ഹെൽമെറ്റ് ധരിക്കാത്തതിന് ഒരു സ്കൂട്ടർ യാത്രികന് ട്രാഫിക്ക് പൊലീസ് പിഴചുമത്തിയത് 21 ലക്ഷം രൂപ. ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിൽ അൻമോൾ സിംഗാൾ എന്നയാൾക്കാണ് ഇത്രയും ഭീമമായ തുക പഴചുമത്തിയത്. 20,74,000 രൂപ പിഴ ചുമത്തിയതായി കാണിക്കുന്ന ചലാനിന്റെ ഒരു ഫോട്ടോ ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. പിന്നീട് പോലീസുകാർ ചലാൻ തുക വെറും 4,000 രൂപയായി തിരുത്തുകയും ചെയ്തു.
advertisement
കഴിഞ്ഞ ചൊവ്വാഴ്ച, ന്യൂ മണ്ടി പ്രദേശത്ത് നടത്തിയ പരിശോധനയ്ക്കിടെയായിരുന്നു സംഭവം. അൻമോൾ സിംഗാളിനെ പൊലീസ് തടയുമ്പോൾ അദ്ദേഹം ഹെൽമെറ്റ് ധരിച്ചിരുന്നില്ല. മാത്രമല്ല ആവശ്യമായ രേഖകളും അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
പോലീസ് ഇയാളുടെ സ്കൂട്ടർ പിടിച്ചെടുത്ത് 20.74 ലക്ഷം രൂപ പിഴ ചുമത്തി. തുടർന്ന് യാത്രികൻ ചലാന്റെ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കിട്ടു. സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ വന്നതോടെ അധികൃതർ പിഴ പെട്ടെന്ന് 4,000 രൂപയായി കുറയ്ക്കുകയായിരുന്നു.
ചലാൻ പുറപ്പെടുവിച്ച സബ് ഇൻസ്പെക്ടറുടെ പിഴവ് മൂലമാണ് ഇത്തരത്തിൽ സംഭവിച്ചതെന്ന് മുസാഫർനഗർ പോലീസ് സൂപ്രണ്ട് (ട്രാഫിക്) അതുൽ ചൗബെ പറഞ്ഞു.മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 207 ഉപയോഗിച്ചാണ് പിഴ ചുമത്തിയത്. ഈ വകുപ്പിന് കീഴിലുള്ള ഏറ്റവും കുറഞ്ഞ പിഴ തുക 4,000 രൂപയാണ്. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ 207 ന് ശേഷം 'എംവി ആക്ട്' എന്ന് ചേർക്കാൻ മറന്നതിനാൽ '207' എന്നവകുപ്പും പിഴത്തുകയായ 4000ഉം കൂടി ചേർന്ന് '20,74,000' എന്ന ഒറ്റ സംഖ്യയായതാണെന്നും അദ്ദേഹം വ്യക്തമാക്കി.
