സൗത്ത് ബട്ടണ്‍ ജില്ലയിലെ മജാപഹിത് ഗ്രാമത്തില്‍ 26 അടി നീളമുള്ള ഒരു പെരുമ്പാമ്പ് 63-കാരനായ കര്‍ഷകനെ വിഴുങ്ങി. കര്‍ഷകന്റെ മൃതദേഹം പെരുമ്പാമ്പിന്റെ വയറിനുള്ളില്‍ നിന്നും കണ്ടെത്തി. വീര്‍ത്ത് അനങ്ങാന്‍ സാധിക്കാതെ കിടക്കുന്ന പെരുമ്പാമ്പ് ഗ്രാമവാസികളുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കര്‍ഷകന്റെ മൃതദേഹം കണ്ടെത്താനായത്. പാമ്പിന്റെ വീര്‍ത്തിരിക്കുന്ന വയറ് ഗ്രാമവാസികള്‍ കീറി നോക്കിയപ്പോഴാണ് കര്‍ഷകന്റെ മൃതദേഹം ലഭിച്ചത്.
വെള്ളിയാഴ്ച രാവിലെ വയലിലേക്ക് പോയതാണ് മരണപ്പെട്ട കര്‍ഷകന്‍. എന്നാല്‍ രാത്രിയായിട്ടും വീട്ടില്‍ തിരിച്ചെത്താതായപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബം അദ്ദേഹത്തെ കാണാനില്ലെന്ന് പറഞ്ഞ് റിപ്പോര്‍ട്ട് ചെയ്തതായി ദുരന്ത നിവാരണ ഏജന്‍സിയുടെ എമര്‍ജന്‍സി ആന്‍ഡ് ലോജിസ്റ്റിക്‌സ് ഡിവിഷന്‍ മേധാവി ലാ ഒഡേ റിസാല്‍ അറിയിച്ചു.
advertisement
ഇതോടെ ഗ്രാമവാസികള്‍ അദ്ദേഹത്തെ തിരയാന്‍ തുടങ്ങി. തിരച്ചിലിനിടെ കര്‍ഷകന്റെ മോട്ടോര്‍ സൈക്കിള്‍ പാടത്തിന്റെ സമീപത്തുനിന്നും കണ്ടെത്തി. പാടത്തിനടുത്തുള്ള കുടിലിന് സമീപത്തായി ഒരു കൂറ്റന്‍ പെരുമ്പാമ്പ് അവശനായി കിടക്കുന്നതും ഗ്രാമവാസികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പാമ്പ് എന്തോ വലിയ ഒന്നിനെ വിഴുങ്ങിയതായി സംശയം തോന്നിയ ഗ്രാമവാസികള്‍ അതിന്റെ വയറ് കീറിനോക്കാന്‍ തീരുമാനിച്ചു. വയറ് കീറിയപ്പോള്‍ കര്‍ഷകന്റെ ജീവനില്ലാത്ത ജഡം ഒരു കേടുപാടുമില്ലാതെ കിടക്കുകയായിരുന്നുവെന്നും റിസാല്‍ അറിയിച്ചു.
മഴക്കാലത്ത് പെരുമ്പാമ്പ് വളര്‍ത്തുമൃഗങ്ങളെ വിഴുങ്ങുന്നത് സാധാരണയായി കാണാറുണ്ടെങ്കിലും ഒരു മനുഷ്യനെ വിഴുങ്ങുന്നത് ഇതാദ്യമായാണെന്ന് റിസാല്‍ പറയുന്നു. വില്ലേജ് സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ സെര്‍തു ദിര്‍മന്‍ സംഭവം സ്ഥിരീകരിച്ചു. ഗ്രാമവാസികളുടെയും പോലീസിന്റെയും സഹായത്തോടെ കര്‍ഷകന്റെ മൃതദേഹം അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയി.
ഞെട്ടിക്കുന്ന ഈ സംഭവം ഗ്രാമവാസികള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. കൂടാതെ ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് പ്രദേശത്ത് വര്‍ദ്ധിച്ചുവരുന്ന പാമ്പുകളുടെ എണ്ണം നിരീക്ഷിക്കാനും തദ്ദേശ ഭരണകൂടം തീരുമാനിച്ചു.
2017ലും സുലവേസി ദ്വീപില്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുലബിറോ ഗ്രാമത്തിലാണ് സംഭവം നടന്നത്. 23 അടി നീളമുള്ള പെരുമ്പാമ്പ് 25 വയസ്സുള്ള അക്ബര്‍ എന്ന യുവാവിനെ വിഴുങ്ങുകയായിരുന്നു. അക്ബറിന്റെ മൃതശരീരം പാമ്പിന്റെ വയറിനുള്ളില്‍ നിന്നും കണ്ടെത്തി. രണ്ട് സാഹചര്യങ്ങളിലും പാമ്പ് വീര്‍ത്ത് അവശനായി കിടക്കുന്നത് കണ്ട് സംശയിച്ചാണ് അതിന്റെ വയറ് കീറിനോക്കാന്‍ പ്രദേശവാസികൾ തീരുമാനിച്ചത്.
ഇന്തോനേഷ്യയിലും ഫിലിപ്പീന്‍സിലുമാണ് പെരുമ്പാമ്പ് പലപ്പോഴും കൂടുതല്‍ നീളത്തില്‍ കണ്ടുവരുന്നത്. 20 അടിയില്‍ കൂടുതല്‍ നീളമുള്ള പാമ്പുകളെയാണ് ഇവിടെ പലപ്പോഴും കാണുന്നത്. ഇവ മൃഗങ്ങളെ വിഴുങ്ങാറുണ്ടെങ്കിലും മനുഷ്യരെ ആക്രമിക്കുന്നത് അപൂര്‍വ്വമാണ്. എങ്കിലും ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ള ഭയാനകമായ ആക്രമണത്തെ കുറിച്ചുള്ള ഭയം പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കുന്നു.