80 വര്‍ഷങ്ങള്‍ക്കു മുമ്പ് കൊളറാഡോയിലെ ഫ്രൂട്ടയില്‍ ഒരു കര്‍ഷകന്‍ തന്റെ കോഴിയുടെ തല മഴു ഉപയോഗിച്ച് അറുത്തു. സാധാരണ കോഴികളെ കൊല്ലുമ്പോള്‍ ആദ്യം അതിന്റെ തലയറുക്കുകയാണ് ചെയ്യുന്നത്. മൂര്‍ച്ചയുള്ള ആയുധംകൊണ്ട് കഴുത്ത് മുറിക്കുന്നതോടെ നിമിഷനേരം കൊണ്ട് ആ ജീവന്‍ പിടഞ്ഞ് ഇല്ലാതാകും. എന്നാല്‍ ഈ കോഴി തലയറുത്തിട്ടും ചത്തില്ല. തലയില്ലാതെ ഏകദേശം ഒന്നര വര്‍ഷത്തോളം ജീവിച്ചു.
കേള്‍ക്കുമ്പോള്‍ ഒരു പഴങ്കഥ പോലെ തോന്നുമെങ്കിലും സംഭവം യഥാര്‍ത്ഥത്തില്‍ നടന്നതാണ്. തലയില്ലാതെ 18 മാസത്തോളം ജീവിച്ച ആ കോഴിയുടെ പേരാണ് മൈക്ക്. തലയില്ലാതെ 18 മാസം അതിജീവിച്ച കോഴി ശാസ്ത്രജ്ഞരെ അമ്പരിപ്പിക്കുകയും രാജ്യമെമ്പാടുമുള്ള ജനങ്ങളില്‍ കൗതുകമുണര്‍ത്തുകയും ചെയ്തുവെന്ന് യൂറോന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
advertisement
തലയില്ലാതെ കൂടുതല്‍ കാലം ജീവിച്ച കോഴി എന്ന പേരിലുള്ള ഗിന്നസ് ലോക റെക്കോര്‍ഡും ഇപ്പോഴും മൈക്കിനുണ്ട്.
1945 സെപ്റ്റംബര്‍ പത്തിനാണ് മൈക്കിന്റെ തലയറുത്തത്. എന്നാല്‍ കോഴി മരിച്ചില്ല. എഴുന്നേറ്റ് നടന്നു. രക്തം വാര്‍ന്നുപോകാതെ അവന് അതിജീവിക്കാനായി. ഒരു ഐഡ്രോപ്പര്‍ വഴി ഭക്ഷണം കൊടുത്തപ്പോൾ മൈക്ക് അതിജീവിച്ചു.
കര്‍ഷകനായ ലോയ്ഡ് ഓള്‍സണിന്റെതായിരുന്നു ഈ കോഴി. അദ്ഭുത കോഴിയുമായി അദ്ദേഹം യുഎസിലുടനീളം പ്രദര്‍ശനം നടത്തി. മൈക്കിനെ ആളുകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച് അദ്ദേഹം സമ്പത്തുണ്ടാക്കി. ഇന്നത്തെ 63,000 ഡോളറിന് തുല്യമായ വരുമാനം തലയില്ലാത്ത മൈക്കുമായി ചുറ്റിനടന്ന് ഓള്‍സണ്‍ സമ്പാദിച്ചതായാണ് റിപ്പോര്‍ട്ട്. ടൈം മാഗസീനില്‍ പോലും തലയില്ലാത്ത മൈക്ക് പ്രത്യക്ഷപ്പെട്ടു.
ഒടുവില്‍ 18 മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ മൈക്ക് മരണത്തിനു കീഴടങ്ങി. 1947-ല്‍ അരിസോണയില്‍ വച്ച് ധാന്യം തൊണ്ടയില്‍ കുടുങ്ങിയായിരുന്നു കോഴി ചത്തത്. എന്നാല്‍ മൈക്കിന്റെ അദ്ഭുതകരമായ അതിജീവനത്തിന്റെ കഥ ഇപ്പോഴും നിലനില്‍ക്കുന്നു. ഫ്രൂട്ടയില്‍ ഇപ്പോഴും ഈ കോഴിയുടെ ഓര്‍മ്മയ്ക്കായി 'മൈക്ക് ദി ഹെഡ്‌ലെസ് ചിക്കന്‍' എന്ന പേരില്‍ വാര്‍ഷിക ഫെസ്റ്റിവല്‍ നടത്തുന്നുണ്ട്. അതില്‍ തലയില്ലാത്ത കോഴിയെ പോലെ അഞ്ച് കിലോമീറ്റര്‍ ഓട്ടം ഉള്‍പ്പെടെയുള്ള വിചിത്രമായ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.