിക്കൽ ബംഗളൂരുവിലെ ഒരു റെസ്റ്റോറൻ്റിൽ പോയി. അന്ന് ഞങ്ങൾ ഷൂവിന് പകരം സ്ലിപ്പർ ധരിച്ചതിൻ്റെ പേരിൽ പ്രവേശനം നിഷേധിച്ചിരുന്നു," കർഷകന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് സോനവാനെ എക്‌സിൽ കുറിച്ചു. എന്നാൽ ഇത് എപ്പോഴാണ് നടന്നതെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. എന്നാൽ തങ്ങൾ നേരിട്ടതിൽ നിന്ന് വ്യത്യസ്തമായി, പ്രായമായ ഒരു കർഷകൻ ഇത്തരം അപമാനം നേരിട്ടത് തികച്ചും വിവേചനപരമാണെന്ന് മറ്റൊരു പോസ്റ്റിൽ സോനവാനെ ചൂണ്ടിക്കാട്ടി.
ബെംഗളൂരുവിലെ ജിടി മാളിൽ മകനൊപ്പം സിനിമ കാണാനെത്തിയ 70 കാരനായ വയോധികനാണ് മുണ്ട് ധരിച്ചതിന്റെ പേരിൽ മാളിലേക്ക് പ്രവേശനം നിഷേധിച്ചത്. ജൂലൈ 16 നായിരുന്നു സംഭവം. പാന്റ് ധരിക്കാത്തതിനാൽ കർഷകനായ ഫക്കീരപ്പയെ മാളിലേക്ക് കടത്തിവിടില്ലെന്ന് മാൾ ജീവനക്കാർ പറയുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങൾ അടക്കം വൈറലായതോടെ വലിയ പ്രതിഷേധങ്ങൾക്കും ഇത് വഴിവെച്ചു. കന്നഡസംഘടനകളുടെയും കർഷകരും ചേർന്ന് മാളിനു മുന്നിൽ മുണ്ട് ധരിച്ച് പ്രതിഷേധ പ്രകടനവും നടത്തി.
സംഭവം വലിയ വിവാദമായതോടെ, മാള്‍ അധികൃതർ ഫക്കീരപ്പയോട് പരസ്യമായി മാപ്പുപറഞ്ഞശേഷം അദ്ദേഹത്തെ മാളിനകത്തുകയറ്റി ആദരിക്കുകയും ചെയ്തിരുന്നു. പ്രവേശനം നിക്ഷേധിച്ച സുരക്ഷാ ജീവനക്കാരനും അദ്ദേഹത്തോട് മാപ്പ് പറഞ്ഞു. ഇതിന് പിന്നാലെ കർണാടക സർക്കാർ മാളിനെതിരെ നടപടിയെടുക്കുകയുണ്ടായി. വിഷയം നിയമസഭയിലടക്കം ചർച്ചയായതോടെ മാള്‍ 1.78 കോടി രൂപ നികുതി നൽകുന്നതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തുകയും തുടർന്ന് അധികൃതർ അടച്ചുപൂട്ടുകയുമായിരുന്നു.