സാന്ദ്പൂർ ഗ്രാമത്തിൽ നിന്നുള്ള സുരഭിയും അതേ പ്രദേശത്തുള്ള മഞ്ജേഷ് കുമാറും തമ്മിലായിരുന്നു വിവാഹം. ഹിന്ദു ആചാരപ്രകാരം പരസ്പരം ഇരുവരും മാലയണിയുകയും ചെയ്തിരുന്നു. എന്നാൽ ചടങ്ങുകൾ നടക്കുന്നതിനിടെ സുരഭി കുഴഞ്ഞ് വീണു. ഉടൻ ഡോക്ടറെ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. പരിശോധിച്ച ഡോക്ടർ സുരഭിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ സുരഭി മരിച്ച ശേഷവും മറ്റൊരാളെ കണ്ടെത്തി വിവാഹ ചടങ്ങുമായി മുന്നോട്ട് പോകാനാണ് വരന്റെയും വധുവിന്റെയും കുടുംബം ഒന്നിച്ചിരുന്ന് തീരുമാനിച്ചത്.
advertisement
“അത്തരം ഒരു സാഹചര്യത്തിൽ എന്തു ചെയ്യണം എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. രണ്ടു കുടുബാംഗങ്ങളും ഒന്നിച്ചിരുന്ന സംസാരിക്കുന്നതിനിടെ ഒരാൾ ഇളയ സഹോദരി നിഷയുമായി വിവാഹം നടത്താം എന്ന കാര്യം മുന്നോട്ട് വെച്ചു. ശേഷം ഇരു കുടുംബങ്ങളും ഇക്കാര്യം ചർച്ച ചെയ്യുകയും തീരുമാനം എടുക്കുകയും ആയിരുന്നു” മരിച്ച സുരഭിയുടെ സഹോദരൻ വാർത്താ ഏജൻസിയായ ഐഎഎൻഎസി നോട് പറഞ്ഞു.
സുരഭിയുടെ മൃതദേഹം മറ്റൊരു മുറിയിലേക്ക് മാറ്റിയ ശേഷമാണ് സഹോദരി നിഷയുടെയും മഞ്ജേഷിൻ്റെയും വിവാഹ ചടങ്ങുകൾ നടത്തിയത്. വിവാഹത്തിന് ശേഷം വധുവുമായി വരൻ്റെ വീട്ടുകാർ മടങ്ങി കഴിഞ്ഞാണ് സുരഭിയുടെ സംസ്കാര ചടങ്ങുകൾ നടത്തിയതെന്നും സഹോദരൻ പറഞ്ഞു.
“ഏറെ പ്രയാസത്തോടെയും ദുഃഖത്തോടെയും എടുത്ത തീരുമാനമായിരുന്നു ഇത്. ഒരു മകളുടെ മൃതദേഹം മുറിയിൽ കിടത്തുകയും അടുത്ത മുറിയിൽ മറ്റൊരു മകളുടെ വിവാഹം നടക്കുകയും ചെയ്യുക. മരണത്തിന്റെ ദുഃഖവും വിവാഹത്തിന്റെ സന്തോഷവും ഒരേ സമയം അനുഭവിക്കേണ്ടി വരുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല” സുരഭിയുടെ അമ്മാവനായ അജബ് സിംഗ് പറഞ്ഞു.
വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ വധു മരിക്കുന്ന സംഭവം ഇന്ത്യയിൽ ഇത് ആദ്യമല്ല. അടുത്തിടെ ഒഡീഷയിലും വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ വധു മരിച്ചിരുന്നു. വിവാഹത്തിന് ശേഷം വരന് ഒപ്പം മടങ്ങുന്നതിനിടെ അമിതമായി കരയുകയും ഇതേ തുടർന്ന് ഹൃദയാഘാതം ഉണ്ടായതുമാണ് മരണത്തിന് ഇടയാക്കിയത്. ഒഡീഷയിലെ സോനേപൂർ ജില്ലയിലാണ് ആഘോഷം ദുഃഖത്തിലേക്ക് വഴി മാറിയത്. ഗുപ്തേശ്വരി സഹോ എന്ന യുവതിയാണ് വിവാഹത്തിന് പിന്നാലെ മരണപ്പെട്ടത്.
ബൊലാങ്കിരി ജില്ലയിലുള്ള വരൻ്റെ വീട്ടിലേക്ക് വധുവിനെ അയക്കുന്ന ചടങ്ങിനിടെ ഇവർ തളർന്ന് വീഴുകയും പിന്നീട് മരിക്കുകയുമായിരുന്നു. തളർന്നു വീണ ഉടൻ മുഖത്ത് വെള്ളം തളിക്കുകയും മറ്റും ചെയ്തിട്ടും ബോധം വരാത്തതിനെ തുടർന്ന് തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
