"എനിക്ക് രണ്ട് പെൺകുട്ടികളാണ്. വീട്ടിലേക്ക് വന്നുകയറിയ രണ്ട് മരുമക്കളും എനിക്ക് പുത്രന്മാരെപ്പോലെയായിരുന്നു. നവാസ് കഴിഞ്ഞ 22 വർഷമായി എന്റെ കൂടെയുണ്ടായിരുന്നു. അവൻ മരുമകനല്ല, മകനായിരുന്നു. എല്ലാം അറിഞ്ഞു ചെയ്യുന്നവൻ. നവാസ് ഒരു നീറ്റൽ തന്നുപോയി," ഹസ്സനാർ പറഞ്ഞു. മരിക്കുന്നതിന് മുൻപ് പുതിയൊരു നാടകത്തിന്റെ പന്ത്രണ്ട് പേജോളം അവൻ എഴുതിയിരുന്നെന്നും അതിന്റെ കഥ തന്നോട് പറഞ്ഞിരുന്നെന്നും ഇടറിയ ശബ്ദത്തോടെ അദ്ദേഹം ഓർത്തെടുത്തു.
നവാസ് അവസാനമായി അഭിനയിച്ച 'പ്രകമ്പനം' എന്ന സിനിമയെക്കുറിച്ചും ഹസ്സനാർ സംസാരിച്ചു. 'എന്റെ മകൻ അവസാനമായി അഭിനയിച്ച സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. എല്ലാവരും തിയേറ്ററിൽ പോയി തന്നെ ആ ചിത്രം കാണണം. ഇനിയൊരു സിനിമയിൽ അവനെ കാണാൻ കഴിയില്ലല്ലോ എന്നതാണ് എന്റെ ദുഃഖം,' അദ്ദേഹം കൂട്ടിച്ചേർത്തു. 2025 ഓഗസ്റ്റ് ഒന്നിനാണ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ കലാഭവൻ നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അപ്രതീക്ഷിത വേർപാടിന്റെ ആഘാതത്തിൽ നിന്നും കുടുംബം ഇന്നും മുക്തമായിട്ടില്ല.
advertisement
