ബോസിന് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് തങ്ങളുടെ വിശ്വസ്തതയും ബോസിനോടുള്ള ഭക്തിയും തെളിയിക്കാനാണ് ഈ ജീവനക്കാര്‍ ശ്രമിക്കുന്നത്. ചൈനയിലെ തെക്കന്‍ നഗരമായ ഗ്വാങ്ഷുവില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. രാജ്യത്തെ തൊഴില്‍സംസ്‌കാരത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കാണ് ഈ വീഡിയോ വഴിവെച്ചത്.
വീഡിയോയില്‍ സ്ത്രീ-പുരുഷ ഭേദമന്യേ എല്ലാ ജീവനക്കാരും ഓഫീസിന്റെ ഇടനാഴിയില്‍ നിലത്ത് കിടക്കുന്നത് കാണാം. 'ക്വിമിംഗ് ബ്രാഞ്ചിലെ ബോസ് ഹുവാങിനെ സ്വാഗതം ചെയ്യുന്നു.ജീവിച്ചാലും മരിച്ചാലും ഞങ്ങളുടെ ദൗത്യത്തില്‍ നിന്ന് പിന്നോട്ടില്ല,' എന്ന് ജീവനക്കാര്‍ ഉറക്കെ പറയുന്നതും വീഡിയോയിലുണ്ട്. ഇതോടെയാണ് ജീവനക്കാരുടെ പ്രവൃത്തിയില്‍ സംശയം പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ രംഗത്തെത്തിയത്. ചിലര്‍ വീഡിയോയുടെ ആധികാരികതയെ ചോദ്യം ചെയ്തു.
സംഭവം വിവാദമായതിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച് പ്രസ്തുത കമ്പനിയുടെ നിയമവിഭാഗം രംഗത്തെത്തി. ബോസിന്റെ നിര്‍ദേശപ്രകാരമല്ല ഇത്തരമൊരു പ്രവൃത്തി നടന്നതെന്നും കമ്പനിയില്‍ ഇത്തരത്തിലുള്ള സമ്പ്രദായം നിലനില്‍ക്കുന്നില്ലെന്നും നിയമവിഭാഗം വ്യക്തമാക്കി.
വീഡിയോ വൈറലായതോടെ ചൈനയിലെ തൊഴിലിടങ്ങളില്‍ നിലനില്‍ക്കുന്ന ചൂഷണങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ വ്യാപകമായി. രാജ്യത്തെ പല ഓഫീസുകളിലും ജീവനക്കാര്‍ വളരെ സമ്മര്‍ദത്തിലാണെന്നും ചില സാഹചര്യങ്ങളില്‍ മനുഷ്യത്വരഹിതമായ നടപടികളാണ് ജീവനക്കാര്‍ക്കെതിരെ മേലുദ്യോഗസ്ഥര്‍ കൈകൊള്ളുന്നതെന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
സമാനമായി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചൈനയിലെ ഒരു കമ്പനി ജീവനക്കാര്‍ക്ക് ഫിറ്റ്‌നെസ് ചാലഞ്ച് നല്‍കിയതും വാര്‍ത്തയായിരുന്നു. എല്ലാ ജീവനക്കാരും ദിവസവും 1,80,000 സ്റ്റെപ്‌സ് നടക്കണമെന്നായിരുന്നു കമ്പനിയുടെ നിര്‍ദേശം. ഇത് ലംഘിക്കുന്ന ജീവനക്കാര്‍ക്കെതിരെ പിഴയിടാക്കുമെന്നും കമ്പനി പറഞ്ഞിരുന്നു.
ടാര്‍ഗറ്റ് പൂര്‍ത്തിയാകാത്ത ജീവനക്കാരെ കൊണ്ട് എരിവുള്ള ഹോട്ട് ചില്ലി പെപ്പേഴ്‌സ് കഴിപ്പിച്ച ചൈനയിലെ മറ്റൊരു കമ്പനിയും വാര്‍ത്തകളിലിടം നേടിയിരുന്നു. 2020ലായിരുന്നു ഈ സംഭവം നടന്നത്. ഹോട്ട് ചില്ലി പെപ്പേഴ്‌സ് കഴിച്ച രണ്ട് ജീവനക്കാര്‍ ആശുപത്രിയിലായതോടെ സംഭവം പുറത്തറിഞ്ഞത്.