തന്‍റെ അമ്മവീടിനടുത്തുള്ള കാവിലെ വേല കാണാൻ പോകുമ്പോൾ ബസിൽ വച്ച് കണ്ട കാഴ്ചയും അതിലെ കഥാപാത്രം പറഞ്ഞ കഥയുമാണ് ഹരിനാരായണൻ ഫേസ്ബുക്കിൽ കുറിച്ചത്. കഥയ്ക്കനുസരിച്ച് വരികളും കുറിച്ചിരുന്നു. ഇത് കണ്ട സുഹൃത്ത് കൂടിയായ സംഗീത സംവിധായകൻ രാം സുരേന്ദറാണ് വരികൾക്ക് ഈണം നല്‍കി ഹരിനാരായണനെ പാടി കേൾപ്പിച്ചത്.
ഇതോടെ 'കുഞ്ഞായിപ്പാട്ട് അഥവാ മഞ്ഞപ്പാട്ട്' പിറവിയെടുക്കുകയായിരുന്നു. സിനിമാ രംഗത്തെ മറ്റൊരു സുഹൃത്തും പോസ്റ്റർ ഡിസൈനറുമായ ജയറാം രാമചന്ദ്രനാണ് കുഞ്ഞായിപ്പാട്ടിന് പോസ്റ്റർ തയ്യാറാക്കിയത്. ഷിജോ തളിയച്ചിറ ദൃശ്യഭാഷയും ഒരുക്കി. രാം സുരേന്ദറിന്‍റെ തന്നെ ശബ്ദത്തിലാണ് പാട്ട് പുറത്തിറങ്ങിയിരിക്കുന്നത്.
advertisement
'കുഞ്ഞായിയുടേയും മഞ്ഞപ്പാട്ടിന്‍റെയും കഥ' എന്ന പേരിലാണ് തന്‍റെ ഓർമകൾ ഹരിനാരായണൻ ഫേസ്ബുക്കിൽ കുറിച്ചത്. കുഞ്ഞായിയുടെ ഒരു 'ചിത്രവും'കുറിപ്പിനൊപ്പം ഉണ്ടായിരുന്നു. രസകരമായ ആ കഥയ്ക്കും കഥാപാത്രത്തിനും ദൃശ്യഭാഷ ഒരുങ്ങിയപ്പോൾ അത് മനോഹരമായ ഒരു ആവിഷ്കാരം തന്നെയായി മാറുകയായിരുന്നു.
തന്‍റെ 'കുഞ്ഞായിപ്പാട്ട്' ഒരു പാട്ടാകുന്നു എന്ന വിവരം പങ്കുവച്ചതിനൊപ്പം 'പല്ലവി അനുപല്ലവി ചരണം കരുണം ബിഭത്സം എന്നിവ ഇല്ല . പാടുന്നവർക്ക് അവരുടെ തന്നിഷ്ട നിയമപ്രകാരം വരികളെ കണ്ടയ്ൻമെൻ്റ് സോണുകളായി തിരിക്കാവുന്നതും മുറിയ്ക്കാവുന്നതും തിരുത്താവുന്നതും ആണ്' എന്നും ഹരിനാരായണൻ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.