ഡീക്കണ്‍ ഒന്‍പത് വയസ്സുള്ളപ്പോള്‍ മരിച്ചെങ്കിലും ആ കുഞ്ഞിന്റെ ജീവിതം തോറ്റുകൊടുക്കാൻ വിസമ്മതിക്കുന്ന മാതാപിതാക്കളുടെ പ്രതീക്ഷയുടെ തെളിവാണ്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയായ ഡീക്കണ്‍ മരണപ്പെട്ടത്. തിങ്കാളാഴ്ച രാവിലെ സ്‌കൂളിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. വെയില്‍സില്‍ ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന കുട്ടിയുടെ അച്ഛന്‍ ജാമിയെ തേടിയെത്തിയത് മകന് ഹൃദയാഘാതമുണ്ടായ വാര്‍ത്തയാണ്. 43-കാരനായ ജാമി തന്റെ ബസ് വഴിയില്‍ ഉപേക്ഷിച്ച് മകന്റെ അടുത്തേക്ക് ഓടിയെത്തി. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപ്പോഴേക്കും അവന്‍ മരിച്ചിരുന്നു.
advertisement
കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ജാമി ഉള്ളില്‍കൊണ്ടുനടന്ന ഭയമായിരുന്നു അത്. മകന്റെ വിയോഗം. ഫാദേഴ്‌സ് ഡേയില്‍ 'ദി മിററി'നോട് സംസാരിക്കുമ്പോഴാണ് മകനെ കുറിച്ചുള്ള ഹൃദയഭേദകമായ കഥ ആ അച്ഛന്‍ വിവരിച്ചത്. ഡീക്കണ്‍ ജനിക്കുന്നതിനു മുമ്പ് തന്നെ കുഞ്ഞിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണതകളെ കുറിച്ച് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഗർഭകാലത്ത് 20-ാം ആഴ്ചയിലെ സ്‌കാനിങ്ങിനുശേഷം ഗര്‍ഭഛിദ്രം നടത്തുന്നതാണ് നല്ലതെന്നും ഡോക്ടര്‍മാര്‍ ഉപദേശിച്ചു.
വൈദ്യശാസ്ത്രപരമായി കുഞ്ഞിനെ ആരോഗ്യവും ആയുസ്സും സംബന്ധിച്ച പ്രവചനങ്ങള്‍ മോശമായിരുന്നിട്ടും ഗര്‍ഭം അലസിപ്പിക്കാന്‍ ഭാര്യയും ജാമിയും തയ്യാറായില്ല. തുടര്‍ന്നുള്ള പരിശോധനകളില്‍ ഗര്‍ഭസ്ഥ ശിശു ജനനത്തെ അതിജീവിക്കില്ലെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. എന്നാല്‍, ഈ പ്രവചനങ്ങളെയെല്ലാം തോല്‍പ്പിച്ചുകൊണ്ട് ഡീക്കണ്‍ ആരോഗ്യവാനായാണ് ജനിച്ചത്. എന്നാല്‍ വെന്‍ട്രികുലാര്‍ സെപ്റ്റല്‍ ഡിഫക്ട്, മേജര്‍ അട്രോപള്‍മണറി കൊളാറ്ററല്‍ ആര്‍ട്ടറീസ് എന്നിങ്ങനെ സങ്കീര്‍ണമായ മെഡിക്കല്‍ രോഗാവസ്ഥയോടെയായിരുന്നു അത്. ഈ അവസ്ഥയില്‍ കുട്ടികളുടെ അതിജീവന നിരക്ക് കുറവാണ്. ശസ്ത്രക്രിയ നടത്തുന്നതും അപകടകരമാണെന്ന് ജാമി പറഞ്ഞു.
ഡീക്കന്റെ ആദ്യകാലങ്ങള്‍ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ഓക്‌സിജന്റെ അളവ് 60 ശതമാനമായിരുന്ന അവന് ശ്വസന പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പിന്നീട് കുടലിന്റെ ചില ഭാഗങ്ങളില്‍ നാഡീകോശങ്ങള്‍ അപ്രത്യക്ഷമാകുന്ന ഒരു അവസ്ഥയായ ഹിര്‍ഷ്‌സ്പ്രംഗ്‌സ് രോഗം കണ്ടെത്തി. കുട്ടിക്ക് നടക്കാന്‍ കഴിയില്ല. ഇഴഞ്ഞുനടക്കേണ്ടി വന്നു. ഒരിക്കലും നടക്കാന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും കുറച്ച് ചുവടുകള്‍ വെക്കാന്‍ ഡീക്കന് സാധിച്ചു. സംസാരിക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ട് നേരിട്ടു. ഫീഡിങ് ട്യൂബ് വഴിയാണ് ഭക്ഷണം കഴിച്ചത്. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ ഈ കുട്ടി അതിജീവിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അവന്‍ ചെയ്യില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതെല്ലാം അവന്‍ എങ്ങനെയോ ചെയ്തുവെന്ന് ജാമി പറഞ്ഞു. അഞ്ച് വയസ്സ് കഴിഞ്ഞപ്പോള്‍ പ്രതീക്ഷയോടെ കാത്തിരുന്നുവെന്നും പക്ഷേ, പത്ത് വയസ്സ് തികയാന്‍ അവന്‍ കാത്ത് നിന്നില്ലെന്നും അദ്ദേഹം പറഞ്ഞു.