പോലീസ് സ്‌റ്റേഷൻ പരിസരത്താണ് ഇൻസ്പെക്ടറും ഭാര്യയും റീൽ ചിത്രീകരിച്ചിരിക്കുന്നതെന്ന് ദൃശ്യങ്ങളിൽ കാണാൻ കഴിയും. ഇരുവരും ചേർന്ന് നൃത്തം ചെയ്യുന്നതും ഭാര്യയുടെ തലയിൽ തന്റെ പോലീസ് തൊപ്പി ചൗധരി വയ്ക്കുന്നതും വീഡിയോയിലുണ്ട്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് പോലീസ് ഉദ്യോഗസ്ഥനെ വിമർശിച്ച് രംഗത്തെത്തിയത്. നിങ്ങൾ നിങ്ങളുടെ കടമ ശരിയായി ചെയ്യുന്നുണ്ടോ, അതോ റീലുകൾ തയ്യാറാക്കുകയാണോയെന്ന് ഒരു ഉപയോക്താവ് ചോദിച്ചു.
റീൽ വൈറലായതിന് പിന്നാലെ ചൗധരിക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ചൗധരിയെ ഇൻസ്പെക്ടർ പദവിയിൽ നിന്ന് നീക്കിയതായി പലാമു പോലീസ് സൂപ്രണ്ട്(എസ്പി) റീഷ്മ രമേശൻ അറിയിച്ചു.
advertisement
"റീൽ വൈറലായതിനെ തുടർന്ന് ചൗധരിക്കെതിരേ പലാമു റേഞ്ച് ഡിഐജി കിഷോർ കൗശൽ അച്ചടക്ക നടപടി സ്വീകരിച്ചു. ഇത് അച്ചടക്കമില്ലായ്മയും മോശം പെരുമാറ്റവുമാണ്. യൂണിഫോമിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന് ഇത്തരത്തിൽ റീൽ ചിത്രീകരിക്കാൻ അനുവാദമില്ല," അവർ പറഞ്ഞു.
"പോലീസ് സ്‌റ്റേഷൻ പരിസരത്ത് റീലുകൾ തയ്യാറാക്കുന്നതോ ചിത്രീകരിക്കുന്നതോ കർശനമായി നിരോധിച്ചതാണ്. ഇൻസ്‌പെക്ടർ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ, പ്രത്യേകിച്ച് ഉയർന്ന പദവിയിലുള്ളവർ ഈ നിയമങ്ങൾ അവഗണിച്ച് ഇത്തരത്തിൽ പെരുമാറുന്നത് ഗുരുതരമായ അച്ചടക്ക ലംഘനമാണ്," അവർ വ്യക്തമാക്കി
ചൗധരി റീലുകൾ ചിത്രീകരിക്കുക മാത്രമല്ല, അവ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതായും ആരോപണമുണ്ട്.
ആരാണ് ഇൻസ്‌പെക്ടർ സോനു ചൗധരി?
2012 ബാച്ച് പോലീസ് ഉദ്യോഗസ്ഥനാണ് സോനു ചൗധരി. 2024ൽ ഇൻസ്‌പെക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു. നേരത്തെ പലാമുവിലെ ചെയിൻപുർ പോലീസ് സ്‌റ്റേഷൻ ഇൻചാർജ് ആയിരുന്നു. ഹുസൈനാബാദിലാണ് നിലവിൽ ജോലി ചെയ്യുന്നത്. സോൺ നദിക്കരയിൽ ബീഹാർ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഹുസൈനാബാദ് പ്രദേശം നക്‌സൽ ഭീഷണിയുള്ള സ്ഥലമാണ്.
കഴിഞ്ഞ വർഷം മാർച്ചിൽ സെക്ടർ-20ലെ ഗുരുദ്വാര ചൗക്കിൽ റോഡിലെ സീബ്രാ കോസിംഗിൽ ഭാര്യ നൃത്തം ചെയ്യുന്ന വീഡിയോ വൈറലയാതിനെ തുടർന്ന് ചണ്ഡീഗഡ് പോലീസിലെ സീനിയർ കോൺസ്റ്റബിളായിരുന്ന അജയ് കുണ്ടുവിനെ സസ്‌പെൻഡ് ചെയ്തിരുന്നു. റീൽ ചിത്രീകരണത്തിനിടെ ഗതാഗത തടസ്സമുണ്ടായത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു.
