റെസിഡന്‍ഷ്യല്‍ ഏരിയയോട് ചേര്‍ന്നുള്ള പാര്‍ക്കില്‍ ഞങ്ങള്‍ പതിവായി സമയം ചെലവഴിക്കാറുണ്ട്. രാത്രി 8.30 ആകുമ്പോള്‍ അവിടെയുള്ള ബെഞ്ചില്‍ ഞങ്ങള്‍ ഇരിക്കും. കൈകള്‍ കോര്‍ത്ത് പിടിച്ച് അടുത്തടുത്തായാണ് ഇരിക്കുക. ഇതൊഴികെ അധാര്‍മികമായി ഞങ്ങള്‍ ഒന്നും ചെയ്തിട്ടില്ല. ഇങ്ങനെ ചെയ്യുന്നത് ഞങ്ങളുടെ പ്രായത്തിലുള്ളവര്‍ സാധാരണ ചെയ്യാറുള്ളതാണ്, യുവാവ് പറഞ്ഞു.
അയല്‍വാസികള്‍ അംഗങ്ങളായ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഒരാള്‍ തങ്ങളെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ കാര്യങ്ങള്‍ മാറി മറിഞ്ഞുവെന്നും തങ്ങളെ അത് അസ്വസ്ഥരാക്കിയെന്നും യുവാവ് വ്യക്തമാക്കി. സംഭവം കാട്ടുതീ പോലെ പടരുകയായിരുന്നുവെന്നും പോലീസിനെ വിളിപ്പിച്ച് തങ്ങളെ പാഠം പഠിപ്പിക്കുന്നതിനെ കുറിച്ച് ആളുകള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയെന്നും യുവാവ് പറഞ്ഞു. സംഭവത്തിൽ മാപ്പ് പറയണമെന്ന് ചിലർ ആവശ്യപ്പെട്ടതായും യുവാവ് പറഞ്ഞു.
advertisement
അതേസമയം, അയല്‍വാസികളില്‍ ചിലര്‍ തങ്ങളുടെ മാതാപിതാക്കളെക്കുറിച്ച് അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിലും യുവാവ് ദേഷ്യം പ്രകടിപ്പിച്ചു. മാതാപിതാക്കളുടെ വളര്‍ത്തുദോഷം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അവര്‍ ആരോപിച്ചു. തങ്ങള്‍ ഒന്നിച്ചിരിക്കുന്നത് വീഡിയോ ചിത്രീകരിച്ച് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യാന്‍ ഒരാള്‍ നിര്‍ദേശം നല്‍കിയതായും യുവാവ് ആരോപിച്ചു. അതേസമയം, ഇക്കാര്യം പറഞ്ഞ് ആരും തങ്ങളെ നേരിട്ട് സമീപിച്ചിട്ടില്ലെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.
വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നടന്ന സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ടും റെഡ്ഡിറ്റില്‍ യുവാവ് പങ്കുവെച്ചു.
''ഇത് എങ്ങനെ പറയണമെന്ന് അറിയില്ല. നമ്മള്‍ നേരിടുന്ന വിഷമകരമായ കാര്യമാണിത്. പിന്നാക്ക ചിന്താഗതിയാണെന്ന് തോന്നിയേക്കാം. എന്നാല്‍, ഇത് ചെറിയ കുട്ടികള്‍ക്കും കൗമരക്കാര്‍ക്കും നല്ല മാതൃകയല്ല. രണ്ട് കമിതാക്കള്‍ ഉണ്ട്-ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും. അവര്‍ എല്ലാ ദിവസവും പാര്‍ക്കിലെത്തും. അവിടെയിരുന്ന് അവര്‍ അപമര്യാദയായി പെരുമാറുന്നു,'' വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറയുന്നു.
കമിതാക്കള്‍ക്ക് 20 വയസ്സില്‍ താഴെയെ പ്രായമുള്ളൂവെന്ന് കരുതുന്നതായും ഇക്കാര്യം പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് തങ്ങള്‍ ഗൗരവത്തോടെ ആലോചിച്ചിരുന്നതായും അയാള്‍ പോസ്റ്റില്‍ പറഞ്ഞു. മറുപടിയായി കമിതാക്കള്‍ അപമര്യാദയായി പെരുമാറുന്നുണ്ടോയെന്ന് അറിയുന്നതിന് അവരുടെ വീഡിയോ ചിത്രീകരിക്കാന്‍ മറ്റൊരാള്‍ നിര്‍ദേശിക്കുന്നതും സ്‌ക്രീന്‍ഷോട്ടിലുണ്ട്.
നാണമില്ലാത്ത ഈ കമിതാക്കളെ ശരിയാക്കണമെന്നതായിരുന്നു മറ്റൊരാളുടെ നിര്‍ദേശം.
സമ്മിശ്ര പ്രതികരണമാണ് യുവാവിന്റെ പോസ്റ്റിന് ലഭിച്ചത്. അയല്‍വാസികളെ നേരിട്ട് കണ്ട് ആശങ്കകള്‍ സംസാരിച്ച് പരിഹരിക്കാന്‍ ഒരാള്‍ നിര്‍ദേശിച്ചു. അതേസമയം, ഇക്കാര്യം പോലീസില്‍ അറിയിക്കണമെന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്. അതുവഴി അവര്‍ക്ക് അവരുടേതായ രീതിയില്‍ കമിതാക്കളെ ചോദ്യം ചെയ്യാനും കര്‍ശനമായ മുന്നറിയിപ്പ് നല്‍കാനും കഴിയുമെന്ന് അയാള്‍ കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം ദമ്പതികളുടെ മാതാപിതാക്കളെ അറിയിക്കാനാണ് മറ്റൊരു ഉപയോക്താവ് നിര്‍ദേശിച്ചത്. എന്നിട്ടും സാഹചര്യം മെച്ചപ്പെട്ടില്ലെങ്കില്‍ പോലീസിനെയും അറിയിക്കണമെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.
കൈകള്‍ കോര്‍ത്ത് അടുത്തിരുന്ന് സംസാരിക്കുന്നത് അപമര്യാദ നിറഞ്ഞ പെരുമാറ്റമാണോയെന്ന് ചിലര്‍ ചോദിച്ചു. പോലീസിനെ അറിയിച്ചാല്‍ അവര്‍ മാതാപിതാക്കളെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അതുമൂലം സമ്മര്‍ദം താങ്ങാനാവാതെ അവര്‍ വീണുപോകുകയും ചെയ്യുമെന്ന് മറ്റൊരാള്‍ ചൂണ്ടിക്കാട്ടി.