ഇപ്പോഴിതാ ന്യൂയോർക്കിൽ നിന്നുള്ള ഡോ. ടോണി ഈ ശരീരഭാഗങ്ങൾ ഏതൊക്കെയാണെന്ന് വിശദീകരിക്കുന്നു. പൊക്കിൾ, ചെവിക്ക് പിന്നിലുള്ള ഭാഗം, കാൽ വിരലുകൾക്കിടയിലെ ഭാഗം, നഖങ്ങളുടെ അടിയിലെ ഭാഗം, കക്ഷം, കഴുത്ത് എന്നീ ശരീരഭാഗങ്ങളിൽ അഴുക്ക് അധികമായി പുരളാൻ സാധ്യതയുണ്ടെന്നും ഇവിടെ ബാക്ടീരിയകൾ ഒളിഞ്ഞിരിക്കാമെന്നും അദ്ദേഹം പറയുന്നു.
ഇവിടെ വിയർപ്പ്, കേടായ ചർമ്മം, ഈർപ്പം എന്നിവ അടിഞ്ഞു കൂടുന്നു. ഇത് ബാക്ടീരിയകൾക്കും ഫംഗസുകൾക്കും വളരാൻ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ദിവസങ്ങളോളം വൃത്തിയാക്കാതെ വരുമ്പോൾ ഇവിടെനിന്ന് ദുർഗന്ധം, ചർമത്തിൽ കേടുപാടുകൾ, അണുബാധകൾ എന്നിവയ്ക്ക് കാരണമാകും. പൊക്കിളിൽ ചൂട് അനുഭവപ്പെടുകയും കാൽവിരലുകൾ എപ്പോഴും വിയർത്തിരിക്കുകയും ചെയ്യും. നഖങ്ങൾക്കിടയിൽ അഴുക്ക് അടിഞ്ഞ് കൂടുകയും ചെവികൾക്ക് പിന്നിൽ എണ്ണമയം വർധിക്കുകയും ചെയ്യും. ഈ ഭാഗങ്ങൾ വൃത്തിയായിരിക്കാൻ ദിവസേനയുള്ള കുളി മാത്രം പോരായെന്ന് സാരം. മിക്കപ്പോഴും മറന്നുപോകുന്ന ഈ ഭാഗങ്ങൾ വൃത്തിയായിരിക്കാൻ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
advertisement
'ദുർഗന്ധവും ചർമ്മ പ്രശ്‌നങ്ങളുമുണ്ടാക്കും'
''എല്ലാ ദിവസവും കുളിക്കുന്നത് നിങ്ങൾ വൃത്തിയുള്ളവരാണെന്ന് അർത്ഥമാക്കുന്നില്ല. ചില ശരീര ഭാഗങ്ങൾ ശരിയായി സ്‌ക്രബ് ചെയ്തില്ലെങ്കിൽ ബാക്ടീരിയ, വിയർപ്പ്, നശിച്ച കോശങ്ങൾ എന്നിവ അടിഞ്ഞ് കൂടാൻ ഇടയാക്കും. ഇവിടെ നിന്ന് പലപ്പോഴും ദുർഗന്ധം, ചർമപ്രശ്‌നങ്ങൾ, ഫംഗസ് ബാധ എന്നിവയ്ക്ക് തുടക്കമിടും,'' ഡോ. ടോണി പറഞ്ഞു.
''പരിഹാരം വളരെ ലളിതമാണ്, ചെറു ചൂടുള്ള വെള്ളം, വീര്യം കുറഞ്ഞ സോപ്പ്, ഒരു തുണി എന്നിവ ഉപയോഗിച്ച് ഈ ഭാഗങ്ങൾ വൃത്തിയാക്കുക. ഇവിടം പതിവായി വൃത്തിയാക്കുന്നതിലൂടെ ഇവിടെ നിന്നുള്ള ദുർഗന്ധം കുറയുകയും ചർമ്മം നശിക്കുന്നത് തടയുകയും മൊത്തത്തിൽ ആരോഗ്യമുള്ള ചർമം സ്വന്തമാക്കുകയും ചെയ്യും. മിക്ക ചർമ്മ അണുബാധകളും ആളുകൾ വൃത്തിയാക്കാൻ മറക്കുന്ന ശരീരഭാഗങ്ങളിൽ നിന്നാണ് തുടക്കമിടുന്നതെന്ന് നിങ്ങൾക്കറിയാമോ,'' ഡോ. ടോണി ചോദിച്ചു.
ഡോക്ടറെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ
''ഞാൻ വീട്ടിലെത്തി എന്റെ നഖങ്ങൾക്കടിയിൽ സ്‌ക്രബ് ചെയ്തു. മറ്റ് ശരീരഭാഗങ്ങളും ഞാൻ വൃത്തിയാക്കി, അത് ഞാൻ ശരിയായ വണ്ണം ചെയ്തു,'' ഒരാൾ പറഞ്ഞു. ''കുട്ടിക്കാലത്തേ ഞാൻ കാൽവിരലുകൾക്കിടയിലും പൊക്കിൾ, ചെവികൾ എന്നിവടങ്ങളും വൃത്തിയാക്കാൻ ശീലിച്ചിരുന്നു. രാത്രിയും രാവിലെയും കുളിക്കുക,'' മറ്റൊരാൾ പറഞ്ഞു.
ഇത് ദിവസവും കുളിക്കരുതെന്ന് പറയുന്നവർക്ക് വേണ്ടിയുള്ളതാണെന്ന് മറ്റൊരു ഉപയോക്താവ് പറഞ്ഞു.
