വജ്രങ്ങള്‍ കണ്ടെത്തുന്നതിന് വളരെക്കാലമായി പേരുകേട്ട സ്ഥലങ്ങളാണ് ജോന്നഗിരി, തുഗ്ഗലി, പെരാവലി എന്നിവിടങ്ങളിലെ മഴവെള്ളം ഒഴുകിപോയ ഭൂമി. അതുകൊണ്ടു തന്നെ ഭാഗ്യം പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരെ മണ്‍സൂണ്‍ സീസണ്‍ ആകര്‍ഷിക്കുന്നു.
ഈ സീസണില്‍ നിങ്ങള്‍ ഒരു കല്ല് തിരഞ്ഞ് എടുത്താലും അത് നിങ്ങളുടെ ഭാഗ്യം മാറ്റിമറിച്ചേക്കുമെന്ന് തെലങ്കാനയിലെ മഹബൂബ്‌നഗര്‍ ജില്ലയില്‍ നിന്നുള്ള ഒരു സംരംഭകനായ ഭരത് പലോഡ് പിടിഐയോട് പറഞ്ഞു. സാധാരണ കര്‍ഷകര്‍ കോടീശ്വരന്മാരും ശതകോടീശ്വരന്മാരും ആയി മാറുന്ന കഥകള്‍ മേഖയില്‍ താല്‍പ്പര്യം വര്‍ദ്ധിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
വിലയേറിയ കല്ല് കണ്ടെത്തുന്നതിനായി നടത്തിയ തിരച്ചില്‍ തന്റെ ജീവിതം മാറ്റിമറിച്ചെന്നും പലോഡ് പറഞ്ഞു. 2018-ലാണ് ആദ്യം അദ്ദേഹത്തിന് വജ്രം ലഭിച്ചത്. ഈ വര്‍ഷം ഒരു കല്ല് എട്ട് ലക്ഷം രൂപയ്ക്ക് വിറ്റുവെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അഞ്ച് ലക്ഷം രൂപയ്ക്ക് ഒരു വജ്രം വിറ്റതിനെ കുറിച്ച് സാമൂഹിക പ്രവര്‍ത്തകയായ ദീപിക ദുസകാന്തി പറഞ്ഞു. ഈ വര്‍ഷം പത്ത് ലക്ഷം രൂപ വിലപിടിപ്പുള്ള കല്ല് കണ്ടെത്തിയെന്നും ഇതും വിദ്യാര്‍ത്ഥികള്‍ക്കായി ഉപയോഗിക്കുമെന്നും അവര്‍ അറിയിച്ചു.
തെലുങ്ക് ചരിത്രം പഠിക്കാനെത്തിയ ആര്‍ക്കിയോളജി വിദ്യാര്‍ത്ഥിയായ നമനും വജ്രം കണ്ടെത്തിയ കഥ പറയുന്നുണ്ട്. തന്റെ പഠനത്തിനായി ഇങ്ങനെ സ്വരുകൂട്ടിയ പണം ഉപയോഗപ്പെടുന്നുണ്ടെന്നും അദ്ദേഹം പിടിഐയോട് വെളിപ്പെടുത്തി.
കുര്‍ണൂല്‍, അനന്തപൂര്‍ ജില്ലകളിലെ വജ്രങ്ങളെക്കുറിച്ചുള്ള നാടോടിക്കഥകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് കുര്‍ണൂല്‍ ഡിഐജി കോയ പ്രവീണ്‍ പറയുന്നു. ആളുകള്‍ ഇവിടെ നിന്ന് ജോലിക്കായി മറ്റിടങ്ങളിലേക്ക് കുടിയേറുകയും എന്നാല്‍ കാലവര്‍ഷം തുടങ്ങുന്നതോടെ തിരിച്ചെത്തുകയും ചെയ്യുന്നു. വജ്രങ്ങള്‍ കണ്ടെടുക്കുന്നു. ഉയര്‍ന്ന തുക ഇത്തരത്തില്‍ ലഭിക്കുന്ന കല്ലുകള്‍ക്ക് കിട്ടുന്നുണ്ടെങ്കിലും ഇതുവരെ ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഡിഐജി അറിയിച്ചു.
എന്നാല്‍ ഗ്രാമവാസികള്‍ ഭൂമി തങ്ങളുടേതാണെന്ന് അവകാശപ്പെടുകയും ചിലപ്പോള്‍ പുറത്തുനിന്നുള്ളവരെ തടയുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇതും വലിയ തര്‍ക്കങ്ങളിലേക്കൊന്നും പോകാറില്ലെന്നും പ്രവീണ്‍ വ്യക്തമാക്കി.
ഈ മഴക്കാലത്ത് ഒന്നിലധികം ഉയര്‍ന്ന മൂല്യമുള്ള വജ്രങ്ങള്‍ മേഖലയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇതും ആളുകളില്‍ ആവേശം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പെരാവലി ഗ്രാമത്തില്‍ നിന്നുള്ള കര്‍ഷക തൊഴിലാളിയായ വെങ്കടേശ്ലര റെഡ്ഡി ഒരു പ്രാദേശിക വ്യാപാരിക്ക് 15 ലക്ഷം രൂപയ്ക്ക് ഒരു വജ്രം വിറ്റതായി റിപ്പോര്‍ട്ടുണ്ട്. ഗ്രാമവാസികള്‍ വജ്രം തിരയുന്ന 40 ഏക്കറിലധികം ഭൂമി തന്റെ കൈവശമുണ്ടെന്നും നിരവധി പേര്‍ വജ്രം കണ്ടെത്തിയതായും ഇതില്‍ എതിര്‍പ്പില്ലെന്നും അനന്തപൂര്‍ ജില്ലയില്‍ നിന്നുള്ള പി ബജ്‌റംഗാല്‍ പറഞ്ഞു. വജ്രം തേടി ഇവിടെയെത്തുന്ന ആളുകള്‍ക്ക് തന്റെ കുടുംബം വെള്ളവും ഭക്ഷണവും നല്‍കാറുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കുര്‍ണൂര്‍ ജില്ലയിലെ മദ്ദിക്കരയില്‍ നിന്നുള്ള കര്‍ഷകന്‍ ശ്രീനിവാസലു ഒരു അപൂര്‍വ വജ്രം കണ്ടെത്തിയിരുന്നു. അത് രണ്ട് കോടി രൂപയ്ക്കാണ് വിറ്റതെന്ന് റിപ്പോര്‍ട്ടുണ്ട്. ഇത് ലോകമെമ്പാടും വാര്‍ത്തകളില്‍ ഇടം നേടി. ഈ വര്‍ഷം ഇതുവരെ മേഖലയില്‍ നിന്നും ലഭിച്ചിട്ടുള്ളതില്‍ ഏറ്റവും വിലപിടിപ്പുള്ള വജ്രമാണിതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
തുഗ്ഗലി ഗ്രാമത്തില്‍ കൃഷിയിടം ഉഴുതുമറിക്കുന്നതിനിടെ ഒരു സ്ത്രീക്ക് 13.5 ലക്ഷം രൂപ വിലയുള്ള വജ്രം കിട്ടി. ഇതോടെ ഗ്രാമത്തിലുള്ളവര്‍ മഴവെള്ളം ഒഴുകിയ കൃഷിയിടങ്ങളില്‍ വജ്രത്തിനായുള്ള ഖനനം ആരംഭിച്ചു. റായലസീമയിലെ ജോന്നാഗിരി, പഗിദിറൈ, എരഗുഡി, ഉപ്പര്‍ലപ്പള്ളി മേഖലകളില്‍ മഴക്കാല മാസങ്ങളില്‍ വജ്രവേട്ട സാധാരണയായി നടക്കുന്നുണ്ട്. കാരണം കനത്ത മഴയില്‍ വെള്ളം ഒഴുകിപോകുമ്പോള്‍ മണ്ണിനടിയില്‍ നിന്നും വജ്രം പുറത്തേക്ക് വരുന്നു. അതുകൊണ്ടുതന്നെ എല്ലാവര്‍ഷവും ഭാഗ്യ പരീക്ഷണത്തിനായി ആയിരകണക്കിനാളുകള്‍ ശ്രമം നടത്തുന്നു. ചിലര്‍ക്ക് നേട്ടം ഉണ്ടാകുന്നു. ചിലര്‍ വെറുംകൈയ്യോടെ മടങ്ങുന്നു.
എന്നാല്‍ ഇവിടെയും വ്യാപാര സിന്‍ഡിക്കേറ്റുകള്‍ ആളുകളെ ചൂഷണം ചെയ്യുന്നുണ്ട്. ഗുണനിലവാരത്തെക്കുറിച്ചുള്ള സംശയങ്ങള്‍ ചൂണ്ടിക്കാട്ടിയോ അല്ലെങ്കില്‍ വില കുറയ്ക്കാന്‍ സാധ്യമായ നിയമനടപടികളെ കുറിച്ച് ഭീഷണിപ്പെടുത്തിയോ സിന്‍ഡിക്കേറ്റുകള്‍ കല്ലുകള്‍ക്ക് കുറഞ്ഞ വില വാഗ്ദാനം ചെയ്തുകൊണ്ട് ആളുകളെ പലപ്പോഴും ചൂഷണം ചെയ്യുന്നുണ്ടെന്ന് കര്‍ഷകരും നാട്ടുകാരും ആരോപിച്ചു. സമീപവര്‍ഷങ്ങളില്‍ ഇത്തരം നടപടികളെ ചെറത്തുനില്‍ക്കുന്നതിനുള്ള ശ്രമങ്ങളും വജ്രം കിട്ടിയ ചിലര്‍ നടത്തിയിരുന്നു. അധികാരികള്‍ വജ്ര വില്‍പ്പന നിയന്ത്രിക്കുന്നില്ല. ന്യായമായ വില ഉറപ്പാക്കാനും ഗ്രാമീണരെ ചൂഷണത്തില്‍ നിന്നും സംരക്ഷിക്കാനും സര്‍ക്കാര്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇത് പ്രദേശവാസികളുടെ സീസണല്‍ ഉപജീവനമാര്‍ഗ്ഗമാണ്, കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ താങ്ങുവില നല്‍കുന്നതുപോലെ വജ്രങ്ങള്‍ക്ക് എന്തുകൊണ്ട് കഴിയില്ലെന്ന് ഒരു കര്‍ഷകന്‍ ചോദിച്ചു. ഗ്രാമവാസികള്‍ ഈ പ്രവര്‍ത്തനത്തെ വജ്രകൃഷി പോലെയാണ് കണക്കാക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വിലപ്പെട്ട രത്‌നങ്ങള്‍ കണ്ടെത്താനായി മണിക്കൂറുകളോളം കുഴിക്കുകയും പണി ചെയ്യുകയും ചെയ്യുന്നു.
എങ്കിലും ചൂഷണം വ്യാപകമാണ്. വ്യാപാരം അനൗപചാരികമായും ഒരു നിയന്ത്രണ ചട്ടക്കൂടില്ലാതെയും നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നുണ്ട്. ഇത് സര്‍ക്കാര്‍ ഇടപെടല്‍ ബുദ്ധിമുട്ടാക്കുന്നു. എന്നിരുന്നാലും പരിശോധനാ സംവിധാനം ശക്തമാകാനുള്ള ആഹ്വാനങ്ങള്‍ കൂടുതല്‍ ശക്തമാവുകയാണ്.
മേഖലയിലെ വജ്ര പാരമ്പര്യം ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് റായലസീമയില്‍ നിന്ന് കണ്ടെത്തിയ വജ്രങ്ങള്‍ വിജയനഗര രാജാക്കന്മാരുടെ രാജകീയ ട്രഷറികളിലേക്കുള്ളതായിരുന്നുവെന്നും പറയപ്പെടുന്നു.