വൈറലായ ഓഡിയോയിൽ ബാങ്ക് ജീവനക്കാരി ഉപയോഗിച്ച അധിക്ഷേപിക്കുന്ന വാക്കുകള്‍ കേട്ട് ആയിരക്കണക്കിന് ആളുകളാണ് പ്രതികരിച്ചത്. ബാങ്ക് ജീവനക്കാരിക്കെതിരേ നടപടിയെടുക്കണമെന്ന് പ്രതികരിച്ച പലരും ആവശ്യപ്പെട്ടു.
മാധ്യമപ്രവര്‍ത്തകനായ നവല്‍കാന്ത് ആണ് സാമൂഹികമാധ്യമമായ എക്‌സില്‍ ഇത് സംബന്ധിച്ച ഒരു പോസ്റ്റ് ഇട്ടത്. ഓഡിയോയിലെ സ്ത്രീയുടെ പേര് അനുരാധ വര്‍മയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഒരു പ്രശസ്ത ബാങ്കിലെ ജീവനക്കാരിയാണ്.
വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ടാണ് അനുരാധ വിളിക്കുന്നതെന്ന് ഓഡിയോയില്‍ നിന്ന് മനസ്സിലാകും. വായ്പയ്ക്ക് ഈടാക്കുന്ന ഉയര്‍ന്ന പലിശയെ സൈനികൻ ചോദ്യം ചെയ്തപ്പോള്‍ സ്ത്രീ ദേഷ്യപ്പെടുകയായിരുന്നു.
advertisement
''നിങ്ങള്‍ വിദ്യാഭ്യാസമില്ലാത്തയാളാണ്. അതുകൊണ്ടാണ് അതിര്‍ത്തിയിലേക്ക് അയച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് വിദ്യാഭ്യാസമുണ്ടായിരുന്നുവെങ്കില്‍ ഒരു പ്രശസ്ത സ്ഥാപനത്തില്‍ ഇപ്പോള്‍ ജോലി ചെയ്യുമായിരുന്നു. നിങ്ങള്‍ മറ്റൊരാളുടെ വിഹിതം കഴിക്കരുത്. അത് ദഹിക്കില്ല. അതുകൊണ്ടാണ് നിങ്ങളുടെ കുട്ടികള്‍ വികലാംഗരായി ജനിക്കുന്നത്,'' അനുരാധ പറഞ്ഞു.
സൈനികരുള്ള കുടുംബത്തിലാണ് താനും ജനിച്ചതെന്ന് അവര്‍ പറഞ്ഞു. ''ഞാനും സൈനികരുള്ള കുടുംബത്തിലാണ് ജനിച്ചത്. നിങ്ങള്‍ ഒരു നല്ല കുടുംബത്തിലാണ് ജനിച്ചിരുന്നതെങ്കില്‍ 16 ലക്ഷം രൂപ വായ്പ എടുക്കുമായിരുന്നില്ല. വായ്പ എടുത്തു ജീവിച്ചിട്ട് ഇപ്പോള്‍ സംസാരിക്കാന്‍ വരുന്നു,'' ബാങ്ക് ജീവനക്കാരി പറഞ്ഞു.
തുടര്‍ന്ന് ബാങ്കിന്റെ ശാഖയിലേക്ക് നേരിട്ട് വരാന്‍ അവര്‍ സൈനികനെ വെല്ലുവിളിച്ചു. ''നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്തുകൊള്ളൂ. എന്നെ നശിപ്പിക്കാന്‍ ശ്രമിക്കൂ. വായ്പ എടുത്തിട്ട് നിങ്ങള്‍ ഒരു പിച്ചക്കാരനെ പോലെയാണ് ജീവിക്കുന്നത്. ഞാന്‍ നിങ്ങളുടെ പിതാവിന്റെ വേലക്കാരിയാണോ? ഞാന്‍ ഒരു ഭ്രാന്തിയാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?,'' അവര്‍ ചോദിച്ചു.
ഈ ഓഡിയോ വളരെ വേഗമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെട്ടത്.
മാധ്യമപ്രവര്‍ത്തകയും ചലച്ചിത്ര സംവിധായികയുമായ ദീപിക നാരായണ്‍ ഭരദ്വാജും പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ബാങ്ക് ജീവനക്കാരിയുടെ പെരുമാറ്റത്തെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. ''നിങ്ങളുടെ ജീവനക്കാരിയുടെ പെരുമാറ്റം ഭയപ്പെടുത്തുന്നു. വായ്പ എടുക്കുന്നവര്‍ യാചകരാണെന്നാണ് അവര്‍ പറയുന്നത്. വായ്പ എടുക്കുന്ന സൈനികരുടെ കുട്ടികള്‍ വികലാംഗരായി ജനിക്കുകയും പിന്നീട് രക്തസാക്ഷികളാകുകയും ചെയ്യുന്നുവെന്ന് അവര്‍ പറയുന്നു. ദയവായി അവരെ പുറത്താക്കൂ,'' ബാങ്കിനെ ടാഗ് ചെയ്ത് അവര്‍ പറഞ്ഞു.