37.0 ഡിഗ്രി സെല്‍ഷ്യല്‍സ് പനിയെ തുടര്‍ന്ന് ജീവനക്കാരി ഒരു മണിക്കൂര്‍ നേരം അവധി ചോദിച്ചപ്പോള്‍ സഹതാപത്തിന് പകരം എച്ച്ആര്‍ അവരെ രൂക്ഷമായി ശകാരിക്കുകയും പരിഹസിക്കുകയുമാണുണ്ടായത്. പനിക്കിടെ ചെറുതായി വിശ്രമിക്കാന്‍ ഒരിടവേള ചോദിച്ചുപ്പോള്‍ എച്ച്ആര്‍ ഏകദേശം രണ്ട് മണിക്കൂറോളം അവരെ ശകാരിക്കുകയാണുണ്ടായതെന്ന് യുവതി സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തി.
ജൂണ്‍ അഞ്ചിനാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത യുവതി തന്റെ ജോലിസ്ഥലത്തെ അനുഭവം പങ്കുവെച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടതെന്ന് സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എച്ച്ആറുമായുള്ള സംഭാഷണത്തിന്റെ സ്‌ക്രീന്‍ ഷോട്ടും അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇത് വളരെ പെട്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായി.
advertisement
ലീവ് അപേക്ഷയല്ല സോഷ്യല്‍ മീഡിയയുടെ ശ്രദ്ധനേടിയത്. മറിച്ച് അതിന് അവര്‍ക്ക് നേരിടേണ്ടി വന്ന അപമാനിക്കപ്പെടുന്ന സന്ദേശങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. നിങ്ങള്‍ വളരെ ദുബലയാണെന്നും 38 ഡിഗ്രി പനി പോലും താങ്ങാന്‍ കഴിയുന്നില്ലേയെന്നും ഹുവാങ് എന്ന് കുടുംബപേരുള്ള എച്ച്ആര്‍ ആ ജീവനക്കാരിയോട് ചോദിച്ചു. ജീവനക്കാരിയുടെ അസുഖ വിവരത്തെ നിസ്സാരമായി കണ്ട് പരിഹസിക്കുകയാണ് എച്ചആര്‍ ചെയ്തത്.
യുവതിയെ അപമാനിക്കുന്ന അസ്വസ്ഥതയുണ്ടാക്കുന്ന വാക്കുകള്‍ അവര്‍ ആവര്‍ത്തിച്ചു. നിങ്ങളുടെ തലച്ചോര്‍ പനി ബാധിച്ച് വറ്റിപോയോ, നിങ്ങള്‍ക്ക് ആര്‍ത്തവം തടസപ്പെട്ടോ, അത് കൃത്യമായി നടക്കുന്നില്ലേ, സംസാരിക്കുന്നതിന് മുമ്പ് ചിന്തിക്കാനുള്ള ശേഷിയില്ലേ തുടങ്ങിയ വാക്കുകള്‍ കൊണ്ട് എച്ച്ആര്‍ ജീവനക്കാരിയെ തുടര്‍ച്ചയായി അപമാനിച്ചു. എന്നാല്‍, ഈ അപമാനത്തിനു ശേഷവും ജീവനക്കാരി തന്റെ ജോലി തുടര്‍ന്നു. എന്നാല്‍ എച്ച്ആര്‍ അതുകൊണ്ടും നിര്‍ത്തിയില്ല. അവര്‍ വീണ്ടും വാക്കാലുള്ള പീഡനം തുടര്‍ന്നു.
"നീ ലീവെടുത്തിട്ടും പോയില്ല. ജോലി ശരിയായി ചെയ്യാതെ ഇവിടെ തന്നെ തുടര്‍ന്നു. നിന്റെ പ്രവൃത്തിയും വാക്കുകളും തമ്മില്‍ പൊരുത്തമില്ല. നീ ഒരു മാനോരോഗ വിദഗ്ദ്ധനെ കാണണം". എന്നിങ്ങനെ ജീവനക്കാരിയുടെ മാനസികാരോഗ്യത്തെ ചോദ്യംചെയ്തുകൊണ്ടുള്ള സന്ദേശങ്ങളും എച്ച്ആര്‍ അയച്ചു.
ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. തൊഴില്‍ നിയമത്തില്‍ അസുഖം ബാധിച്ചാല്‍ അവധി എടുക്കാനുള്ള അവകാശം സംരക്ഷിക്കുകയും രോഗാവസ്ഥയില്‍ ജോലി ചെയ്യുന്നത് നിരോധിക്കുകയും ചെയ്യുന്ന ഒരു രാജ്യത്ത് ഇതിനെ ഒറ്റപ്പെട്ട ഒരു ഓഫീസ് തര്‍ക്കമായിട്ടല്ല പൊതുജനങ്ങള്‍ കണ്ടത്. മറിച്ച് വിശാലമായ ജോലിസ്ഥലത്ത് ജീവനക്കാരുടെ ബുദ്ധിമുട്ടുകള്‍ കേള്‍ക്കാന്‍ താല്‍പ്പര്യമില്ലാത്തതിന്റെ പ്രതിഫലനമായിട്ടാണ്. രോഗത്തെ പരിഹസിക്കുക, മാനസികാരോഗ്യത്തെ ചോദ്യം ചെയ്യുക, ലിംഗഭേദം കാണിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുക തുടങ്ങിയ അപമാനങ്ങളുടെ വൈകാരിക സ്വഭാവം വ്യാപകമായ രോഷത്തിന് കാരണമായി.
അപമാനവും പരിഹാസവും നേരിടേണ്ടി വന്ന ജീവനക്കാരിയെ അനുകൂലിച്ചുള്ള പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. വിനോദരംഗത്ത് പ്രവര്‍ത്തിക്കുന്ന പല കമ്പനികളും ജീവനക്കാരോട് ഈ രീതിയിലാണ് പെരുമാറുന്നതെന്നും ഇത്തരമൊരു സ്ഥലത്ത് ജോലി ചെയ്യില്ലെന്ന് തീരുമാനിച്ചതായും ഒരാള്‍ കുറിച്ചു. ഇതില്‍ ഉത്തരവാദിത്തം വേണമെന്ന് മറ്റൊരാള്‍ ആവശ്യപ്പെട്ടു. ഒരു മനുഷ്യനെന്ന നിലയില്‍ കുറഞ്ഞത് സഹതാപവും സഹാനുഭൂതിയും ഉണ്ടായിരിക്കണമെന്നും ഈ എച്ച്ആര്‍ സൂപ്പര്‍വൈസറെ നിരോധിക്കാന്‍ എല്ലാ സോഷ്യല്‍മീഡിയയോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും ഒരാള്‍ കുറിച്ചു. ഇത്തരം സ്വഭാവവും പെരുമാറ്റവും പോകുന്നിടത്തെല്ലാം ദോഷം ചെയ്യുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ കമ്പനി ഇക്കാര്യത്തില്‍ പ്രതികരണവുമായെത്തി. ഇത് രണ്ട് ജീവനക്കാര്‍ക്കിടയിലുള്ള വ്യക്തിപരമായ തര്‍ക്കമാണെന്നായിരുന്നു പ്രാരംഭത്തില്‍ കമ്പനിയുടെ പ്രതികരണം. എന്നാല്‍, സിയാവോഷാന്‍ ജില്ലാ ഹ്യൂമണ്‍ റിസോഴ്‌സസ് ആന്‍ഡ് സോഷ്യല്‍ സെക്യൂരിറ്റി ബ്യൂറോ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതോടെ കമ്പനിയുടെ സ്വരം മാറി. ജീവനക്കാരന് അച്ചടക്ക നടപടികളോ പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ശമ്പള നഷ്ടമോ നേരിടേണ്ടിവരില്ലെന്ന് കമ്പനി പിന്നീട് സ്ഥിരീകരിച്ചു. മാത്രമല്ല പ്രശ്‌നത്തിന്റെ കാരണക്കാരിയായ എച്ച്ആര്‍ സൂപ്പര്‍വൈസറെ കമ്പനി പുറത്താക്കിയതായും ജിമു ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കമ്പനി പോളിസികള്‍ ലംഘിച്ചതിന് എച്ച്ആറിന്റെ കരാര്‍ അവസാനിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.