TRENDING:

രണ്ടിലേറെ കുട്ടികൾ പാടില്ലെന്ന ചട്ടം ലംഘിച്ചതിന് അയോഗ്യത; മൂന്നാമത്തെ കുട്ടി തന്റേതല്ലെന്ന് കൗൺസിലറുടെ വാദം

Last Updated:

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രണ്ടിൽക്കൂടുതൽ കുട്ടികളുള്ളവർക്ക് അയോഗ്യത കൽപ്പിച്ചുകൊണ്ടുള്ള വ്യവസ്ഥ മഹാരാഷ്ട്ര സർക്കാർ 2001 സെപ്റ്റംബർ 1-ന് പ്രാബല്യത്തിൽ കൊണ്ടുവന്നിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രണ്ടു കുട്ടികളേ പാടുള്ളൂ എന്ന നിബന്ധന ലംഘിച്ചത് മൂലമുള്ള അയോഗ്യതയെ മറികടക്കാൻ മൂന്നാമത്തെ കുട്ടി തന്റേതല്ലെന്ന് സ്ഥാപിക്കാൻ ശ്രമം നടത്തി മഹാരാഷ്ട്രയിലെ മുനിസിപ്പൽ കൗൺസിലർ. മൂന്നാമത്തെ കുട്ടി മറ്റൊരാളുടേതാണ് എന്ന വാദം അംഗീകരിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചതോടെ സ്വന്തം കുട്ടിയെ 'കൈയൊഴിയാൻ' നടത്തിയ നീക്കം വിഫലമായി മാറി. നേരത്തെ മുംബൈ ഹൈക്കോടതിയും സമാനമായ വാദം തള്ളിക്കളഞ്ഞിരുന്നു.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

2017-ൽ സോലാപ്പൂർ മുനിസിപ്പൽ കൗൺസിലിലേക്ക് അനിത രാംദാസ് മഗർ എന്ന വനിത തെരഞ്ഞെടുക്കപ്പെട്ടതാണ് ഈ സംഭവവികാസങ്ങളിലേക്ക് നയിച്ചത്. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രണ്ടിൽക്കൂടുതൽ കുട്ടികളുള്ളവർക്ക് അയോഗ്യത കൽപ്പിച്ചുകൊണ്ടുള്ള വ്യവസ്ഥ മഹാരാഷ്ട്ര സർക്കാർ 2001 സെപ്റ്റംബർ 1-ന് പ്രാബല്യത്തിൽ കൊണ്ടുവന്നിരുന്നു.

ഈ തീയതിയ്ക്ക് ശേഷം അനിത രാംദാസ് എന്ന വനിതയ്ക്ക് മൂന്നാമതൊരു കുട്ടി ജനിച്ചിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടി അവരുടെ തെരഞ്ഞെടുപ്പ് അസാധുവാക്കണം എന്നാവശ്യപ്പെട്ട് എതിർ സ്ഥാനാർത്ഥി കോടതിയെ സമീപിച്ചതോടെയാണ് അവർ വെട്ടിലായത്. 2004-ൽ അനിത രാംദാസ് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയതായി വിചാരണക്കോടതി കണ്ടെത്തി. അതിനാൽ, 1949-ലെ മഹാരാഷ്ട്ര മുനിസിപ്പൽ കോർപ്പറേഷൻ നിയമത്തിലെ സെക്ഷൻ 10(1)(i) പ്രകാരം അവരുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിക്കൊണ്ട് വിചാരണക്കോടതി ഉത്തരവിട്ടു.

advertisement

മൂന്നാമത്തെ കുട്ടി മറ്റൊരു കുടുംബത്തിലാണ് ജനിച്ചത് എന്നതായിരുന്നു അനിതയുടെ വാദം. തന്റെ ഭർത്താവിന്റെ സഹോദരനും ഭാര്യയുമാണ് ആ കുട്ടിയുടെ മാതാപിതാക്കൾ എന്നും അവർ വാദിച്ചു. ഈ വാദത്തെ സാധൂകരിക്കുന്ന വിധത്തിൽ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ തിരുത്തലുകളും വരുത്തിയിരുന്നു.

എന്നാൽ, ഈ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ മാതാപിതാക്കളുടെ സ്ഥാനത്ത് ആദ്യം രേഖപ്പെടുത്തപ്പെട്ടിരുന്നത് അനിതയുടെയും ഭർത്താവിന്റെയും പേരുകളാണെന്ന് വിചാരണക്കോടതിയും ഹൈക്കോടതിയും ചൂണ്ടിക്കാട്ടി. കുട്ടി ജനിച്ച് എട്ട് വർഷങ്ങൾക്ക് ശേഷം 2012-ലാണ് മാതാപിതാക്കളുടെ പേരുകൾ തിരുത്തിയത്.

advertisement

2012-ൽ വാർഡ് തല തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനിതയുടെ ഭർത്താവ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായാണ് ജനന സർട്ടിഫിക്കറ്റിൽ തിരുത്തലുകൾ വരുത്തിയതെന്നും കോടതി കണ്ടെത്തി. അനിതയുടെ ഭർത്താവിനെതിരെ 2012-ൽ സമാനമായ പരാതി ഉയർന്നതാണെങ്കിലും തിരുത്തിയ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ വരണാധികാരി പരാതി തള്ളിക്കളയുകയായിരുന്നു.

ജനന സർട്ടിഫിക്കറ്റിൽ വളരെ വൈകി വരുത്തിയ തിരുത്തലുകൾ അംഗീകരിക്കാൻ വിചാരണക്കോടതിയും ഹൈക്കോടതിയും തയ്യാറായില്ല. മാത്രമല്ല, അനിത മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയ ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരങ്ങളും അനിതയും ഭർത്താവുമാണ് കുട്ടിയുടെ മാതാപിതാക്കളാണെന്ന് തെളിയിക്കാൻ പര്യാപ്തമായിരുന്നു. കുട്ടി പഠിക്കുന്ന സ്‌കൂളിലെ രേഖകളിലും മാതാപിതാക്കളുടെ സ്ഥാനത്ത് ഈ ദമ്പതികളുടെ പേരാണ് ഉണ്ടായിരുന്നത്.

advertisement

ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ അനിത രാംദാസിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ സിവിൽ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ജസ്റ്റിസ് സി.വി. ഭദങ്ങിന്റെ സിംഗിൾ ബെഞ്ച് ശരിവെച്ചു. തുടർന്ന്, ജൂലൈ 12-ന് സുപ്രീം കോടതിയും ഹൈക്കോടതി വിധിയെ പിന്താങ്ങുകയായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
രണ്ടിലേറെ കുട്ടികൾ പാടില്ലെന്ന ചട്ടം ലംഘിച്ചതിന് അയോഗ്യത; മൂന്നാമത്തെ കുട്ടി തന്റേതല്ലെന്ന് കൗൺസിലറുടെ വാദം
Open in App
Home
Video
Impact Shorts
Web Stories