ഫുജിയാന്‍ സ്വദേശിയായ ജെയ്ന്‍ ഹുവാങ് എന്ന് 35കാരിക്ക് സബ് ഡിസ്ട്രിക് ഓഫീസില്‍ നിന്ന് വന്ന ഒരു ഫോണ്‍ കോളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഉദ്യോഗസ്ഥന്‍ തന്നോട് ഗര്‍ഭിണിയാണോയെന്ന് അന്വേഷിച്ചുവെന്നും ഗര്‍ഭം ധരിക്കാനുള്ള ശരിയായ സമയത്തെക്കുറിച്ച് അവരെ ഓര്‍മിപ്പിക്കുകയും ചെയ്തു. എന്നാല്‍, ഈ ഫോണ്‍ കോള്‍ തനിക്ക് ഒരേ സമയം ചിരിയും അസ്വസ്ഥതയുമുണ്ടാക്കിയെന്ന് ജെയ്ന്‍ പറഞ്ഞു. സ്വകാര്യത, ജീവിതനിലവാരം, തെരഞ്ഞെടുപ്പുകള്‍ എന്നിവയെ കൂടുതല്‍ വിലമതിക്കുന്ന വ്യത്യസ്തമായ ഒരു തലമുറയോടാണ് താന്‍ സംസാരിക്കുന്നതെന്ന് മനസ്സിലാക്കാത്ത മുന്‍ തലമുറയില്‍ നിന്നുള്ള ആളായിരിക്കണം തന്നെ വിളിച്ചയാളെന്ന് കരുതുന്നതായി അവര്‍ പറഞ്ഞു.
advertisement
സാമ്പത്തിക ബുദ്ധിമുട്ടുകള്‍, സമയത്തിന്റെ പരിമിതികള്‍, കൂടുതല്‍ കുട്ടികളുണ്ടാകുമ്പോള്‍ രക്ഷാകര്‍ത്വത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ എന്നിവ കൂടുതല്‍ കുട്ടികളുണ്ടാകുന്നതിനുള്ള പ്രധാന തടസ്സങ്ങളാണെന്നാണ് ഹുവാങ്ങിന്റെ പ്രതികരണം വിരല്‍ ചൂണ്ടുന്നത്. ചൈനയില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ഒറ്റക്കുട്ടി നയത്തിന്റെ പേരിൽ ഈടാക്കിയ പിഴകളില്‍ പല വ്യക്തികളും നീരസം പ്രകടിപ്പിക്കുന്നുണ്ട്. മുന്‍പ് ജനനനിയന്ത്രണ നിയമങ്ങള്‍ പ്രകാരം ജനങ്ങളില്‍നിന്ന് ഈടാക്കിയ പിഴത്തുക തിരികെ നല്‍കാന്‍ പൗരന്മാര്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഫുജിയാനില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനായ ലിന്‍ പറഞ്ഞു.
2021ല്‍ ചൈനീസ് സര്‍ക്കാര്‍ ഒറ്റക്കുട്ടി നയം എടുത്തു കളയുകയും കുട്ടികളുടെ എണ്ണം മൂന്നായി ഉയര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍, മുന്‍ കാലങ്ങളില്‍ ജനങ്ങളില്‍ നിന്ന് ഈടാക്കിയ തുക തിരികെ നല്‍കുന്നത് സംബന്ധിച്ച് സൂചനയൊന്നും നല്‍കിയിട്ടില്ല. ഈ പരാതികള്‍ പരിഹരിക്കുന്നതിന് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളൊന്നും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുമില്ല.
നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന് കീഴില്‍ ഒക്ടോബര്‍ 11 മുതൽ ചൈനയിലെ ജനസംഖ്യയും കുടുംബവികസനവും സംബന്ധിച്ച് സാമ്പിള്‍ സർവേ നടത്തുന്നുണ്ട്. അതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ സ്ത്രീകളെ വ്യക്തിപരമായി വിളിച്ച് കുടുംബം വിപൂലീകരിക്കുന്നത് സംബന്ധിച്ച് അന്വേഷണം നടത്തുന്നത്. 150 കൗണ്ടികളിലായി 15000 കമ്മ്യൂണിറ്റികളിലെ 30,000 കുടുംബങ്ങളിലാണ് സർവേ നടത്തുന്നത്. പ്രസവത്തെ നിരുത്സാഹപ്പെടുത്തുന്ന ഘടകങ്ങള്‍ എന്തൊക്കെയാണെന്നാണ് സർവേയില്‍ പരിശോധിക്കുന്നത്. ആളുകള്‍ക്ക് വിവാഹം, ഫെര്‍ട്ടിലിറ്റി, കുടുംബം എന്നിവയോട് ആളുകള്‍ക്കുള്ള മനോഭാവം പരിശോധിക്കുകയും ചെയ്യുന്നുണ്ട്.
ശേഖരിച്ച ഡാറ്റ ജനനനിരക്ക് സ്ഥിരപ്പെടുത്താനും കുടുംബങ്ങള്‍ വിപുലീകരിക്കാന്‍ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നയങ്ങളെ പിന്തുണയ്ക്കാനും ഉദ്ദേശിച്ചുള്ളതാണ്. സിവില്‍, വിദ്യാഭ്യാസം, പോലീസ്, ആരോഗ്യമേഖല തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാണ് സർവേ നടത്തുന്നതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു.
ഭാവിയില്‍ ഗര്‍ഭിണിയാകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് കുഞ്ഞുങ്ങളിലെ ജനനവൈകല്യ സാധ്യതകള്‍ കുറയ്ക്കുന്നതിന് ഫോളിക് ആസിഡ് ഗുളികകള്‍ സൗജന്യമായി നല്‍കുന്നുണ്ട്. എങ്കിലും ചൈനയിലെ ജനനനിരക്ക് കുത്തനെ ഇടിയുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2022ല്‍ ചൈനയിലെ കണക്കുകള്‍ പ്രകാരം ഒരു സ്ത്രീക്ക് 1.09 എന്ന നിരക്കിലാണ് ജനനനിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. 2023ല്‍ ഇത് 0.6 വീണ്ടും കുറഞ്ഞു. ജനസംഖ്യസ്ഥിരമായി നിലനിര്‍ത്താന്‍ 2.1 ആയി ജനനനിരക്ക് നിജപ്പെടുത്തേണ്ടതുണ്ട്.
അടുത്തകാലം വരെ വലിയ തുകകള്‍ പിഴയായി ഈടാക്കി കര്‍ശനമായ ജനന നിയന്ത്രണ നടപടികള്‍ ചൈന നടപ്പാക്കിയിരുന്നു. അംഗങ്ങള്‍ കൂടുതലുള്ള കുടുംബങ്ങളില്‍ നിന്ന് സോഷ്യല്‍ മെയിന്റനന്‍സ് ഫീസ് പലപ്പോഴായി ഈടാക്കിയിരുന്നു. ഇതിന് കൃത്യമായ നഷ്ടപരിഹാരം ഇനിയും നല്‍കി തുടങ്ങിയിട്ടില്ലെങ്കിലും പ്രശ്‌നം പരിഹരിക്കുമെന്ന് പ്രാദേശിക സര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിട്ടുണ്ട്.