അവിവാഹിതയായ ലോറ 2018ലാണ് രണ്ടാമതൊരു കുഞ്ഞിനുകൂടി ജന്മം നല്‍കാന്‍ ആഗ്രഹിച്ചത്. തുടര്‍ന്ന് ചെലവേറിയ ഐവിഎഫ് ചികിത്സ തിരഞ്ഞെടുക്കുന്നതിന് പകരം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫെയ്‌സ്ബുക്കിലൂടെ ബീജദാതാവിനെ കണ്ടെത്താന്‍ തീരുമാനിച്ചു. ആ സമയം ആറുവയസ്സുള്ള ഒരു കുട്ടി ലോറയ്ക്കുണ്ടായിരുന്നു. മകന് ഒരു സഹോദരനോ സഹോദരിയോ വേണമെന്ന ആഗ്രഹമാണ് ഇതിനായി ലോറയെ പ്രേരിപ്പിച്ചതെന്ന് മിററിന്റെ റിപ്പോർട്ടിൽ പറയുന്നു.
തുടര്‍ന്ന് 2020ല്‍ ലോറ ഒരു ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ചേര്‍ന്നു. അവിടുന്ന് ഒരു പുരുഷന്‍ താന്‍ ബീജദാതാവാകാന്‍ തയ്യാറാണെന്ന് ലോറയെ അറിയിച്ചു. മറ്റ് ഗ്രൂപ്പുകളില്‍ അയാളുടെ വിശ്വാസ്യത ലോറ പരിശോധിക്കുകയും പോസിറ്റീവായ പ്രതികരണം ലഭിക്കുകയും ചെയ്തു. 2020 ഡസംബറില്‍ ലോറ ആദ്യമായി അയാളുടെ വീട്ടിലെത്തി.
advertisement
പത്ത് മിനിറ്റ് സംസാരിച്ചതിന് ശേഷം ബീജദാതാവ് ഒരു സിറിഞ്ചില്‍ സാംപിള്‍ നല്‍കി. ലോറ ഇത് സ്വയം ബീജസങ്കലനം നടത്തി. അടുത്ത ഏഴ് മാസത്തിനുള്ളില്‍ മൂന്ന് തവണ കൂടി ഇത് തുടര്‍ന്നു. അങ്ങനെ 2021 ജൂലൈയില്‍ ലോറ ഗര്‍ഭിണിയായി. 2022 ഏപ്രില്‍ അവര്‍ തന്റെ മകന് ജന്മം നല്‍കി. കലും ആന്റണി റയാന്‍ എന്നാണ് മകന് അവര്‍ പേര് നല്‍കിയത്.
തന്റെ മകനെ വളരെയധികം സ്‌നേഹിക്കുന്നുണ്ടെന്ന് പറഞ്ഞ ലോറ സോഷ്യല്‍ മീഡിയ വഴി ബീജദാതാവിനെ കണ്ടെത്തുന്നതിനെതിരേ മുന്നറിയിപ്പ് നല്‍കി. കലും ഇപ്പോള്‍ സംസാരിക്കുന്നില്ലെന്നും അപകടങ്ങള്‍ മനസ്സിലാക്കുന്നില്ലെന്നും ഉയരങ്ങളിലേക്ക് കയറിപ്പോകുന്ന പ്രവണത കാണിക്കുന്നുണ്ടെന്നും ലോറ പറഞ്ഞു. കുഞ്ഞിന് ഓട്ടിസമുണ്ടോയെന്ന് തിരിച്ചറിയുന്നതിനുള്ള പരിശോധന നടത്തി വരികയാണെന്നും സ്പീച്ച് തെറാപ്പി നടത്തുന്നുണ്ടെന്നും അവര്‍ പറഞ്ഞു. കുഞ്ഞിന്റെ പ്രശ്‌നങ്ങള്‍ ബീജദാതാവിന്റെ ജനിതക ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കാമെന്നു സംശയിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
ലോറയ്ക്ക് ബീജം നല്‍കിയ അതേ ദാതാവില്‍ നിന്ന് ബീജം സ്വീകരിച്ച് മറ്റ് സ്ത്രീകളും സമാനമായ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ''എന്റെ മകന്‍ കൂടെയില്ലാത്ത ജീവിതം എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. എന്നാല്‍, ഫെയ്‌സ്ബുക്ക് വഴി ഒരു ബീജദാതാവിനെ കണ്ടെത്താന്‍ ഞാന്‍ ഒരിക്കലും ശുപാര്‍ശ ചെയ്യില്ല. നിങ്ങള്‍ക്ക് ആ വ്യക്തിയെ ഒരിക്കലും ശരിക്കും മനസ്സിലാക്കാന്‍ കഴിയില്ല. അവരുടെ ക്രിമിനല്‍ റെക്കോഡും മാനസികാരോഗ്യ പ്രശ്‌നങ്ങളും അല്ലെങ്കില്‍ തിരിച്ചറിയാത്ത മെഡിക്കല്‍ ചരിത്രമൊന്നും അറിയാന്‍ വഴിയുണ്ടാകില്ല,'' ലോറ പറഞ്ഞു.
കുഞ്ഞിന്റെ ജനനശേഷം താന്‍ ആ വിവരം ദാതാവിനെ അറിയിച്ചിരുന്നതായും വിവരങ്ങള്‍ പങ്കുവെച്ചിരുന്നതായും ലോറ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി അയാളുമായി ബന്ധമൊന്നുമില്ലെന്നും ലോറ കൂട്ടിച്ചേര്‍ത്തു.