ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് 100 വയസുള്ള പിയാഷു വർഷ സ്വാധി മഹാരാജ് എന്ന ജൈന സന്യാസി മരണപ്പെട്ടത്. ഇവരുടെ താമസസ്ഥലമായ വെസു മേഖലയിൽ തന്നെയുള്ളതാണ് സങ്കര ഇനത്തിൽ പെട്ട ഈ നായയും. ഏതാനും വർഷങ്ങളായി സന്യാസി ഇവിടെ താമസിക്കുകയായിരുന്നു. പലപ്പോഴും ജൈന സന്യാസി ഈ നായക്ക് ഭക്ഷണവും മറ്റും നൽകുകയും ചെയ്യാറുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം സന്യാസി മരണപ്പെട്ടു. പ്രദേശവാസികളെല്ലാം ചേർന്നാണ് സംസ്ക്കാര ചടങ്ങുകൾ നടത്താൻ മുന്നിട്ടിറങ്ങിയത്. ഇതിനായി മൃതദേഹം പല്ലക്കിലേറ്റി അഞ്ച് കിലോമീറ്റർ അകലെയുള്ള ഉമര ശ്മാശാനത്തിൽ എത്തിക്കേണ്ടതുണ്ടായിരുന്നു. മൃതദേഹം പല്ലക്കിൽ ചുമന്ന് കൊണ്ടു പോകുന്ന യാത്രക്കിടെ നായയും പ്രദേശവാസികളുടെ ഒപ്പം ചേർന്നു. തുടക്കം മുതൽ അന്ത്യയാത്രയുടെ മുന്നിൽ പല്ലക്കിന് താഴെയായി തന്നെ നായയും ഉണ്ടായിരുന്നു. കുറച്ച് ദൂരം പോയതിന് ശേഷം നായ വിട്ടുപോകും എന്നാണ് നാട്ടുകാർ ആദ്യം ധരിച്ചിരുന്നത് എന്നാൽ ഇതുണ്ടായില്ല. ചിലർ അന്ത്യായത്രയിൽ നിന്നും നായയെ അകറ്റാൻ ശ്രമിച്ചു. എന്നാൽ വീണ്ടും അന്ത്യയാത്രയുടെ ഒപ്പം നായ ചേർന്നു. പ്രദേശവാസികളിൽ ഇത് ഏറെ കൗതുകം ജനിപ്പിക്കുകയും ചെയ്തു.
advertisement
സന്യാസിയുടെ വീട്ടിൽ നിന്നും ശ്മശാനത്തിലേക്കുള്ള അഞ്ച് കിലോമീറ്റർ ദൂരവും അന്ത്യയാത്രയെ നായ അനുഗമിച്ചു. സന്യാസിയുടെ മൃതദേഹം ചിതയിൽ എരിഞ്ഞമർന്നപ്പോഴും നായ അടുത്തു തന്നെ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. സംസ്ക്കാര ചടങ്ങുകൾക്ക് എല്ലാം സാക്ഷിയായ നായയെ പിന്നീട് നാട്ടുകാർ തിരിച്ച് വന്നപ്പോൾ കാറിൽ ഒപ്പം കൊണ്ടു വരികയും വെസു മേഖലയിൽ ഇറക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം ഇടുക്കി പെട്ടിമുടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ പെട്ട് മരിച്ച ഒന്നര വയസുകാരിയുടെ മൃതദേഹം കണ്ടെത്താൻ സഹായിച്ച കുവി എന്ന വളർത്തു നായ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. അപകടം നടന്ന സ്ഥലത്തിന് കിലോ മീറ്ററുകൾ അപ്പുറം തൂക്കുപാലത്തിനടിയിൽ മരച്ചില്ലകളിൽ തടഞ്ഞ നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ മണം പിടിച്ചെത്തിയ വളർത്തു നായ രാവിലെ മുതൽ തന്നെ ഈ പ്രദേശത്ത് ഉണ്ടായിരുന്നു. പുഴയിൽ നോക്കി നിൽക്കുന്ന നായയെ കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥർ അവിടെ തിരച്ചിൽ നടത്തുകയായിരുന്നു.
കുടുംബാംഗങ്ങളുടെ കൂട്ടമരണത്തിന് ശേഷം ആഹാരം കഴിക്കാതെ ഒറ്റപ്പെട്ട് വീടിന് പുറകില്‍ ചടഞ്ഞുകൂടി അവശനായിക്കിടന്നിരുന്ന നായയെ ഇടുക്കി ജില്ലാ ഡോഗ് സ്ക്വാഡിലെ പരിശീലകനും സിവില്‍ പോലീസ് ഓഫീസറുമായ അജിത് മാധവന്‍ ഏറ്റെടുത്ത് പരിപാലിച്ചു. അടുത്തിടെയാണ് കുടുംബാംഗമായ പളനിയമ്മക്ക് നായയെ കൈമാറിയത്.
Keywords: Dog, Gujarat, Funeral, Loyalty, നായ, ജൈന സന്യാസി, ഗുജറാത്ത്. സംസ്ക്കാര ചടങ്ങ്, സൂറത്ത്