ബ്രിട്ടണിലെ ഓരോ കുടുംബവും ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് പ്രതിമാസം സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ചെലവാക്കുന്ന പണം സര്‍ക്കാര്‍ ഒരു മൊബൈല്‍ അപ്ലിക്കേഷന്റെ സഹായത്തോടെ വിലയിരുത്തും. അതിന്റെ അടിസ്ഥാനത്തിലാണ് അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ വാങ്ങുന്നത് കുറയ്ക്കുകയും കൂടുതല്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും വാങ്ങുകയും ചെയ്യുന്നവരെ കണ്ടെത്തുകയും അവരുടെ ശ്രമങ്ങള്‍ക്കുള്ള അംഗീകാരം എന്ന നിലയില്‍ പ്രതിഫലം നല്‍കുകയും ചെയ്യുക. സ്‌കൂളുകളിലേക്കോ ജോലിസ്ഥലങ്ങളിലേക്കോ ഉള്ള ചെറിയ ദൂരങ്ങള്‍ യാത്ര ചെയ്യാന്‍ വാഹനം ഒഴിവാക്കുകയും കാല്‍നടയാത്രയ്ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യുന്നവരെ കണ്ടെത്താനും ഈ ആപ്പ് ഉപകരിക്കും. അവര്‍ക്കും സര്‍ക്കാര്‍ പാരിതോഷികങ്ങള്‍ നല്‍കും.
advertisement
ഈ ആപ്പില്‍ 'ലോയല്‍റ്റി പോയിന്റ്‌സ്' എന്ന പേരിലാണ് പ്രതിഫലം ചേര്‍ക്കപ്പെടുക. ഉപഭോക്താക്കള്‍ക്ക് അവ ഡിസ്‌കൗണ്ടുകളായും സൗജന്യ ടിക്കറ്റുകളായും ക്യാഷ്ബാക്കായും മാറ്റി ഉപയോഗിക്കാന്‍ കഴിയും. അടുത്ത വര്‍ഷം ജനുവരി മുതലാണ് ഈ പദ്ധതിയ്ക്ക് തുടക്കമാവുക. ഈ പദ്ധതിയുടെ നടത്തിപ്പിനായി ഔദ്യോഗിക തലത്തില്‍ ഒരു സംഘം പ്രവര്‍ത്തനം ആരംഭിച്ചു.
ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മുന്‍കാലങ്ങളിലെ പോലെ മെല്ലെപ്പോക്ക് ഇനി അനുചിതമാണെന്നും ഈ വിഷയത്തെ നമ്മള്‍ നേരിട്ട് അഭിസംബോധന ചെയ്‌തേ മതിയാകൂ എന്നുമാണ് പ്രധാനമന്ത്രിയുടെ അഭിപ്രായമെന്ന് ഔദ്യോഗിക വക്താക്കള്‍ അറിയിച്ചതായി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നേരിട്ടാകും ഈ ക്യാമ്പയിന് നേതൃത്വം നല്‍കുക. കോവിഡ് ബാധയ്ക്ക് ശേഷം ഭക്ഷണരീതിയുടെ കാര്യത്തിലും വ്യായാമത്തിന്റെ കാര്യത്തിലും അദ്ദേഹം അതീവശ്രദ്ധ പുലര്‍ത്തി വരികയാണ്. ലോകത്ത് അമിതവണ്ണമുള്ള ആളുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ മുമ്പില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ബ്രിട്ടണ്‍. രാജ്യത്ത് പ്രായപൂര്‍ത്തി ആയവരില്‍ മൂന്നില്‍ രണ്ടു പേര്‍ക്കും അമിതവണ്ണമോ പൊണ്ണത്തടിയോ ഉണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
2012-ല്‍ ലണ്ടന്‍ ഒളിമ്പിക്‌സിന്റെ സംഘാടനത്തില്‍ പ്രധാന പങ്കു വഹിച്ച കെയ്ത്ത് മില്‍സിനെയും ഈ പദ്ധതിയുടെ ഭാഗമായ സംഘത്തില്‍ പ്രധാനമന്ത്രി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പദ്ധതി ആരംഭിക്കുന്നതോടെ അമിതവണ്ണമുള്ളവരുടെ നിരക്കില്‍ വരും വര്‍ഷങ്ങളില്‍ വലിയ കുറവ് ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
