ഷൈനിന്റെ പിതാവ് ചാക്കോയ്ക്ക് ആദരാഞ്ജലികൾ അര്‍പ്പിക്കാൻ സിനിമാരംഗത്ത് നിന്ന് നിരവധി പേരാണ് തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിയത്. ഷൈനിന്റെയും കുടുംബത്തിന്റെയും ദുഖത്തിൽ പങ്കുചേരാനും ആശ്വസിപ്പിക്കാനുമായി എത്തിയ നടൻ റോണി ഡേവിഡ് രാജിനോട് ഷൈൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ നിറയുന്നത്.
'മെനിഞ്ഞാന്ന് രാത്രി ഷൈനിനെ കാണാൻ ഞാൻ ആളുപത്രിയിൽ പോയിരുന്നു. ഷൈനിന്റെ ഇടതു കൈ ഒടിഞ്ഞാണ് ഇരിക്കുന്നത്. കൂടാതെ, കടുത്ത വേദനയുമുണ്ട്. ഷൈൻ ആദ്യം സംസാരിച്ചപ്പോൾ, അങ്കിൾ പോയ കാര്യം ഷൈൻ അറിഞ്ഞില്ലെന്നായിരുന്നു എനിക്കാദ്യം തോന്നിയത്. പിന്നെ പറഞ്ഞു, 'ഞാൻ കണ്ണു തുറക്കുമ്പോഴേക്കും അപ്പന്റെ കാതിൽ ചോരയായിരുന്നു' എന്ന്. അതു കഴിഞ്ഞ് ഷൈൻ ചിരിച്ചോണ്ട് പറഞ്ഞു, 'എന്റെ പുറകെ നടന്ന് നടന്ന് അപ്പൻ പോയെടോ' എന്ന്. ഇതിൽ കൂടുതലായുള്ള മെസേജോ ഒരു കഥയോ നിങ്ങൾക്ക് വേണമെന്ന് എനിക്ക് തോന്നുന്നില്ല. ഇങ്ങനെയാണ് എന്തുതരം ഡ്രഗ്സ് ഉപയോഗിക്കുന്നവരുടെയും വീട്ടിൽ. അവിടെയും മാതാപിതാക്കളുണ്ട്.'- റോണി ഡേവിഡ് പറഞ്ഞു.
advertisement
പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കോളേജ് വിദ്യാർത്ഥികളോട് സംസാരിക്കുമ്പോഴായിരുന്നു റോണി ഡേവിഡ് രാജ് ഈ അനുഭവം പങ്കുവച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം സേലത്ത് അപകടത്തിൽപെട്ട് ഷൈനിന്റെ പിതാവ് സി.പി ചാക്കോ മരണമടഞ്ഞത്. അപകടത്തിൽ ഷൈനിനും അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഷൈനും പിതാവും അമ്മയും സഹോദരനും സഹായിയും കൂടി ബെംഗളൂരുവിലേക്ക് പോകുന്ന വേളയിലായിരുന്നു അപകടം. രാവിലെ ഏഴു മണിയോടെ സേലം–ബെംഗളൂരു ദേശീയപാതയിൽ ധർമപുരിക്കടുത്ത് പാലക്കോട് എന്ന സ്ഥലത്തായിരുന്നു അപകടം സംഭവിച്ചത്. അപകടം ഉണ്ടായ ഉടനെ അഞ്ചുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഷൈനിന്റെ പിതാവ് മരിച്ചു.