ഗായികയും ഗാനരചയിതാവുമായ കാറ്റ് ജാനിസ് എന്ന 31 കാരിയുടെ ജീവിതം 2021 ലാണ് അപ്രതീക്ഷിതമായി മാറിമറിഞ്ഞത്. കഴുത്തിൽ അസാധാരണമായ ഒരു മുഴ പരിശോധിച്ചപ്പോൾ അത് കാൻസർ ആണെന്ന് ഡോക്ടർ സ്ഥിരീകരിക്കുകയായിരുന്നു. അസ്ഥിയെയും കോശങ്ങളെയും ബാധിക്കുന്ന അപൂർവമായ സാർക്കോമ എന്ന ട്യൂമർ ആയിരുന്നു അത്. തുടക്കത്തിൽ കാൻസറിനെ അതിജീവിക്കാമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും 2023 ജൂണിൽ ജാനിസിന്റെ ശ്വാസകോശത്തിൽ കാൻസർ വലിയ രീതിയിൽ ബാധിച്ചു.
എങ്കിലും രോഗത്തിന് പൂർണ്ണമായും കീഴടങ്ങാതെ അവൾ ആശ്വാസം കണ്ടെത്തിയിരുന്നത് തന്റെ സംഗീത ലോകത്താണ്. രോഗത്തെ അതിജീവിക്കാനുള്ള ഏറ്റവും നല്ല മാർഗമായി അവൾ പാട്ടുകൾ രചിക്കാനും ഈണം നൽകാനും തുടങ്ങി. അടുത്തിടെ, താൻ വീണ്ടും ചികിത്സയ്ക്ക് ഒരുങ്ങുകയാണെന്ന് അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ജാനിസ് ഒരു പോസ്റ്റും പങ്കുവെച്ചിരുന്നു. രോഗത്തെ ശക്തമായി നേരിടുമെന്നും തന്റെ ഈ യാത്രയെക്കുറിച്ച് എല്ലാവരെയും അറിയിക്കുമെന്നും അവൾ പറഞ്ഞു.
advertisement
തന്നെ സ്നേഹിച്ചതിന് ഒരുപാട് നന്ദിയുണ്ട് എന്നും തന്റെ സോഷ്യൽ മീഡിയ ഉപഭോക്താക്കളെ ജാനിസ് അറിയിച്ചു. എന്നാൽ പെട്ടെന്നായിരുന്നു ഒറ്റരാത്രികൊണ്ട് അവളുടെ ട്യൂമർ മൂന്നിരട്ടിയായി വളർന്നത്. തുടർന്ന് 2024 ജനുവരി 10-ന് ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്ന് അവളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്ങനെയിരിക്കയാണ് തന്റെ മകനുവേണ്ടി സമർപ്പിച്ചുകൊണ്ട് അവസാന ട്രാക്ക് പുറത്തിറക്കാനുള്ള ആഗ്രഹം ജാനിസ് വെളിപ്പെടുത്തിയത്. ' ഡാൻസ് ഔട്ട് മൈ ഹെഡ്' എന്ന പേരിലാണ് അവളുടെ ഏറ്റവും പുതിയ ഗാനം പുറത്തിറക്കിയത്. എന്നാൽ തന്റെ ജീവിതത്തിന് ഈ ഗാനം ഒരു പുതിയ വഴിത്തിരിവായി മാറുമെന്ന് ജാനിസ് കരുതിയില്ല
ആശുപത്രി കിടക്കയിൽ കിടക്കുമ്പോഴാണ് തന്റെ പാട്ട് സംഗീത ആസ്വാദകർക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചു എന്ന് അവൾ അറിയുന്നത്. തന്റെ സ്വന്തം ഗാനം എല്ലായിടത്തും വൈറലായി മാറിയത് ജാനിസിന് അവിശ്വസനീയമായ ഒരു അനുഭവമായിരുന്നു. എന്താണ് ഈ ലോകത്ത് സംഭവിക്കുന്നത് എന്നുപോലും അറിയാത്ത ഒരു നിമിഷം. ഹോട്ട് ഡാൻസ്/ഇലക്‌ട്രോണിക് ബിൽബോർഡിന്റെ ചാർട്ടിൽ അവളുടെ ഗാനം 11-ാം സ്ഥാനത്ത് ഇടം നേടി. കൂടാതെ ഐട്യൂൺസ് ചാർട്ടിലും ഗാനം ശ്രദ്ധേയമായതോടെ ഇത് അവൾക്ക് കൂടുതൽ കരുത്ത് പകരുന്നു. തൻ്റെ മകനുമൊത്തുള്ള ലളിതമായ നിമിഷത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു ഗാനം എല്ലാവരും ഏറ്റെടുത്തു എന്നറിഞ്ഞപ്പോൾ അവൾ പെട്ടെന്ന് വികാരഭരിതയായി. ഇതിന് നന്ദി അറിയിച്ചുകൊണ്ട് ജാനിസ് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
" നിങ്ങൾ എല്ലാവരും എന്നെ സ്നേഹിക്കുകയും എനിക്ക് ഈ ഒരു നിമിഷം നൽകുകയും ചെയ്തു, ഞാൻ എന്നേക്കും കടപ്പെട്ടിരിക്കുകയാണ്" എന്ന് ”ജാനിസ് കുറിച്ചു. കുറച്ച് രസകരമായ വരികൾ കോർത്തിണക്കി കൊണ്ടാണ് താനും മകനും ചേർന്ന് ഈ ഗാനം ഒരുക്കിയതെന്നും ജാനിസ് പറയുന്നു.