ഈ വിഷയത്തില്‍ സാമ്പത്തിക വിദഗ്ധനും സ്റ്റാര്‍ട്ടപ്പ് സ്ഥാപകനുമായ അക്ഷത് ശ്രീവാസ്തവ പങ്കുവെച്ച കാഴ്ചപ്പാടുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മഹാരാഷ്ട്രയില്‍ മറാത്തി സംസാരിക്കാനുള്ള വര്‍ധിച്ചുവരുന്ന സമ്മര്‍ദങ്ങളെ പരാമര്‍ശിച്ചുകൊണ്ടാണ് സാമൂഹികമാധ്യമമായ എക്‌സില്‍ അദ്ദേഹം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ദുബായ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് മാറുന്നത് പരിഗണിക്കാന്‍ ശ്രീവാസ്തവ ആളുകളെ ഉപദേശിച്ചു. അവരെ അത്തരമൊരു നിര്‍ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
''ജനങ്ങളേ, ദുബായിലേക്കോ സിംഗപ്പൂരിലേക്കോ നിങ്ങള്‍ മാറുക. നിങ്ങള്‍ പ്രാദേശിക ഭാഷ പഠിക്കണമെന്ന് ഇവിടങ്ങളില്‍ ആരും നിര്‍ബന്ധിക്കില്ല. നിങ്ങള്‍ക്ക് അത് അറിയാമെങ്കില്‍ അത് ഒരു പ്ലസ് പോയിന്റ് മാത്രമാണ്. പക്ഷേ, നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ ഗുണ്ടകള്‍ നിങ്ങളെ മര്‍ദിക്കില്ല. നിയമം പാലിക്കുക. നല്ലൊരു താമസക്കാരനാകുക. അവരുടെ സമ്പദ് വ്യവസ്ഥയിലേക്ക് ചേരുക. പകരം നല്ല സൗകര്യങ്ങള്‍ നേടിയെടുക്കുക. നിങ്ങളുടെ കുട്ടികള്‍ക്ക് മികച്ച ഭാവി കെട്ടിപ്പടുക്കുക. നല്ല തൊഴിലവസരങ്ങള്‍ കാത്തിരിക്കുക. ജീവിക്കുകയും ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുക,'' അദ്ദേഹം പറഞ്ഞു.
advertisement
അദ്ദേഹത്തിന്റെ പോസ്റ്റിന് ഇതിനോടകം തന്നെ ഏഴ് ലക്ഷത്തിലധികം കാഴ്ചക്കാരെ ലഭിച്ചു. നിരവധിപേരാണ് ട്വീറ്റിന് പ്രതികരണം അറിയിച്ചത്. ''ദുബായില്‍ എപ്പോഴും എങ്ങനെയല്ല. അറബി അറിയാവുന്നവര്‍ക്ക് അവര്‍ മുന്‍ഗണന നല്‍കുന്നുവെന്ന് മാത്രം,'' ഒരാള്‍ മറുപടി നല്‍കി
പ്രാദേശിക ഭാഷകളെ നിര്‍ബന്ധിക്കുന്നതിനു പിന്നിലെ മാനസികാവസ്ഥയെ മറ്റൊരാള്‍ ചോദ്യം ചെയ്തു. കന്നഡയോ തമിഴോ മറാത്തിയോ ആയാലും ചുറ്റുമുള്ള എല്ലാവരും തങ്ങളുടെ ഭാഷ മാത്രം സംസാരിക്കണമെന്ന് ആഗ്രഹിക്കുന്നത് സാമാന്യബുദ്ധിക്ക് നിരക്കാത്തതാണെന്ന് മറ്റൊരാള്‍ പറഞ്ഞു.
''സമ്മര്‍ദത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മാത്രമല്ല, വളര്‍ച്ചയാണ് ലക്ഷ്യമെങ്കില്‍ മാത്രമെ ആളുകള്‍ വിദേശത്തേക്ക് പോകാവൂ'' എന്ന് മറ്റൊരു ഉപയോക്താവ് കൂട്ടിച്ചേര്‍ത്തു.
ദുബായില്‍ പത്ത് വര്‍ഷത്തോളം കാലം ജീവിച്ചതിന്റെ അനുഭവം മറ്റൊരാളും പങ്കുവെച്ചു. ''ദുബായില്‍ പത്ത് വര്‍ഷത്തോളം താമസിച്ചിരുന്നു. അക്കാലയളവില്‍ ആരും അറബിയോ മറ്റേതെങ്കിലും ഭാഷയോ സംസാരിക്കാന്‍ നിര്‍ബന്ധിച്ചിട്ടില്ല. പ്രാദേശിക ഭാഷ പഠിക്കുന്നതിലൂടെ എനിക്ക് പ്രയോജനം ലഭിക്കുമെങ്കിലും അത് ഒരിക്കലും നിര്‍ബന്ധമാക്കിയിട്ടില്ല. പ്രാദേശികഭാഷ പഠിക്കാതെ എനിക്ക് അതിജീവിക്കാന്‍ കഴിയില്ലെന്ന് എനിക്ക് തോന്നിയിട്ടുമില്ല,'' അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയില്‍ മറാത്തിയെ ചൊല്ലി സംഘര്‍ഷങ്ങള്‍ രൂക്ഷമായ സമയത്താണ് ശ്രീവാസ്തവയുടെ അഭിപ്രായങ്ങള്‍. മറാത്തി സംസാരിക്കാത്തതിന്റെ പേരില്‍ മഹാരാഷ്ട്ര നവനിര്‍മാണ് സേന പ്രവര്‍ത്തകര്‍ ആളുകളെ ആക്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഭാഷാ വിഷയത്തിൽ അടുത്തിടെ മുംബൈയില്‍ ഒരു കടയുടമയെ അവർ ആക്രമിച്ചാ കേസുണ്ട്. പാര്‍ട്ടി നേതാവ് രാജ് താക്കറെയെ വിമര്‍ശിക്കുകയും മറാത്തി പഠിക്കില്ലെന്ന് പറയുകയും ചെയ്ത ബിസിനസുകാരന്റെ വോര്‍ളിയിലെ ഒരു ഓഫീസ് എംഎന്‍എസ് അനുയായികള്‍ തകര്‍ത്തിരുന്നു. പൊതുജനങ്ങളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിട്ടും, ആക്രമണത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ എംഎന്‍എസ് നടപടിയെടുക്കുകയോ ക്ഷമാപണം നടത്തുകയോ ചെയ്തിട്ടില്ല.