'എത്തിയോ? വാ... ഒരു ചായ കുടിച്ചിട്ടു പോകാം' എന്നാണ് ഫെഡറൽ ബാങ്കിൻറെ പരസ്യ ബോർഡിലെ വാചകം. പരസ്യ ബോർഡിൽ പലഹാരങ്ങൾ നിറച്ച ചായക്കടയിലെ അലമാരയും ഉണ്ട്. ഈ പരസ്യമാണിപ്പോൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
പരസ്യം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെടുത്തിയാണ് പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ എത്തിയിരിക്കുന്നത്.
advertisement
ഭാരത് ജോഡോ യാത്രയെ പേരെടുത്തു പറയാതെയാണ് ഫെഡറൽ ബാങ്കിന്റെ പരസ്യം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ടിരിക്കുന്നത്. ഫെഡറൽ ബാങ്കുവരെ ട്രോളി തുടങ്ങിയെന്നാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിനൊപ്പം പങ്കുവെക്കുന്ന കുറിപ്പുകൾ.
'ഫെഡറൽ ബാങ്ക് പൊളിയാണ്. ഫോട്ടോ.. ക്യപ്ഷൻ എന്നിവയ്ക്ക് പലഹാര യാത്രയുമായി ഒരു ബന്ധവുമില്ല' എന്നായിരുന്നു പരസ്യം പങ്കുവെച്ചുകൊണ്ടു ഒരാൾ ഫേസ്ബുക്കിൽ കുറിച്ചത്. 'ജൂഡൊ യാത്രയുടെ ജനപ്രീതി ദിനംതോറും വർദ്ധിക്കുകയാണ്. ജൂഡൊ യാത്രക്ക് അഭിവാദ്യമർപ്പിച്ച് ഫെഡറൽ ബാങ്ക് സ്ഥാപിച്ച കൂറ്റൻ ബിൽ ബോർഡ്.കമ്മികൾ ഇതൊക്കെ കണ്ട് കുരുപൊട്ടി ചാവും' എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്.
നേരത്തെ ഇപി ജയരാജന് ഇൻഡിഗോ വിലക്കേർപ്പെടുത്തിയ സമയത്ത് വിമാന കമ്പനിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. ഒരു റെയിൽവേ ട്രാക്കിന് മുകളിലൂടെ വിമാനം പറക്കുന്ന ചിത്രമാണ് കമ്പനി ഔദ്യോഗിക പേജിൽ പങ്കുവെച്ചിരിക്കുന്നത്. ജയരാജനെ ട്രോളുന്നതാണ് ഇൻഡിഗോയുടെ പുതിയ പോസ്റ്റ് എന്നായിരുന്നു കമന്റുകൾ.