ആപ്പിളിലെ തന്റെ ആദ്യകാല ജോലിയെപ്പറ്റി ക്രിസ് മനസ്തുറന്നിരിക്കുകയാണ്. മാകിന്റോഷ് കംപ്യൂട്ടറിന്റെ ചരിത്രത്തെക്കുറിച്ചുള്ള ഓണ്‍ലൈന്‍ ഡോക്യുമെന്റേഷന്‍ പ്രോജക്ടായ മേക്കിംഗ് ദി മാകിന്റോഷിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചത്. ''ഹൈസ്‌കൂള്‍ പഠനം കഴിഞ്ഞത് മുതല്‍ ഞാന്‍ ആപ്പിളില്‍ ജോലി ചെയ്യാന്‍ ആരംഭിച്ചു. ApplePlot പോലെയുള്ള ചില ഉത്പന്നങ്ങള്‍ക്കായുള്ള ടെക്‌നിക്കല്‍ ഡോക്യുമെന്റേഷനുകള്‍ ഞാന്‍ തയ്യാറാക്കിയിരുന്നു,'' അദ്ദേഹം പറഞ്ഞു.
ബെര്‍ക്ക്‌ലീയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പഠിക്കാന്‍ പോയപ്പോഴും ആപ്പിളിലെ ജീവനക്കാരന്‍ എന്ന പദവിയില്‍ അദ്ദേഹം തുടര്‍ന്നു. പിന്നീട് കമ്പനിയിലെ എട്ടാം നമ്പര്‍ ജീവനക്കാരനായി അദ്ദേഹം നിയമിതനായി. ആപ്പിളിന്റെ ആദ്യ സിഇഒ ആയ മെക്ക് സ്‌കോട്ട് ആയിരുന്നു ഏഴാം നമ്പര്‍ ജീവനക്കാരന്‍. ഒന്നും രണ്ടും നമ്പറുകള്‍ സ്റ്റീവ് വോസ്‌നിയാകിനും സ്റ്റീവ് ജോബ്‌സിനുമായിരുന്നു.
advertisement
ആപ്പിളിന്റെ ഉത്പന്നങ്ങൾ ഉപയോക്താക്കൾക്ക് മുന്നില്‍ അവതരിപ്പിക്കുകയെന്ന ജോലിയായിരുന്നു തനിക്ക് ആദ്യം ലഭിച്ചതെന്ന് ക്രിസ് പറഞ്ഞു. ''ആളുകള്‍ക്ക് ചില തെറ്റിദ്ധാരണയുണ്ടായിരുന്നു. ആപ്പിളില്‍ എത്തുമ്പോള്‍ ഒരു റിസപ്ഷനിസ്റ്റ് അവരെ വരവേല്‍ക്കുമെന്നും സെയില്‍സ് പ്രതിനിധി അവരോട് സംസാരിക്കുമെന്നും ശേഷം മെഷീനുകളുടെ ഷോറൂമിലേക്ക് അവരെ കൊണ്ടുപോകുമെന്നും അവര്‍ ധരിച്ചിരുന്നു,'' ക്രിസ് പറഞ്ഞു.
വര്‍ഷങ്ങള്‍ കഴിയുകയും കമ്പനിയുടെ നേതൃത്വം പലകുറി മാറിയെങ്കിലും ആപ്പിളിലെ ഏറ്റവും മുതിര്‍ന്ന ജീവനക്കാരന്‍ എന്ന സ്ഥാനത്ത് ഇപ്പോഴും ക്രിസ് എസ്പിനോസ തുടരുന്നു. 62 വയസ്സുള്ള അദ്ദേഹം ഇപ്പോഴും ആപ്പിളിന്റെ ജീവനക്കാരനായി തുടരുകയാണ്. ആപ്പിളിന്റെ വേള്‍ഡ് വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലെ സ്ഥിരം സാന്നിദ്ധ്യമായ ക്രിസ് വിവിധ വേദികളില്‍ കമ്പനിയെ പ്രതിനിധീകരിച്ച് എത്താറുണ്ട്. 2013ല്‍ പുറത്തിറങ്ങിയ ജോബ്‌സ് എന്ന ഹോളിവുഡ് ചിത്രത്തില്‍ നടന്‍ എഡ്ഡി ഹസേല്‍ ആണ് ക്രിസ് എസ്പിനോസയായി എത്തിയത്.